ഒരേ എതിരാളികള്‍. ഇറങ്ങുന്നത് മൂന്നാം പോരാട്ടത്തിന്. രണ്ട് പേരും ഓരോ തവണ ജയിച്ചപ്പോള്‍ ഒരു തവണ തോറ്റു. ഇടുക്കിയില്‍ ഇടതു-വലതു മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് മാറ്റമില്ല. പക്ഷേ, രാഷ്ട്രീയകാലാവസ്ഥ ഏറെ മാറി. കത്തിനിന്ന വിഷയങ്ങള്‍ പലതും കെട്ടു. വന്യമൃഗശല്യവും കാര്‍ഷിക വിളകളുടെ വിലത്തകര്‍ച്ചയും പ്രധാന പ്രശ്‌നങ്ങളായി നില്‍ക്കുന്നു. കുന്നുകളും താഴ് വരകളും ഇടകലർന്നതാണ് ഇടുക്കിയുടെ സവിശേഷത. ഒരിടത്ത് ഇടതിനാണു മേധാവിത്വമെങ്കിൽ മറുഭാഗത്ത് കാര്യം നേരെ തിരിച്ചും

To advertise here,

ടുക്കി ജില്ലയിലെ ദേവികുളം, ഉടുമ്പൻചോല, തൊടുപുഴ, ഇടുക്കി, പീരുമേട് നിയമസഭാ മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം നിയമസഭാ മണ്ഡലങ്ങളും ഉൾക്കൊള്ളുന്നതാണ് ഇടുക്കി ലോക്‌സഭാ മണ്ഡലം. തൊടുപുഴ, മൂവാറ്റുപുഴ നിയമസഭാ മണ്ഡലങ്ങൾ ഒഴികെ മറ്റു അഞ്ച് മണ്ഡലങ്ങളിലും നിലവിൽ എൽ.ഡി.എഫ്. എം.എൽ.എമാരാണ്. എന്നിരുന്നാലും പൊതുവേ ലോക്​സഭാ തിരഞ്ഞെടുപ്പുകളിൽ കോൺ​ഗ്രസിന് മണ്ഡലത്തിൽ പ്രാമുഖ്യം ലഭിക്കാറുണ്ട്. കഴിഞ്ഞ രണ്ട് തവണയും യു.ഡി.എഫിലെ അഡ്വ. ഡീൻ കുര്യാക്കോസും എൽ.ഡി.എഫ്. പിന്തുണയിൽ അഡ്വ. ജോയ്​സ് ജോർജും തമ്മിലായിരുന്നു പോരാട്ടം. ഇത്തവണയും ഇരുവരും തന്നെയാകും മത്സരരംഗത്ത്‌. മണ്ഡലത്തിലെ എൽ.ഡി.എഫ്. സ്ഥാനാർഥിയായി ജോയ്‌സ് ജോർജിനെ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

ജില്ലയിൽ കുടിയേറ്റ കർഷകന്റെ മനോവികാരത്തെ ആ‍യുധമാക്കിയാണ് എല്ലാ തിരഞ്ഞെടുപ്പുകളിലും മുന്നണികൾ തമ്മിൽ ഏറ്റുമുട്ടുന്നത്. ഭൂപ്രശ്നം, പട്ടയം, വന്യജീവി സംഘർഷം മുതലായ വിഷയങ്ങൾ എന്നും ചർച്ച ചെയ്യപ്പെടുന്ന മണ്ഡലമെന്ന നിലയിൽ ഇവയെല്ലാം എല്ലാക്കാലവും തിരഞ്ഞെടുപ്പുകളിൽ പ്രതിഫലിച്ചിട്ടുണ്ട്. പരിഹരിക്കപ്പെടാതെ കിടക്കുന്ന ഭൂപ്രശ്നങ്ങളും ദിനംപ്രതി വർധിക്കുന്ന മനുഷ്യ-വന്യജീവി സംഘർഷങ്ങളും ജില്ലയിൽ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ടെയിരിക്കുകയാണ്. കൃഷി ഉപജീവനമാർ​ഗമായിട്ടുള്ള സാധാരണ ഇടത്തരം കർഷകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾക്ക് തക്കതായ വില ലഭിക്കുന്നില്ലാത്തതും പ്രതിസന്ധിയാണ്. കെട്ടിട നിർമാണ നിരോധനവും പട്ടയ പ്രശ്നങ്ങളുമൊക്കെയായി ജില്ലയിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ മുഴങ്ങികേൾക്കുന്നത് സ്വന്തം മണ്ണിൽ കാലുറപ്പിച്ച് നിൽക്കാനുള്ള സാധരണക്കാരന്റെ ശബ്ദമാണ്.

സാമുദായിക സമവാക്യങ്ങളും തിരഞ്ഞെടുപ്പുകളിൽ പ്രതിഫലിക്കാറുള്ള മണ്ഡലമാണ് ഇടുക്കി. ഹൈറേഞ്ച് സംരക്ഷണ സമിതി അപ്രസക്തമായെങ്കിലും ക്രിസ്ത്യൻ ഭൂരിപക്ഷ മണ്ഡലമെന്ന നിലയിൽ കത്തോലിക്ക സഭയുടെ നിലപാട് ഇത്തവണയും തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുക തന്നെ ചെയ്യും. കഴിഞ്ഞ രണ്ടു ടേമിലായി ജില്ലയ്ക്ക് പരിചിതരായ രണ്ട് സ്ഥാനാർഥികൾ മത്സരകളത്തിലേക്കിറങ്ങുമ്പോൾ കഴിഞ്ഞ തവണ മത്സരിച്ചവർ നേരിട്ട് ഏറ്റുമുട്ടുന്ന ഏക സീറ്റെന്ന പ്രത്യേകതയും മണ്ഡലത്തിനുണ്ട്. നിലനിർത്താനും തിരിച്ചുപിടിക്കാനുമുള്ള പോരാട്ടത്തിനാണ് ഇത്തവണ ഇടുക്കിയിൽ തിരി തെളിയുന്നത്.  

placeholder
ഡീൻ കുര്യാക്കോസ്, ജോയ്‌സ് ജോർജ്‌

ഹൈറേഞ്ചിൽ കോൺഗ്രസിന് എം.എൽ.എയില്ലാതായിട്ട് നാളുകളായി. ഇടുക്കിയിൽ അഞ്ച് ടേമിലും റോഷി അ​ഗസ്റ്റിൻ തന്നെ വിജയിച്ചെങ്കിലും 2021-ൽ കേരള കോൺ​ഗ്രസ് മാണി വിഭാ​ഗം എൽ.ഡി.എഫിലേക്ക് ചേക്കേറിയതോടെ ഇടുക്കിയും ചുവന്നു. പീരുമേട് സി.പി.ഐക്ക് മേൽക്കോയ്മ ഉള്ള മണ്ഡലമാണ്. വാഴൂർ സോമനിലൂടെ ഇത്തവണയും സി.പി.ഐ. മണ്ഡലം പിടിച്ചുനിർത്തി. ഉടുമ്പൻചോലയിൽ നിന്ന് കഴിഞ്ഞ രണ്ടു തവണയും എം.എം. മണി തന്നെയാണ് നിയമസഭയിലെത്തിയത്. ദേവികുളം 1991, 1996, 2001, തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനൊപ്പമായിരുന്നെങ്കിലും 2006 മുതൽ എൽ.ഡി.എഫിനൊപ്പമായി മാറി. 2021-ൽ എസ്. രാജയിലൂടെ സി.പി.എം. മണ്ഡലത്തിൽ വേരുറപ്പിച്ചു. 

തൊടുപുഴയിൽ കേരള കോൺ​ഗ്രസിലെ പി.ജെ. ജോസഫാണ് എം.എൽ.എ.  മൂവാറ്റുപുഴയും കോൺ​ഗ്രസിനൊപ്പമാണ്. മാത്യു കുഴൽനാടനാണ് എം.എൽ.എ. മുഖ്യമന്ത്രി പിണറായി വിജയനും മകൾക്കുമെതിരെ കുഴൽനാടൻ ഉയർത്തുന്ന ചോദ്യങ്ങൾ ചർച്ചാവിഷയമാണെങ്കിലും ചിന്നക്കനാലിലെ ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.  കോതമം​ഗലത്ത് സി.പി.എമ്മിലെ ആന്റണി ജോണാണ് എം.എൽ.എ. ഇവിടെ ചർച്ച് ആക്ടുമായി ബന്ധപ്പെട്ട സർക്കാർ നിലപാടുകളും ചർച്ച ചെയ്യപ്പെടും. 

സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലയായ ഇടുക്കിയുടെ മണ്ണിൽ തിരഞ്ഞെടുപ്പ് പ്രചരണവുമായി ഇറങ്ങി തിരിക്കുമ്പോൾ സ്ഥാനാർഥികൾ തെല്ലൊന്ന് വിയർക്കും. തികച്ചും വ്യത്യസ്തമായ ജില്ലയുടെ ഭൂമിശാസ്ത്രം തന്നെയാണ് അതിന് കാരണം. തൊടുപുഴയിൽനിന്നു കാന്തല്ലൂരിലെത്താൻ 129 കിലോ മീറ്റർ സഞ്ചരിക്കണം. പീരുമേട്ടിൽ നിന്നുമാകുമ്പോൾ 163 കിലോ മീറ്ററുകൾ സഞ്ചരിക്കണം. വ‍‍‍ട്ടവട എത്തണമെങ്കിൽ ദൂരം ഇനിയും കൂടും. ഇടമലക്കുടിയിലെത്തി വോട്ടർമാരെ കാണണമെങ്കിൽ മണിക്കൂറുകളോളം കാട്ടിലൂടെ സഞ്ചരിക്കണം.  ജില്ലയിലെ ഏല്ലാ മേഖലകളിലൂടെയും പര്യടനം പൂർത്തിയാക്കുക സ്ഥാനാർഥികൾക്കു മുന്നിലെ വെല്ലുവിളി തന്നെയാണ്.

മണ്ഡലചരിത്രം ഒറ്റ നോട്ടത്തിൽ

1977-ലാണ് മണ്ഡലം രൂപീകൃതമായത്.  ആദ്യ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ സി.എം. സ്റ്റീഫനിലൂടെ മണ്ഡലത്തിൽ യു.ഡി.എഫ്. സ്ഥാനം പിടിച്ചെങ്കിലും 1980-ൽ സി.പി.ഐ.എമ്മിലെ എം.എം. ലോറൻസിലൂടെ മണ്ഡലം എൽ.ഡി.എഫ്. പിടിച്ചെടുത്തു. പിന്നീട് 1998 വരെ നടന്ന  തിരഞ്ഞെടുപ്പുകളിൽ മണ്ഡലം കോൺഗ്രസിന് ഒപ്പം തന്നെയായിരുന്നു. 1984-ൽ പി.ജെ. കുര്യനും 1989-ലും 91-ലും പാലാ കെ/എം/ മാത്യുവും 96-ൽ എ.സി. ജോസും 98-ൽ പി.സി. ചാക്കോയും കോൺഗ്രസ് എം.പിമാരായി ലോക്സഭയിലെത്തി. 1999-ലെ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. കോട്ട തകർത്ത് ഫ്രാൻസിസ് ജോർജിലൂടെ മണ്ഡലം എൽ.ഡി.എഫ്. പിടിച്ചെടുത്തു. 2004-ലും എൽ.ഡി.എഫ്. വിജയം ആവർത്തിച്ചു. 2009-ൽ പി.ടി. തോമസിലൂടെ യു.ഡി.എഫ്. മണ്ഡലം തിരിച്ചു പിടിച്ചു. 2014-ൽ ​ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ബാനറിൽ അഡ്വ. ജോയ്സ് ജോർജ് വിജയിച്ചെങ്കിലും 2019-ൽ ചരിത്ര ഭൂരിപക്ഷത്തിൽ അഡ്വ. ഡീൻ കുര്യാക്കോസിലൂടെ യു.ഡി.എഫ്. മണ്ഡലം തിരിച്ചുപിടിച്ചു.

വർഷംസ്ഥാനാർത്ഥി    പാർട്ടി    ഭൂരിപക്ഷം
1977സി.എം. സ്റ്റീഫൻ        INC79,357
1980എം.എം. ലോറൻസ്    CPM    7033
1984പി.ജെ. കുര്യൻ    INC    1,30,624
1989പാലാ കെ.എം. മാത്യു    INC    91479
1991പാലാ കെ.എം. മാത്യു  INC  25,206
1996എ.സി. ജോസ്  INC    30140
1998പി.സി. ചാക്കോ  INC  6350
1999കെ. ഫ്രാൻസിസ് ജോർജ്      KEC9,298
2004കെ. ഫ്രാൻസിസ് ജോർജ്   KEC69,384
2009അഡ്വ പി.ടി. തോമസ്  INC    74,796
2014അഡ്വ. ജോയ്സ് ജോർജ്ജ്    LDF സ്വതന്ത്രൻ50542
2019അഡ്വ. ഡീൻ കുര്യാക്കോസ്  INC    1,71,053

ഗാഡ്ഗിൽ റിപ്പോർട്ടും പി.ടി. തോമസും

പശ്ചിമഘട്ടമാകെ അതീവ പരിസ്ഥിതി ലോല മേഖല ആക്കാനുള്ള നീക്കത്തിന്റെ ഭാഗമായി വന്ന ഗാഡ്ഗിൽ റിപ്പോർട്ടും പ്രതിഷേധങ്ങളുമാണ് 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വിധി എഴുതിയത്.  പരിസ്ഥിതി രാഷ്ട്രീയം മുറുകെ പിടിച്ച പി.ടി. തോമസ് പരിസ്ഥിതിയെ മറന്നുള്ള വികസനത്തിനെതിരെ നിലപാടെടുത്തപ്പോൾ സഭ കോൺ​ഗ്രസിനെതിരെ തിരിഞ്ഞു. ജീവിച്ചിരിക്കെ ശവഘോഷയാത്ര വരെ അഭിമുഖികരിക്കേണ്ടി വന്ന ശക്തമായ പ്രതിഷേധങ്ങൾക്കാണ് അന്ന് പി.ടി. തോമസും കോൺ​ഗ്രസും സാക്ഷിയായത്.

placeholder
പി.ടി. തോമസ്

 ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഒരുവർഷത്തോളം നീണ്ടുനിന്ന പഠനങ്ങൾക്ക് ശേഷം 2011 സെപ്റ്റംബറിൽ ആണ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കപ്പെട്ടത്. പശ്ചിമഘട്ടം ഉൾപെടുന്ന ആറ് സംസ്ഥാനങ്ങളിൽ 14 അംഗ വിദഗ്ധ സംഘം തെളിവെടുപ്പ് നടത്തി. പരിസ്ഥിതിസംഘടനകളും ശാസ്ത്രസാങ്കേതിക കൂട്ടായ്മകളും വിവിധ മേഖലകളിലെ വിദഗ്ധരുമായും ചർച്ച നടത്തിയാണ് ഗാഡ്ഗിലും സംഘവും റിപ്പോർട്ട് തയ്യാറാക്കിയത്. ഓരോ പ്രദേശത്തെയും ജൈവസവിശേഷതകൾ, ഉയരം, ചരിവ്, പ്രകൃതിക്ഷോഭ സാധ്യത, മുതലായവ കണക്കിലെടുത്ത് എന്തൊക്കെ പ്രവൃത്തികൾ ചെയ്യാം, എന്തൊക്കെ ഒഴിവാക്കാം എന്ന റിപ്പോർട്ടിലെ നിർദേശങ്ങൾ ഇടുക്കി ജില്ലയിൽ വ്യാപക പ്രചരണങ്ങൾക്കും പ്രതിഷേധങ്ങൾക്ക് വഴി തുറന്നു. പശ്ചിമഘട്ട പ്രദേശത്ത് ഭൂവിനിയോ​ഗത്തിൽ നിയന്ത്രണം കൊണ്ടുവരികയായിരുന്നു കമ്മിറ്റിയുടെ ആശയം.

പ്രദേശവാസികളുടെ പൂർണ പങ്കാളിത്തത്തോടെ സുസ്ഥിരവികസനമാണ് കമ്മിറ്റി വിഭാവനം ചെയ്തത്. ഇത് സാമൂഹിക സാമ്പത്തിക ഭാവിക്ക് തുരങ്കംവയ്ക്കുമെന്നായിരുന്നു പ്രതിഷേധക്കാരുടെ വാദം. റിപ്പോർട്ടിനെ അനുകൂലിക്കുകയും ചർച്ച ചെയ്യപ്പെടണമെന്ന് നിലപാടെടുത്തതുമാണ്  പി.ടി. തോമസിനെതിരെ പ്രതിഷേധം ഉയരാൻ കാരണം. കത്തോലിക്കാ സഭ പൂർണമായും പി.ടി. തോമസിനെതിരായി. ശവഘോഷയാത്ര നടത്തി പ്രതീകാത്മകമായി പി.ടി. തോമസിനെ സംസ്കരിക്കുന്നതുൾപ്പെടെ ജില്ല കണ്ട ഏറ്റവും വലിയ പ്രക്ഷോഭങ്ങൾക്കായിരുന്നു നാട് സാക്ഷ്യം വഹിച്ചത്. അതോടെ 2014-ലെ ലോക്​സഭ തിരഞ്ഞെടുപ്പിൽ സിറ്റിങ് എം.പിമാരിൽ അന്ന് പി.ടി. തോമസ് ഒഴികെ എല്ലാവർക്കും കോൺഗ്രസ് സീറ്റ് നൽകിയപ്പോൾ നിലപാടിൽ വെള്ളംചേർക്കാത്ത പി.ടിക്ക് മാത്രം സീറ്റ് നിഷേധിച്ചു.

ഹൈറേഞ്ച് സംരക്ഷണ സമിതിയും ജോയ്​സ് ജോർജിന്റെ സ്ഥാനാർഥി പ്രഖ്യാപനവും

ഇടുക്കിയിലെ മലയോര മേഖലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കാൻ സമരസംഘടനയായി 2007 മുതൽ പ്രവർത്തനം ആരംഭിച്ച കർഷക പ്രസ്ഥാനമായിരുന്നു ഹൈറേഞ്ച് സംരക്ഷണസമിതി.  കാഞ്ഞിരപ്പള്ളി, ഇടുക്കി രൂപത മെത്രാൻമാരും യാക്കോബായ, മാർത്തോമാ, സി.എസ്.ഐ. ക്രിസ്ത്യൻ സഭകളും എസ്.എൻ.ഡി.പി., എൻ.എസ്.എസ്. സംഘടനകളും മുസ്ലീം മത പണ്ഡിതരും ഇമാമുമാരും സാമൂഹൃ രാഷ്ട്രീയ പ്രവർത്തകരും നേതാക്കളും ചേർന്നാണ് സമിതിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ജനറൽ കൺവീനറായി സെബാസ്റ്റ്യൻ കൊച്ചുപുരക്കലിനെ തിരഞ്ഞെടുത്തു. കേന്ദ്ര- സ്ഥംസ്ഥാന സർക്കാരുകളുടെ അനുമതിയോടെ ഉപാധികളോടെ ലഭിച്ച പട്ടയം കൈമാറ്റം ചെയ്യാനോ കരം പിടിക്കാനോ സാധിക്കാതെയിരുന്ന സാഹചര്യത്തിൽ സമിതി പൊതുസമൂഹത്തിൽനിന്ന് പണം പിരിച്ച് അഡ്വ. ജോയ്​സ് ജോർജിനെ ലീഗൽ അഡ്വൈസറായി നിയമിച്ച് സുപ്രീം കോടതിയിൽ കേസ് നടത്തുകയും ഭൂമി കൈമാറ്റം ചെയ്യാൻ അനുവാദം വാങ്ങിയെടുക്കുകയും ചെയ്തിരുന്നു. 

മാധവ് ​ഗാഡ്ഗിൽ റിപ്പോർട്ടിൽ സ്വീകരിച്ച നിലപാടാണ് സമിതിയെ പൊതുശ്രദ്ധയിലേക്ക് കൊണ്ടുവരുന്നത്. റിപ്പോർട്ടിലെ വിശദാംശങ്ങൾ പൊതുസമൂഹത്തിൽ ചർച്ചയാക്കി പ്രതിരോധം തീർത്തത് ഹൈറേഞ്ച് സംരക്ഷണ സമിതിയായിരുന്നു. സമിതി ആരംഭിച്ച കാലംമുതൽ നിയമ ഉപദേഷ്ടാവായും നയ രൂപീകരണത്തിൽ സുപ്രധാന പങ്കുവഹിച്ചും നേതൃത്വം നൽകിയിരുന്ന ആളാണ് അഡ്വ. ജോയ്​സ് ജോർജ്. ജീല്ലയിൽ രണ്ടു ദിവസം ഹർത്താൽ പ്രഖ്യാപിച്ച് സമിതിയുടെ നേതൃത്വത്തിൽ തെരുവുസമരം നടത്തി. ഇടുക്കി രൂപത മെത്രാനായിരുന്ന മാത്യു ആനിക്കുഴികാട്ടിലായിരുന്നു സമിതിയെ ഏറ്റവും അധികം പിന്തുണച്ചത്.  2014-ലെ ലോക്​സഭാ തിരഞ്ഞെടുപ്പിലും ഇത് പ്രതിഫലിച്ചു. സമിതിയുടെ നേതൃത്വത്തിൽ ലീഗൽ അഡ്വൈസർ അഡ്വ.ജോയ്​സ് ജോർജിനെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇടതുപക്ഷം പിന്തുണയും  നൽകി.  പി.ടിയുടെ ശിഷ്യനും അന്നത്തെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമായിരുന്ന അഡ്വ. ഡീൻ കുര്യാക്കോസായിരുന്നു യു.ഡി.എഫ്. സ്ഥാനാർഥി.  

placeholder

കസ്തൂരിരം​ഗൻ - ​ഗാഡ്​ഗിൽ റിപ്പോർട്ടുകളിൽ കോൺ​ഗ്രസിനും പി.ടിക്കുമെതിരെ ശക്തമായ പ്രതിരോധം തീർത്തത് ഇടുക്കി രൂപതയായിരുന്നു. ഇടുക്കി രൂപത മെത്രാനായിരുന്ന മാത്യു ആനിക്കുഴികാട്ടിലിന്റെ പ്രത്യക്ഷ എതിർപ്പ് വലിയ രീതിയിൽ കോൺ​ഗ്രസിന് വെല്ലുവിളിയുയർത്തി. വോട്ട് ചോദിക്കുന്നതിനായി അരമനയിലെത്തിയ ഡീൻ കുര്യാക്കോസിന് നേരെ കോൺ​ഗ്രസുകാരെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് പറഞ്ഞ് ബിഷപ്പ് എതിർത്തുനിന്നതോടെ തിരഞ്ഞെടുപ്പ് കോൺ​ഗ്രസിന് ​ബാലികേറാമലയായി മാറി. സമരത്തീയിൽ ജ്വലിച്ചു നിന്ന ജില്ലയിൽനിന്നു അഡ്വ.ജോയ്​സ് ജോർജ് വിജയിച്ചു. 70.75% പോളിങ് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പിൽ 50542 വോട്ടുകൾക്കായിരുന്നു ജയം.

ഡീൻ - ജോയ്​സ് രണ്ടാം അങ്കം

തുടരെയുള്ള സർക്കാരിൻറെ വാഗ്ദാന ലംഘനങ്ങളും നീതി നിഷേധങ്ങളും ചൂണ്ടിക്കാട്ടിയാണ് പാർലമെൻറ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ പിന്തുണയോടെ ജോയ്​സ് ജോർജ് സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചത്. എന്നാൽ, ജില്ലാ നേരിട്ട ഭൂപ്രശ്നങ്ങളിൽ വേണ്ടവിധം ഇടപ്പെടാനോ പരി​ഹാരം കണ്ടെത്താനും കഴിഞ്ഞില്ലെന്ന വിലയിരുത്തലാണ് പൊതുവേയുണ്ടായത്. 

2019-ലെ ലോക്​സഭാ തിരഞ്ഞെടുപ്പിലും ഇടുക്കിയിൽ പോരാട്ടം ഡീൻ കുര്യാക്കോസും ജോയ്​സ്  ജോർജും തമ്മിലായിരുന്നു. സ്വതന്ത്ര സ്ഥാനാർഥിയിൽനിന്നു എൽ.ഡി.എഫ്. സ്വതന്ത്രനായിട്ടായിരുന്നു ജോയ്​സ് തിരഞ്ഞെടുപ്പ് കളത്തിലിറങ്ങിയത്. എന്നാൽ, രണ്ടാം തവണ ജോയ്​സ് മണ്ഡലത്തിൽ വ്യക്തമായ ആധിപത്യം സ്ഥാപിക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. മാർ മാത്യു ആനിക്കുഴിക്കാട്ടിൽ വിരമിച്ചതോടെ ക്രൈസ്തവ സമൂഹത്തിന്റെയും സംഘടനകളുടെയും പിന്തുണയിലും മാറ്റം വന്നു. സമിതി കൺവീനർ സെബാസ്റ്റ്യൻ കൊച്ചുപുരക്കലിനെ മറ്റു ചുമതലകൾ നൽകി സ്ഥലം മാറ്റിയതും സമിതിയുടെ പ്രവർത്തനങ്ങളെ ബാധിച്ചു. സമിതി അപ്രസക്തമാകുന്ന സാഹചര്യങ്ങളാണ് പിന്നീട് ഉണ്ടായത്. 2019-ലെ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ജോയ്​സിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. കൊട്ടക്കാമ്പൂർ ഭൂമി വിഷയവും ജോയ്സ് ജോർജിനെതിരായി. 1,71,053 വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷത്തിലായിരുന്നു ഡീൻ കുര്യാക്കോസിന്റെ വിജയം. 19 സീറ്റുമായി യു.ഡി.എഫ്. നേട്ടം കൊയ്ത തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ ലഭിച്ച ഭൂരിപക്ഷം കഴിഞ്ഞാൽ കഴിഞ്ഞ തവണ കേരളത്തില്‍ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടിയ കോണ്‍ഗ്രസ് എം.പി. എം.പി. ഡീനായിരുന്നു.

