തിരുവനന്തപുരം: ഭരണത്തുടര്‍ച്ചയുണ്ടാകുമ്പോള്‍ സംഭവിക്കാന്‍ പോകുന്ന അപകടവും സ്വീകരിക്കേണ്ട കരുതലും സി.പി.എം. സംസ്ഥാനകമ്മിറ്റി നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. അത് പാലിക്കപ്പെട്ടോയെന്ന സ്വയം വിമര്‍ശനത്തിലേക്കാണ് ഇപ്പോള്‍ പാര്‍ട്ടി എത്തുന്നത്. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന്റെ ആവര്‍ത്തനം, രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തും സംഭവിക്കുമ്പോള്‍ തിരുത്തല്‍ നടപടികളുടെ ഗൗരവം കൂടുന്നുണ്ട്.

To advertise here,

ബംഗാള്‍ ഒരുപാഠമാണെന്ന മുന്നറിയിപ്പോടെയാണ് കേരളത്തില്‍ തുടര്‍ഭരണം നേടുമ്പോള്‍ പാര്‍ട്ടിയും സര്‍ക്കാരും സ്വീകരിക്കേണ്ട സമീപനത്തെക്കുറിച്ച് സംസ്ഥാനകമ്മിറ്റി പ്രത്യേക രേഖ തയ്യാറാക്കിയത്. അതില്‍ പറയുന്നത് ഇങ്ങനെയാണ്: 'പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ പലതവണ അധികാരത്തില്‍വന്ന സംസ്ഥാനമാണിത്.

ഓരോ കാലത്തെയും സവിശേഷതകള്‍ക്കനുസരിച്ച് നാം ഇടപെട്ടിട്ടുണ്ട്. പുതിയ കാലഘട്ടത്തില്‍ ഒരുപാട് വെല്ലുവിളികളുണ്ട്. അത് മനസ്സിലാക്കിക്കൊണ്ട് പാര്‍ട്ടിയിലും സര്‍ക്കാരിലും ജനങ്ങളുടെ വിശ്വാസം ഉറപ്പാക്കാനുള്ള പ്രവര്‍ത്തനത്തിലാണ് മുഴുകേണ്ടത്. അനുഭവങ്ങള്‍ ഉള്‍ക്കൊണ്ട്, നിരന്തരം നവീകരണത്തിലൂടെ മുന്നോട്ടുപോകാനാകണം. അതിനുതകുന്ന വിമര്‍ശനവും സ്വയംവിമര്‍ശനവും നടത്തണം. അധികാരത്തിന്റെ ബലത്തില്‍ പരുഷമായി പെരുമാറുന്ന നിലയും പ്രതികാരനടപടികള്‍ സ്വീകരിക്കുന്ന രീതിയും ഒരുതരത്തിലും ഉണ്ടാവരുത്. ന്യായമായ അവകാശങ്ങള്‍ രാഷ്ട്രീയവിദ്വേഷത്തിന്റെ പേരില്‍ നിഷേധിക്കുന്ന രീതി സര്‍ക്കാര്‍ സ്വീകരിക്കാന്‍ പാടില്ല.

തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണം സര്‍ക്കാരിന്റെ സമീപനമാണെന്ന കുറ്റപ്പെടുത്തല്‍ ഉയരുമ്പോള്‍ മുന്നറിയിപ്പ് വീണ്ടും പാര്‍ട്ടിക്ക് പരിശോധിക്കേണ്ടിവരും.


ജനംവിധിച്ചു

തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണം കണ്ടെത്തി തിരുത്തലിനൊരുങ്ങാന്‍ സി.പി.എം. ഭരണവിരുദ്ധവികാരമാണ് പരാജയത്തിന്റെ പ്രഥമകാരണമെന്ന വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. സി.പി.എം. നേതാക്കള്‍ ഇത് പ്രത്യക്ഷമായി സമ്മതിക്കുന്നില്ലെങ്കിലും, ഘടകകക്ഷിനേതാക്കള്‍ ഇക്കാര്യം പ്രകടിപ്പിച്ചുതുടങ്ങി.

എല്ലാവരും വിരല്‍ചൂണ്ടുന്നത് സര്‍ക്കാരിനുനേരേയാണെന്ന തിരിച്ചറിവ് മുഖ്യമന്ത്രിയുടെ പ്രതികരണത്തിലും വ്യക്തമാണ്. തിരഞ്ഞെടുപ്പ് ഫലം വെള്ളിയാഴ്ചചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തും. ഓരോ ജില്ലയിലെയും വോട്ടുരീതിയുടെ പ്രത്യേകതകളും, ചോര്‍ന്നതിന്റെ കാരണവും വിലയിരുത്തി ജില്ലാകമ്മിറ്റികളില്‍നിന്ന് റിപ്പോര്‍ട്ട് വരും. 16 മുതല്‍ വിശദമായ പരിശോധനയ്ക്ക് സംസ്ഥാന സെക്രട്ടേറിയറ്റ്-സമിതി യോഗങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്.

