തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥിനിർണയ ചർച്ചകൾക്കായി സി.പി.ഐ. സംസ്ഥാന എക്‌സിക്യുട്ടീവ് വ്യാഴാഴ്ച ചേരും. സംസ്ഥാനനേതൃത്വത്തിൽ നടക്കുന്ന ചർച്ചകൾക്ക് സമാന്തരമായി പാർട്ടി മത്സരിക്കുന്ന സീറ്റുകളുൾപ്പെടുന്ന ജില്ലാ സമിതികളിലും ചർച്ചനടക്കും. തുടർന്ന് അടുത്തയാഴ്ചയാദ്യം സ്ഥാനാർഥികളെ സംബന്ധിച്ച ധാരണ രൂപപ്പെടുത്താനാണ് നേതൃത്വം ആലോചിക്കുന്നത്.

To advertise here,

തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രന്റെ പേര് നേരത്തേ ഉയർന്നിരുന്നു. പന്ന്യനൊപ്പം ജില്ലയിൽനിന്നുള്ള മന്ത്രിയായ ജി.ആർ. അനിലും പരിഗണനയിലുണ്ട്. സി.പി.എമ്മിന്റെകൂടി താത്പര്യത്തിലാണ് അനിലിന്റെ പേരും പരിഗണിക്കുന്നത്. നിർദേശത്തോട് മന്ത്രി അനിൽ വലിയ താത്പര്യം കാണിച്ചിട്ടില്ല. മുൻ തിരഞ്ഞെടുപ്പുകളിൽ തിരുവനന്തപുരം ലോക്‌സഭയിൽ സി.പി.ഐ.ക്ക് മെച്ചപ്പെട്ട പ്രകടനം നടത്താനായിട്ടില്ലെന്നതും അദ്ദേഹത്തെ പിന്നാക്കംവലിക്കുന്നു.

മാവേലിക്കരയിൽ യുവജനനേതാവ് സി.എ. അരുൺകുമാറിനെ മത്സരിപ്പിക്കാനുള്ള നിർദേശമാണ് ആദ്യം ഉയർന്നത്. മന്ത്രി പി. പ്രസാദിന്റെ പേഴ്‌സണൽ സ്റ്റാഫംഗമാണ് അരുൺകുമാർ. കൊല്ലം ജില്ലാ പഞ്ചായത്ത് മുൻപ്രസിഡന്റ് കെ. ദേവകിയുടെ പേരും പരിഗണനയിലുണ്ട്.

വയനാട്ടിൽ അഖിലേന്ത്യാ നേതാവ് ആനി രാജയുടെ പേരാണ് പരിഗണനയിലുള്ളത്. അവർ മത്സരിക്കാനെത്തിയാൽ ദേവകി സ്ഥാനാർഥിയാകാനുള്ള സാധ്യത കുറയും. പാർട്ടി മത്സരിക്കുന്ന നാലിൽ രണ്ടുസീറ്റ് സ്ത്രീകൾക്കായി മാറ്റിവെക്കാൻ ഇടയില്ലെന്നതാണ് കാരണം. തൃശ്ശൂരിൽ മുൻമന്ത്രി വി.എസ്. സുനിൽകുമാറിന്റെ സ്ഥാനാർഥിത്വം ഉറച്ചമട്ടാണ്.

കാനം രാജേന്ദ്രന്റെ നിര്യാണത്തിനുശേഷം പുതിയ നേതൃത്വം വന്നതിനനുസരിച്ചുള്ള ചേരിമാറ്റങ്ങളും പാർട്ടിയിൽ പ്രതിഫലിച്ചുതുടങ്ങി. കാനത്തിന്റെ ഇടംകൈയായും വലംകൈയായും നിന്നിരുന്നത് മന്ത്രിമാരായ കെ. രാജനും പി. പ്രസാദുമായിരുന്നു. പാർട്ടി സംവിധാനത്തിൽ അസിസ്റ്റന്റ്‌ സെക്രട്ടറി പി.പി. സുനീറും.

മുഖ്യമന്ത്രിയുമായി ഏറ്റവും അടുപ്പം പുലർത്തിപ്പോരുന്നത് മന്ത്രി കെ. രാജനാണ്. പുതിയ സെക്രട്ടറി ബിനോയ് വിശ്വവുമായി മന്ത്രി പ്രസാദും അടുപ്പംപുലർത്തുന്നു. മന്ത്രി പ്രസാദ് അടക്കമുള്ളവർ അരുൺകുമാറിനെ സ്ഥാനാർഥിയാക്കണമെന്ന അഭിപ്രായക്കാരാണ്. ബിനോയ് വിശ്വത്തിനും ഈ നിർദേശത്തോട് താത്പര്യമാണ്. കെ. ദേവകിയുടെ പേര് വെട്ടാനാണ് വയനാട്ടിൽ ആനി രാജ മത്സരിക്കണമെന്ന നിർദേശം മുന്നോട്ടുവെച്ചതെന്ന വിലയിരുത്തലുമുണ്ട്.

ജില്ലകളിൽനിന്നുവരുന്ന പേരുകൾകൂടി കണക്കിലെടുത്ത് സംസ്ഥാനനേതൃത്വം തയ്യാറാക്കുന്ന പട്ടിക ദേശീയ എക്‌സിക്യുട്ടീവിന്റെ അനുമതിയോടെയായിരിക്കും പ്രഖ്യാപിക്കുക.