
ആലപ്പുഴ: തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് ദല്ലാൾ നന്ദകുമാർ ബി.ജെ.പി.യുടെ രണ്ടു സ്ഥാനാർഥികൾക്കെതിരേ ആരോപണമുന്നയിച്ചതിനു പിന്നിൽ പാർട്ടിയിലെ ഉൾപ്പോരാണെന്ന വാദം ശക്തിപ്പെടുന്നു.
ബി.ജെ.പി.യുടെ പത്തനംതിട്ടയിലെ സ്ഥാനാർഥി അനിൽ ആന്റണി 25 ലക്ഷം രൂപയും ആലപ്പുഴയിലെ ശോഭാ സുരേന്ദ്രൻ 10 ലക്ഷവും വാങ്ങിയെന്ന് ആരോപിച്ച് നന്ദകുമാർ പത്രസമ്മേളനം നടത്തിയിരുന്നു. അനിൽ ആന്റണി 2013-ൽ പണം വാങ്ങിയെന്നായിരുന്നു ആരോപണം. ശോഭാ സുരേന്ദ്രൻ 2023 ജനുവരിയിൽ പണം വാങ്ങിയെന്നും. ഇവരെമാത്രം ലക്ഷ്യംവെച്ചതിനു പിന്നിൽ ബി.ജെ.പി.യിലെ ചേരിപ്പോരുണ്ടെന്നാണു സൂചന. ശോഭയ്ക്കെതിരേയുള്ള ആരോപണം വഴിതിരിഞ്ഞ് സി.പി.എം. നേതാവ് ഇ.പി. ജയരാജനിലേക്ക് എത്തുകയും ചെയ്തു.
ബി.ജെ.പി. വീണ്ടും അധികാരത്തിലെത്തിയാൽ, ജയിച്ചാലും ഇല്ലെങ്കിലും മന്ത്രിസഭയിലേക്കു വരാൻ സാധ്യതയുള്ളവരാണ് അനിലും ശോഭയും എന്നു കരുതുന്നവരുണ്ട്. പാർട്ടിയിൽ അഴിച്ചുപണി നടന്നാൽ ബി.ജെ.പി. സംസ്ഥാനാധ്യക്ഷ സ്ഥാനത്തേക്കു ശോഭയെ പരിഗണിക്കാനും സാധ്യതയുണ്ട്. വി. മുരളീധരന് കേന്ദ്രഭരണത്തിൽ ഇനിയൊരവസരത്തിനു സാധ്യതയില്ലെന്നും പാർട്ടിയിൽ ചിലർ വിലയിരുത്തുന്നു. ഇതെല്ലാം മുന്നിൽക്കണ്ട് ഒരുകൂട്ടർ, ദല്ലാളിനെ ഉപയോഗിച്ച് നീക്കം നടത്തിയെന്നാണ് എതിർപക്ഷം കരുതുന്നത്.
തിരുവനന്തപുരത്തെ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനുവേണ്ടി പ്രവർത്തിക്കേണ്ട പഞ്ചായത്ത്, ജില്ല കാര്യകർത്താക്കന്മാരെ ആറ്റിങ്ങലിലേക്ക് അയച്ചതിനെതിരേ പരാതിയുയർന്നിരുന്നു. ഇതിനെതിരേ അദ്ദേഹം പ്രധാനമന്ത്രിക്കും പാർട്ടി നേതൃത്വത്തിനും പരാതി നൽകിയതായും വിവരമുണ്ട്.
തിരഞ്ഞെടുപ്പുസമയത്ത് ബി.ജെ.പി.ക്കു സംസ്ഥാനതലത്തിൽ നയിക്കാൻ ഒരാളുണ്ടായില്ലെന്നും കേന്ദ്രനേതാക്കളെ എല്ലാ മണ്ഡലങ്ങളിലും യഥാസമയം എത്തിക്കാൻ കഴിഞ്ഞില്ലെന്നും പാർട്ടിയിൽ വിമർശനമുണ്ട്. ബി.ജെ.പി. സംസ്ഥാനതല കോർകമ്മിറ്റി യോഗം ചൊവ്വാഴ്ച തിരുവനന്തപുരത്തു ചേരും.
Content Highlights: dallal nandakumar allegation comes after bjp clash
Published: 05 May 2024, 09:44 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented