തിരുവനന്തപുരം: ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ഒന്നര ലക്ഷത്തിലധികം ഇരട്ട വോട്ടുകളുണ്ടെന്ന് ആരോപണവുമായി യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശ്. 1,72,000 ഇരട്ട വോട്ടുകളുടെ പട്ടിക തിരഞ്ഞെടുപ്പ് കമ്മിഷന് രേഖാമൂലം നല്‍കിയെങ്കിലും മരിച്ചുപോയവരടക്കമുള്ള 22,000 പേരെ മാത്രമേ പട്ടികയില്‍ നിന്ന് നീക്കിയിട്ടുള്ളുവെന്ന് അടൂര്‍ പ്രകാശ് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നിലവിലെ വോട്ടര്‍ പട്ടികയില്‍ 1,64,006 വോട്ടുകള്‍ ഇരട്ട വോട്ടുകളുണ്ടെന്നും വോട്ടര്‍ പട്ടികയില്‍ ഇനിയും പേരുചേര്‍ക്കാമെന്നിരിക്കെ ഇതില്‍ വര്‍ധനവുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഒരേ ബൂത്തില്‍ തന്നെ നൂറുകണക്കിന് ഇരട്ടവോട്ടുകളാണ് കണ്ടെത്തിയിട്ടുള്ളത്. ഇരട്ട വോട്ടുകള്‍ നീക്കുന്നതിന് പരാതി നല്‍കിയെങ്കിലും തുച്ഛമായ ഇരട്ട വോട്ടുകള്‍ മാത്രമാണുള്ളതെന്നാണ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ പറയുന്നത്. ഇത് തികച്ചും അവാസ്ഥവമാണെന്ന് അടൂര്‍ പ്രകാശ് ചൂണ്ടിക്കാട്ടി.
2019-ല്‍ സമാനമായ പരാതി ഉന്നയിച്ചെങ്കിലും നടപടിയെടുക്കുന്നതിൽ അലംഭാവമുണ്ടായി. 2019ല്‍ 1,12,000 ഇരട്ട വോട്ടുകളാണ് ഉണ്ടായിരുന്നതെങ്കില്‍ നിലവിലെ അവസ്ഥ 1,64,006 ആണ്. സത്യസന്ധവും നീതിയുക്തവുമായ വോട്ടെടുപ്പിന് കുറ്റമറ്റ വോട്ടര്‍ പട്ടിക അത്യാവശ്യമാണ്. എന്നാല്‍ ഒരേ പേരില്‍ വിവിധ വോട്ടര്‍ ഐ.ഡി കാര്‍ഡുകള്‍ ഉണ്ട് എന്നതിന്റെ തെളിവാണ് ഇരട്ട വോട്ടുകളെന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കി.
ചീഫ് ഇലക്ടറല്‍ ഓഫീസറിന് 1,72,000 ഇരട്ട വോട്ടുകളുടെ പ്രിന്റഡ് കോപ്പി നേരിട്ട് തെളിവായി കൈമാറിയതാണ്. എന്നാല്‍ 373 ഇരട്ട വോട്ട് മാത്രമാണുള്ളതെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. വോട്ടര്‍പട്ടികയില്‍ നിന്ന് ആരെയും നീക്കരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാരില്‍ നിന്ന് വാക്കാല്‍ നിര്‍ദേശമുണ്ടെന്നും അതാണ് ക്രമക്കേടുകള്‍ പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ വിമുഖത കാണിക്കുന്നത്.
13,66,049 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളതെന്നാണ് കണക്ക്. എന്നാല്‍ ഇതില്‍ നിലവില്‍ 1,64,006 വോട്ടുകള്‍ ഇരട്ട വോട്ടുകളാണ്. ആകെ വോട്ടര്‍മാരുടെ 8.32 ശതമാനം വോട്ടുകള്‍ വ്യാജ വോട്ടുകളാണ്. ശക്തമായ നടപടി ഉണ്ടായില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആലോചിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Content Highlights: udf candidate adoor prakash alleges irregularities in voter list of attingal
Published: 03 Apr 2024, 03:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented