''എന്റേത് ഒരിക്കലും ഒരു ഈസി വാക്കോവറായിരുന്നില്ല. ജയവും തോല്‍വിയും പലതുകണ്ടു. ചില തോല്‍വി ജയത്തേക്കാള്‍ മധുരിച്ചു നിന്നു''-. തിരഞ്ഞെടുപ്പ് കാലത്ത് തൃശ്ശൂരിലെത്തി കെ.മുരളീധരനെ കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ ആദ്യത്തെ പ്രതികരണം ഇങ്ങനെയായിരുന്നു. അത്ര ആത്മവിശ്വാസത്തിലായിരുന്നു കെ.മുരളീധരന്‍. പക്ഷെ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ തകര്‍ന്നടിഞ്ഞ മുരളിയെ ആണ് കാണാന്‍ കഴിഞ്ഞത്. 2019 ല്‍  93633 വോട്ടിന്റെ ഭൂരിപക്ഷമാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.എന്‍ പ്രതാപന് കിട്ടിയിരുന്നതെങ്കില്‍ അതിന്റെ ഏഴയലത്തെത്താന്‍ പോലും ഇത്തവണ മുരളിക്ക് കഴിഞ്ഞില്ല. ദൗത്യം അപ്പാടെ പാളി തോറ്റ നായകനായി മടക്കം. 

To advertise here,

തങ്ങളുടെ പ്രിയപ്പെട്ട കുടമാറ്റംപോലെ എം.പിമാരേയും മാറ്റി മാറ്റി പരീക്ഷിച്ചിരുന്ന  തൃശ്ശൂരുകാരുടെ വോട്ടുമനസ്സിനെ ഇത്തവണ തിരുത്തിയെഴുതാമെന്ന് കണക്കുകൂട്ടിയിരുന്നു മുരളി. പക്ഷെ സുരേഷ് ഗോപിയുടെ വെടിക്കെട്ടില്‍ തൃശ്ശൂരില്‍ ഇത്തവണ ഇടതു വലതു കുടകള്‍ക്ക് മാറി നില്‍ക്കേണ്ടി വന്നു. ഓരോ തൃശ്ശൂര്‍ പൂരത്തിനും അത്ഭുതങ്ങളൊളിപ്പിച്ച പുതിയ കുട ഉയരുന്നത് പോലെ താമരക്കുട പിടിച്ച് സുരേഷ് ഗോപി ചരിത്രമെഴുതിച്ചേത്തു.  

ടി.എന്‍ പ്രതാപനെ മാറ്റി തൃശ്ശൂരില്‍ അപ്രതീക്ഷിതമായി മുരളീധരന്‍ സ്ഥാനാര്‍ഥിയായി എത്തിയപ്പോള്‍ തന്നെ പാര്‍ട്ടിക്കുള്ളില്‍ അസ്വാരസ്യം തുടങ്ങിയിരുന്നു. പ്രാതാപന് വേണ്ടി എഴുതിയ ചുമരെഴുത്തുപോലും മാറ്റിയെഴുതേണ്ടി വന്നു. ഇത് പാര്‍ട്ടിക്കുള്ളില്‍ പടലപ്പിണക്കിത്തിനും കാരണമായി.മുരളിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളിലും ഇത് പ്രകടമായിരുന്നു. 2019 ല്‍ ടി.എന്‍ പ്രതാപന് 93633 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചിരുന്നതെങ്കില്‍ ഇത്തവണ കെ.മുരളീധരന് കിട്ടിയത് 328124 വോട്ട് മാത്രമാണ്. അങ്ങനെ മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്തു. പിതാവ് സാക്ഷാല്‍ കരുണാകാരനെ തോല്‍പിച്ച തൃശ്ശൂരുകാര്‍ ഇത്തവണ മകന്‍  മുരളിയേയും ശിക്ഷിച്ചു. 

2016-ല്‍ നേമത്ത് ബി.ജെ.പിയുടെ വിജയം തടഞ്ഞതില്‍ നിര്‍ണായക പങ്കുവഹിച്ചതും ഇടതുകോട്ടയായ വടകര 2019 ല്‍ പിടിച്ചുനിര്‍ത്തിയതിലൂടെയും കൈവന്ന വീര പരിവേഷമായിരുന്നു മുരളിയെ തൃശ്ശൂര്‍ പിടിക്കാനയക്കുന്നതിന് യു.ഡി.എഫ് മുതിര്‍ന്നത്. പക്ഷെ ആ പരീക്ഷണം  അപ്പാടെ പാളുകയായിരുന്നു.   

2016 ല്‍ ആയിരുന്നു കേരളത്തില്‍ ഒ.രാജഗോപാലിലൂടെ നേമത്ത് ബി.ജെ.പി ആദ്യമായി അക്കൗണ്ട് തുറന്നത്. 2011-ല്‍ ഒ.രാജഗോപാലിന് ലഭിച്ച 43,663 വോട്ടില്‍നിന്ന് 2016-ല്‍ എത്തുമ്പോഴേക്കും 67,813 വോട്ട് നേടി അവിടെ താമര വിരിയിക്കുകയും ചെയ്തു. എന്നാല്‍, 2021-ല്‍ മണ്ഡലം നിലനിര്‍ത്താന്‍ ബി.ജെ.പി കുമ്മനം രാജശേഖരനെ ഇറക്കിയിരുന്നെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കെ.മുരളീധരന്‍ എത്തിയതോടെ കഥമാറുകയായിരുന്നു.

2016-ല്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന വി.സുരേന്ദ്രന്‍ പിള്ളയ്ക്ക് 13,860 വോട്ട് മാത്രമായിരുന്നു നേമത്ത് ലഭിച്ചിരുന്നതെങ്കില്‍ 2021-ല്‍ മുരളീധരന്‍ എത്തിയതോടെ 36,524 ആയി യു.ഡി.എഫ് വോട്ട് വിഹിതം വര്‍ധിച്ചു. വി.എസ് ശിവന്‍കുട്ടി മണ്ഡലത്തില്‍ വിജയിക്കുകയും മുരളീധരന്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്‌തെങ്കിലും മുരളീധരന്‍ പിടിച്ച 22,664 അധികവോട്ടുകള്‍ കുമ്മനത്തിന്റെ പരാജയമുറപ്പാക്കുന്നതില്‍ നിര്‍ണായകമായി. അങ്ങനെ അവിടേയും കെ.മുരളീധരന് വീരപരിവേഷം ലഭിച്ചു. ഇവിടെനിന്നാണ് അതേവര്‍ഷം വടകരയില്‍ വെല്ലുവിളിയേറ്റെടുത്ത് എത്തുകയും മണ്ഡലം കാക്കുകയും ചെയ്തത്.

വടകരയില്‍ മത്സരിച്ച് ജയിക്കുകയെന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഒരുകാലത്ത് ബാലികേറാമലയായിരുന്നു. ഇടതുകോട്ട, ഒഞ്ചിയത്തിന്റെ മണ്ണ്, നിരവധി കര്‍ഷക സമരങ്ങള്‍ക്ക് സാക്ഷിയായ മലയോര ഗ്രാമങ്ങള്‍. ഇവിടെയായിരുന്നു 2009-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അട്ടിമറി വിജയം നേടുകയും 2014-ല്‍ അത് ആവര്‍ത്തിക്കുകയും ചെയ്തത്. ഇവിടേക്കായിരുന്നു 2019-ല്‍ കെ.മുരളീധരന്റെ മാസ് എന്‍ട്രി. മണ്ഡലം തിരിച്ചുപിടിക്കാന്‍ സാക്ഷാല്‍ പി.ജയരാജനെ സി.പി.എം ഇറക്കിയപ്പോള്‍ അവസാന നിമിഷമായിരുന്നു മുരളീധരന്റെ വരവ്.

പലപേരുകള്‍ വടകരയില്‍ കേട്ടെങ്കിലും അന്ന് ജയരാജനോട് മത്സരിക്കാന്‍ കോണ്‍ഗ്രസില്‍നിന്ന് ആരും തയ്യാറായിരുന്നില്ല. ഇക്കാര്യം മുരളീധരന്‍ തന്നെ തുറന്ന് പറഞ്ഞിട്ടുമുണ്ട്. ഏറ്റവും ഒടുവിലായിരുന്നു രക്ഷകപരിവേഷത്തില്‍ മുരളീധരന്റെ വരവ്. ജയരാജന്‍ എത്തിയതോടെ വടകരയുടെ തെരുവുകള്‍ അന്ന് ഇളകി മറിഞ്ഞിരുന്നു.