ഇതെല്ലാം സി.പി.എം. എങ്ങനെ വിലയിരുത്തുന്നു എന്നതിന് അനുസരിച്ചാകും തിരുത്തല്‍നടപടിയുടെ ശക്തി. പാര്‍ട്ടിയിലും മുന്നണിയിലും സംഘടനാവീഴ്ചകളൊന്നും തിരഞ്ഞെടുപ്പ് ഘട്ടത്തിലുണ്ടായിട്ടില്ല.

സര്‍ക്കാരിന്റെ മുഖംമാറ്റാതെ ജനമനസ്സ് മാറ്റാനാകില്ലെന്ന വിലയിരുത്തലിലേക്ക് സി.പി.എം. എത്തിയാല്‍, സര്‍ക്കാരിന്റെ തിരുത്തലെന്നത് മുഖ്യമന്ത്രിയുടെ തിരുത്തല്‍ തന്നെയാകും. അത്രയും ശക്തമായ സംഘടനാനിലപാട് സ്വീകരിക്കാന്‍ സി.പി.എം. തയ്യാറാകുമോയെന്നതും ചോദ്യമാണ്.


എന്തൊക്കെ തിരുത്തും

  • വിമര്‍ശനങ്ങളെ അവഗണിച്ചും പരാതികളോട് മുഖംതിരിച്ചും സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനം
  • സമരങ്ങളും പ്രതിഷേധവും ഉയരുമ്പോള്‍ ചര്‍ച്ചയ്ക്കുപോലും മുഖം കൊടുക്കാതെയുള്ള സമീപനമാണ് തിരുത്തലിന്റെ രണ്ടാമത്തെ കാര്യം. പരാതിക്കാരെ നേരിടുന്നതിലാണ് സര്‍ക്കാര്‍ ശ്രദ്ധയൂന്നുന്നതെന്നാണ് വിമര്‍ശനം. പി.എസ്.സി. റാങ്ക് പട്ടികയിലുള്‍പ്പെട്ടവരുടെ സമരത്തോട് സര്‍ക്കാര്‍ സ്വീകരിച്ച സമീപനവും ചോദ്യം ചെയ്യപ്പെടുന്നു.
  • നവകേരള സദസ്സിന്റെ ഘട്ടത്തിലുണ്ടായ പ്രതിപക്ഷ പ്രതിഷേധത്തെ പോലീസ് നേരിട്ടരീതിയും ജനങ്ങളെ സര്‍ക്കാരിനെതിരാക്കിയെന്നാണ് മറ്റൊരുവിമര്‍ശനം. സമരക്കാരെ കായികമായി നേരിടുന്ന ഡി.വൈ.എഫ്.ഐ.യെ രക്ഷാപ്രവര്‍ത്തകരാക്കി മുഖ്യമന്ത്രി അവതരിപ്പിച്ചതും ജനങ്ങള്‍ക്ക് ദഹിക്കുന്നതായിരുന്നില്ല. മുഖ്യമന്ത്രിയുടെ സെക്യൂരിറ്റി അംഗങ്ങള്‍ തെരുവിലിറങ്ങി തല്ലുന്നതും അതില്‍ കോടതിനിര്‍ദേശപ്രകാരം കേസെടുത്തിട്ടും തുടര്‍ന്നുണ്ടായ നിസ്സഹകരണവും സര്‍ക്കാരിനെതിരേയുള്ള വികാരമായി മാറി.
  • ക്ഷേമപദ്ധതികളും ജീവനക്കാരുടെ ആനുകൂല്യങ്ങളും മുടങ്ങുന്നതും സര്‍ക്കാരിനെതിരായി.


സര്‍ക്കാരും തിരുത്തും -മുഖ്യമന്ത്രി

എല്‍.ഡി.എഫിന് പ്രതീക്ഷിച്ച വിജയം നേടാനായില്ല. 2019-ലേതിന് ഏറെക്കുറെ സമാനമായ ഫലമാണുണ്ടായത്. ജനവിധി അംഗീകരിച്ചും ആഴത്തില്‍ പരിശോധിച്ചും ആവശ്യമായ തിരുത്തലുകള്‍ വരുത്തിയും സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികവോടെ നടപ്പാക്കും.

പോരായ്മകള്‍ കണ്ടെത്തി അവ പരിഹരിക്കും. സര്‍ക്കാരിനെതിരേ സംഘടിതമായി നടക്കുന്ന കുപ്രചാരണങ്ങളെ പ്രതിരോധിക്കാനും ജനങ്ങള്‍ക്കുള്ള തെറ്റിദ്ധാരണകള്‍ നീക്കാനുമുള്ള ശ്രമങ്ങളും ശക്തമാക്കും. തൃശ്ശൂരിലെ ഫലം ഗൗരവമായി കാണുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി, ജനാധിപത്യവും ഭരണഘടനാമൂല്യങ്ങളും അട്ടിമറിക്കാനുള്ള ബി.ജെ.പി.യുടെ ശ്രമങ്ങള്‍ക്കേറ്റ തിരിച്ചടിയാണ് തിരഞ്ഞടുപ്പ് ഫലമെന്ന് കട്ടിച്ചേര്‍ത്തു.