മൂന്നാം അങ്കത്തിന് കച്ച മുറുക്കുമ്പോൾ 

പോരാട്ടം ഹാട്രിക്കിലേക്കെത്തുമ്പോൾ  ഭൂപ്രശ്നങ്ങളും മനുഷ്യ വന്യജീവി സംഘർഷങ്ങളും കാർഷിക മേഖലയിലെ വില തകർച്ചയുമാണ് മണ്ഡലത്തിലെ പ്രധാന വിഷയങ്ങൾ. കാട്ടാന ആക്രമണത്തിൽ മൂന്നാറിൽ യുവാവ് കൊല്ലപ്പെട്ടത് 27-നാണ്. 28-ന് യു.ഡി.എഫും എൽ.ഡി.എഫും മൂന്നാറിൽ ഹർത്താൽ പ്രഖ്യാപിക്കുന്നു. ഡീൻ കുര്യാക്കോസ് നിരാഹാര സമരത്തിലേക്ക് നീങ്ങുന്നു. ബി.ജെ.പി. ​ധർണ നടത്തുന്നു. വിഷയത്തിൽ  പരസ്പരം പഴിചാരുന്നതല്ലാതെ ശാശ്വത പരിഹാരം കാണുന്നതിന് യാതൊരുവിധ നടപടികളും ഉണ്ടാകുന്നില്ലെന്നതാണ് യാഥാർഥ്യം. കടുവയുടെയും മറ്റു വന്യമ‍ൃ​ഗങ്ങളുടെയും അക്രമണത്തിൽ കുറവൊന്നുമുണ്ടായിട്ടില്ല. നിരവധി വളർത്തുമൃ​ഗങ്ങൾ കൊല്ലപ്പെടുകയും കൃഷിയിടങ്ങൾ നശിക്കുകയും ചെയ്തു. വിവിധ മേഖലകളിൽ വനംവകുപ്പ് അധികൃതർക്കെതിരെയുള്ള ജനരോക്ഷം ശക്തമാകുകയാണ്. 

placeholder

കാർഷിക മേഖലയിലെ വിലത്തകർച്ചയാണ് ജില്ലയിലെ മറ്റൊരു പ്രതിസന്ധി. വളം, കീടനാശിനി, തൊഴിലാളികളുടെ വേതനം എല്ലാം ഉയരുമ്പോഴും ഉത്പന്നങ്ങളുടെ വില ഇടിയുന്നത് കർഷകരെ തളർത്തുകയാണ്. ചിലവ് കൂടുകയും വരവ് ഇടിയുകയും ചെയ്യുന്നത് കർഷകർക്ക് മുന്നിൽ ചോദ്യചിഹ്നമാകുകയാണ്. മുന്നോട്ട് കാർഷിക മേഖല ഉപജീവനമാർ​ഗമായി കൊണ്ടുപോകാൻകഴിയില്ലെന്ന തിരിച്ചറിവിൽ ക‍ൃഷി പാടെ ഉപേക്ഷിച്ചു പേകേണ്ട ​ഗതികേടിലാണ് മിക്ക കർഷകരും. ഏലം, കാപ്പി, കുരുമുളക് കർഷകരും ഒപ്പം പച്ചക്കറി കർഷകരും ഒരേ വെല്ലുവിളിയാണ് നേരിടുന്നത്. റബറിന്റെ താങ്ങുവിലയിൽ 10 രൂപ കൂട്ടിയെങ്കിലും കർഷകരുടെ പ്രതിസന്ധി പരിഹരിക്കാൻ ഇതുകൊണ്ട് മാത്രം കഴിയില്ല. ഇടുക്കിയിൽ പട്ടയമേളയിലൂടെ കൂടുതൽ പേർക്ക് ഭൂമിയുടെ അവകാശം നൽകിയത് ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് സി.പി.എമ്മെങ്കിലും മനുഷ്യ വന്യജീവി സംഘർഷം, ഭൂപ്രശ്നങ്ങൾ, കാർഷിക മേഖലയിലെ പ്രശ്നങ്ങൾ ലോക്​സഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിച്ചേക്കും.