കൊലപാതക രാഷ്ട്രീയത്തിന്റ ഇരയെന്ന രീതിയില്‍ എതിര്‍ പ്രചാരണത്തെ ജയരാജനിലൂടെ മറികടക്കാന്‍ കഴിയുമെന്നായിരുന്നു അന്ന് സി.പി.എം കണക്ക് കൂട്ടിയിരുന്നത്. യു.ഡി.എഫ് സ്ഥാനാര്‍ഥി വൈകിയതോടെ സി.പി.എമ്മിന്റെ പ്രചാരണത്തിന് ഊര്‍ജവും കൂടി. തിരഞ്ഞെടുപ്പ് കഴിയുമ്പോഴേക്കെങ്കിലും സ്ഥാനാര്‍ഥിയെത്തുമോയെന്നതായിരുന്നു അന്നുയര്‍ന്ന പരിഹാസം. ഇവിടേക്കാണ് അപ്രതീക്ഷിതമായി കെ. മുരളീധരന്‍ എത്തിയത്. അങ്ങനെ മുരളീധരന് വിപ്ലവ നായകന്റെ പരിവേഷവും ലഭിച്ചു. പാര്‍ട്ടി നിര്‍ണായക ഘട്ടത്തില്‍ ഒരു കാര്യം ആവശ്യപ്പെടുമ്പോള്‍ അനുസരിക്കുകയെന്നതാണ് താന്‍ പഠിച്ചതെന്നും അതാണ് തന്റെ പാരമ്പര്യമെന്നുമായിരുന്നു മുരളീധരന്റെ പ്രതികരണം. എങ്കിലും, ജയരാജന് മുന്നില്‍ മുരളി അടിയറവ് പറയുമെന്നായിരുന്നു സി.പി.എം കണക്കുകൂട്ടിയത്.

2019-ല്‍ മുരളീധരന്‍ വടകരയെത്തുമ്പോള്‍ ചെറിയ വെല്ലുവിളിയായിരുന്നില്ല അദ്ദേഹത്തിന് മുന്നിലുണ്ടായിരുന്നത്. പക്ഷെ, സാക്ഷാല്‍ പി.ജയരാജന് അന്ന് തോറ്റുമടങ്ങേണ്ടി വന്നു. ഇത് സി.പി.എമ്മിനുണ്ടാക്കിയ നാണക്കേട് ചെറുതായിരുന്നില്ല. ഇത്തവണയും കെ.മുരളീധരന്‍തന്നെ വടകരയില്‍ മത്സരിക്കാനെത്തുമെന്ന് കരുതിയിരിക്കുന്നിടത്താണ് അപ്രതീക്ഷിത ട്വിസ്റ്റുണ്ടാവുകയും കെ.മുരളീധരന്‍ തൃശ്ശൂരിലേക്ക് മാറുകയും ചെയ്തത്. പക്ഷെ കഴിഞ്ഞ തവണത്തേതില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു തൃശ്ശൂരിലെ തിരഞ്ഞെടുപ്പ് കാറ്റ്.

മുരളി തൃശ്ശൂരെത്തുന്നതിന് പത്മജ വേണുഗോപാലിന്റെ ബി.ജെ.പി പ്രവേശനവും കാരണമായിട്ടുണ്ട്. കരുണാകരന്റെ മണ്ണില്‍ പത്മജ വേണുഗോപാല്‍ ബി.ജെ.പിയുടെ ഭാഗമായി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയാല്‍ അതിന് മറുപടിപറയാന്‍ കഴിയുന്ന ഏറ്റവും നല്ല ആള്‍ എന്ന നിലയിലാണ് മുരളീധരനെ കോണ്‍ഗ്രസ് തൃശ്ശൂരിലെത്തിച്ചത്.