സര്‍ക്കാര്‍ അനുകൂലഘടകങ്ങള്‍ കുറവെന്ന് ഇന്റലിജന്‍സ്

ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയപ്രതീക്ഷയ്ക്കുള്ള സര്‍ക്കാര്‍ അനുകൂലഘടകങ്ങള്‍ കുറവായിരുന്നെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ന്യൂനപക്ഷവോട്ടുകള്‍ ഭൂരിഭാഗവും യു.ഡി.എഫിന് അനുകൂലമായെന്നാണ് റിപ്പോര്‍ട്ട്. എല്‍.ഡി.എഫിന്റെ ശക്തികേന്ദ്രങ്ങളില്‍ പോലും ഇത്തരത്തില്‍ വോട്ടുചോര്‍ച്ചയുണ്ടായി. കേന്ദ്രസര്‍ക്കാരിനെതിരേയുള്ള ന്യൂനപക്ഷങ്ങളുടെ വികാരത്തെ എല്‍.ഡി.എഫിന് അനുകൂലമാക്കിമാറ്റാന്‍ സാധിച്ചില്ല.

ഇന്ത്യസഖ്യം കേന്ദ്രത്തില്‍ ഭരണത്തില്‍ വരാനിടയുണ്ടെന്ന വിശ്വാസമായിരുന്നു ന്യൂനപക്ഷത്തിന്. ഇതും യു.ഡി.എഫിനെ സഹായിച്ചു. ഭരണപക്ഷത്തിനൊപ്പം നില്‍ക്കുന്ന പാര്‍ട്ടി കേഡറുകള്‍ ഉള്‍പ്പെടെയുള്ളവരെ മാറ്റിനിര്‍ത്തിയാല്‍ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും അവരുടെ കുടുംബാംഗങ്ങളും സര്‍ക്കാര്‍വിരുദ്ധനിലപാട് സ്വീകരിച്ചു. ക്ഷേമപെന്‍ഷന്‍ കുടിശ്ശികപോലുള്ള കാര്യങ്ങള്‍ സാധാരണക്കാരില്‍ വലിയതോതില്‍ ചര്‍ച്ചയായി.

പ്രചാരണവേളയില്‍ പാനൂരിലുണ്ടായ ബോംബ് സ്‌ഫോടനം, മുഖ്യമന്ത്രിയുടെ നവകേരളയാത്രയ്ക്കിടെ കണ്ണൂരില്‍ യു.ഡി.എഫ്. പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ സി.പി.എം.-ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരുടെ ആക്രമണം എന്നിവയൊക്കെ സ്വാധീനിച്ചു. അമിതമായ ആത്മവിശ്വാസവും എല്‍.ഡി.എഫിലുണ്ടായി. ഭരണവിരുദ്ധവികാരം ഈ കണക്കുകൂട്ടലുകള്‍ തെറ്റിച്ചെന്നും റിപ്പോര്‍ട്ട് പറയുന്നു.


മുഖ്യമന്ത്രിയുടെ ദുഷ്പ്രചാരണത്തിനേറ്റ തിരിച്ചടി -പ്രതിപക്ഷനേതാവ്

ജനവിരുദ്ധ സര്‍ക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണ് യു.ഡി.എഫിന് അനുകൂലമായ ജനവിധിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. സംസ്ഥാനസര്‍ക്കാരിനെ ജനങ്ങള്‍ എത്രമാത്രം വെറുക്കുന്നു എന്നതിന്റെ പ്രതിഫലനം തിരഞ്ഞെടുപ്പ് ഫലത്തിലുണ്ട്.

എല്‍.ഡി.എഫിന് പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്ന് സമ്മതിക്കുന്ന മുഖ്യമന്ത്രി കാരണങ്ങളെക്കുറിച്ച് മിണ്ടുന്നില്ല. രാഹുല്‍ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ അധിക്ഷേപിക്കാനും വ്യാജപ്രചാരണം നടത്തി വര്‍ഗീയത ഇളക്കിവിടാനുമാണ് മുഖ്യമന്ത്രി ശ്രമിച്ചത്.

കോണ്‍ഗ്രസ്മുക്ത ഭാരതത്തിന് ശ്രമിച്ച ബി.ജെ.പി.ക്കൊപ്പം കോണ്‍ഗ്രസ്മുക്ത കേരളത്തിന് ശ്രമിച്ച മുഖ്യമന്ത്രിയുടെ ദുഷ്പ്രചാരണത്തിനു കിട്ടിയ കനത്തതിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലം -സതീശന്‍ പറഞ്ഞു.