കോഴിക്കോട്: അദാനിയല്ല, അദ്വാനിയാണ് ബി.ജെ.പി.യെ അധികാരത്തിലെത്തിച്ചതെന്നത് എല്ലാവര്‍ക്കും ഓര്‍മ്മവേണമെന്ന് ബി.ജെ.പി. ദേശീയസമിതി അംഗം സി.കെ. പത്മനാഭന്‍ പറഞ്ഞു. മുന്‍കാല തിരഞ്ഞെടുപ്പ് അനുഭവങ്ങള്‍ 'മാതൃഭൂമി'യുമായി പങ്കുവെക്കുന്നതിനിടെയാണ് ബി.ജെ.പി. മുന്‍ സംസ്ഥാന പ്രസിഡന്റുകൂടിയായ സി.കെ.പി. ഇങ്ങനെ പറഞ്ഞത്.

To advertise here,

പഴയതലമുറയുടെ ത്യാഗമാണ് പാര്‍ട്ടിയെ അധികാരത്തിലെത്തിച്ചതെന്ന് ഇന്ന് പലരും മറക്കുന്നു. അദ്വാനിയെന്നാല്‍ ലാല്‍കൃഷ്ണ അദ്വാനിയാണെന്ന് അവരോട് എടുത്തുപറയേണ്ടിയിരിക്കുന്നു. തനിക്ക് പഴയകാല നേതാക്കളോടൊപ്പം പ്രവര്‍ത്തിക്കാനായി എന്നതുതന്നെ വലിയ അനുഭവമാണ്. അതിന്റെ ഓര്‍മ്മകള്‍പോലും ഇന്നും നല്‍കുന്ന ഊര്‍ജം ചെറുതല്ല. ഇപ്പോള്‍ വഹിക്കുന്ന ദേശീയസമിതി അംഗം എന്ന സ്ഥാനത്തേക്കാള്‍ 1997 മുതല്‍ ആറുവര്‍ഷം ബി.ജെ.പി. സംസ്ഥാന പ്രസിഡന്റായിരുന്നയാള്‍ എന്നറിയപ്പെടാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും സി.കെ. പത്മനാഭന്‍ പറഞ്ഞു.