തൃശ്ശൂരില്‍ മുരളീധരനെത്തിയാല്‍ പത്മജയുണ്ടാക്കിയ നെഗറ്റീവ് ഇമേജിനെ പ്രതിരോധിക്കാനാവുമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടിയിരുന്നു. മാത്രമല്ല, ഹിന്ദുവോട്ടുകളെ കുറെക്കൂടി സ്വാധീനിക്കാന്‍ കഴിയുന്ന നേതാവെന്ന വിലയിരുത്തലും മുരളീധരന് അനുകൂലമായിരുന്നു കാര്യങ്ങള്‍. പാര്‍ട്ടിയുടെ ഈ കണക്കു കൂട്ടലുകളെയെല്ലാമാണ് വന്‍ തോല്‍വിയിലൂടെ അട്ടിമറിക്കപ്പെട്ടത്. കരുവന്നൂര്‍ തട്ടിപ്പിലും ഭരണ വിരുദ്ധ വിരുദ്ധ വികാരത്തിലും പെട്ട  ഇടതുപക്ഷത്തിനെതിരായുള്ള വോട്ടുകള്‍ പോലും തന്റെ പേരിലാക്കാന്‍ മുരളിക്ക് കഴിഞ്ഞില്ല.

2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ സംബന്ധിച്ചിടത്തോളം സ്ഥാനാര്‍ഥി പ്രഖ്യാപനങ്ങള്‍ക്ക് മുമ്പേ തിരഞ്ഞെടുപ്പ് പൂരത്തിന് കൊടിയേറിയ ഇടമായിരുന്നു തൃശ്ശൂര്‍. അതിന് ചുക്കാന്‍പിടിച്ചത് ബി.ജെ.പിയുമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിതന്നെ രണ്ടുതവണ തൃശ്ശൂരിലെത്തി സുരേഷ് ഗോപിയുടെ സ്ഥാനാര്‍ഥിത്വം അനൗദ്യോഗികമായി പ്രഖ്യാപിച്ചതോടെ  മത്സരം കനക്കുമെന്ന കണക്കുകൂട്ടലിലുമായിരുന്നു. കാരണം, കേരളത്തില്‍ രണ്ടക്ക സീറ്റെന്ന മോദിയുടെ സ്വപ്നത്തിന് എ പ്ലസ് നല്‍കേണ്ട മണ്ഡലമായിട്ടാണ് തൃശ്ശൂരിനെ അദ്യമേ ബി.ജെ.പി നേതൃത്വം കണക്കുകൂട്ടിയിരുന്നത്. 2014-ല്‍ ബി.ജെ.പിയുടെ കെ.പി ശ്രീശന്‍ നേടിയ 1,02,681 എന്ന വോട്ടില്‍നിന്ന് 2019 ആവുമ്പോഴേക്കും 2,93,822 എന്ന വന്‍ കുതിപ്പിലേക്ക് സുരേഷ് ഗോപി നടത്തിയ പ്രകടനവും അവര്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കിയിരുന്നു. ഇക്കാരണങ്ങള്‍ കൊണ്ടെല്ലാം തൃശ്ശൂരില്‍ ബി.ജെ.പിക്ക് അനുകൂലമായ ഒരു സാഹചര്യം നിലവിലുണ്ടെന്നായിരുന്നു കോണ്‍ഗ്രസ് വിലയിരുത്തല്‍. മാത്രമല്ല വി.എസ് സുനില്‍കുമാര്‍ കൂടി എത്തിയതോടെ മത്സരം തീപാറുമെന്നുമുറപ്പായിരുന്നു. ഇവിടെ മുരളീധരനെ ഇറക്കിയാല്‍ ബി.ജെ.പി വോട്ടുകളെ പ്രതിരോധിക്കാനാവുമെന്ന കണക്കുകൂട്ടലായിരുന്നു കോണ്‍ഗ്രസിനുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ മുരളിയുടെ തൃശ്ശൂരിലേക്കുള്ള വരവ് ബി.ജെ.പിക്ക് എതിരേയുള്ള കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ രാഷ്ട്രീയ തന്ത്രവുമായി കണക്കാക്കിയിരുന്നു. ഈ തന്ത്രമാണ് മുരളിയിലൂടെ കോണ്‍ഗ്രസ് വിജയിച്ചത്.