ആരോ​ഗ്യമേഖലയിലെ പ്രശ്നങ്ങളും തിരഞ്ഞെടുപ്പിൽ അലയടിക്കും. സർക്കാർ ആശുപത്രികളുടെ മുഖച്ഛായ മാറിയതായി അവകാശപ്പെടുമ്പോഴും ഡോക്ടർമാരുടെ കുറവും മരുന്ന് ക്ഷാമവും സ്ഥിരം പ്രശ്നങ്ങളാണ്. ഇടുക്കി മെഡിക്കൽ കോളേജിൽ മതിയായ സൗകര്യങ്ങൾ ഇല്ലെന്നാരോപിച്ച് വിദ്യാർഥികൾ പ്രതിഷേധിച്ചതും കഴിഞ്ഞ ദിവസങ്ങളിലാണ്. നഴ്സിങ് കോളേജ് ആരംഭിക്കുന്നതിന് അനുമതി ലഭിച്ചെങ്കിലും മതിയായ സൗകര്യങ്ങളൊരുക്കി കുറ്റമറ്റ രീതിയിൽ പ്രവർത്തനം ആരംഭിക്കാൻ കഴിയുമോ എന്നതും ഒരു ചോദ്യമാണ്.

placeholder

ക്ഷേമ പെൻഷൻ കുടിശ്ശികയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത്  പ്രതിഷേധം ഇരമ്പിയപ്പോൾ അതിന് ആക്കം കൂട്ടിയത് ഇടുക്കി അടിമാലിയിലെ മറിയക്കുട്ടിയുടെ സമരമാർ​ഗമായിരുന്നു. ക്ഷേമ പെൻഷൻ മുടങ്ങിയതിൽ പ്രതിഷേധിച്ച് അടിമാലി ടൗണിൽ പിച്ചച്ചട്ടിയെടുത്ത് ഭിക്ഷ യാചിച്ചതോടെയാണ് അവർ ശ്രദ്ധാകേന്ദ്രമാകുന്നത്. മറിയക്കുട്ടിയുടെ കമ്യൂണിസ്റ്റ് വിരുദ്ധ നിലപാടും മറിയക്കുട്ടിയ്ക്കെതിരായ  വ്യാജ ആരോപണങ്ങളും ചർച്ച വിഷയമായിരുന്നു.

ജില്ലയിൽ വികസനത്തിന്റെ മുഖ്യ ചർച്ച വിഷയം മികച്ച റോഡുകൾ തന്നെയാണ്. കേന്ദ്രവും കേരളവും ഇതിന് അവകാശവാദമുന്നയിക്കാറുമുണ്ട്. ദേശീയപാതാ നവീകരണത്തിന് ഇരുകൂട്ടരുടെയും ഇടപ്പെടൽ ഉണ്ടെന്നിരിക്കെ തിരഞ്ഞെടുപ്പ് ആയുധമായി റോഡുകളുടെ വികസനവും ഉൾപ്പെടും. 

കേരള കോൺ​ഗ്രസ് മാണി വിഭാ​ഗം ഇടത്തോട്ട് ചാഞ്ഞ ശേഷമുള്ള തിരഞ്ഞെടുപ്പ് മന്ത്രി റോഷിയുടെ മണ്ഡലത്തിലെ പിന്തുണയും അനുകൂല ഘടകമായി എല്‍.ഡി.എഫ്. കരുതുന്നു. ഈഴവർ കൂടുതലുള്ള മണ്ഡലമെന്ന നിലയിൽ ബി.ഡി.ജെ.എസും ഒരു ശക്തിയാണ്. എൻ.ഡി.എ. സ്ഥാനാർഥിയായി ബി.ഡി.ജെ.എസ്. പ്രതിനിധി തന്നെയാകും ഉണ്ടാവുക. കേരള കോണ്‍ഗ്രസ് എമ്മിന് ഇത് അഭിമാനപോരാട്ടമാണ്. പി.ജെ. ജോസഫിനാകട്ടെ ജോസ് പക്ഷം മുന്നണി മാറിയത് ഇടുക്കിയില്‍ ഏശിയിട്ടില്ല എന്ന് തെളിയിക്കേണ്ട ബാധ്യതയും

ഭൂരിപക്ഷം കുറഞ്ഞേക്കാം എന്നാലും ജയമുറപ്പെന്ന് യു.ഡി.എഫ്. അവകാശപ്പെടുമ്പോള്‍ ഇത്തവണ കാര്യങ്ങള്‍ അനുകൂലമാണെന്നും മണ്ഡലം തിരിച്ചുപിടിക്കുമെന്നും ഇടത് ക്യാമ്പ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. ഇടുക്കിയില്‍ കരുത്ത് തെളിയിക്കാനും നിര്‍ണായകവോട്ട് വിഹിതവുമായി സ്വാധീനം വര്‍ധിപ്പിക്കാന്‍ എന്‍.ഡി.എ. ക്യാമ്പും സജീവമാണ്‌.