തിരുവനന്തപുരം ജില്ലയിലെ ഇടതിന്റെ ഉറച്ച കോട്ടയാണ് ആറ്റിങ്ങല്‍ ലോക്​സഭാ മണ്ഡലം. നിലവിലെ എം.പി., കോണ്‍ഗ്രസിന്റെ അടൂര്‍ പ്രകാശ് ആണെങ്കിലും മണ്ഡലത്തിന്റെ മനസ് കൂടുതലും ഇടത്തോട്ട് ചാഞ്ഞാണ് നില്‍പ്പ്. കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കാന്‍ വി. ജോയ് എം.എല്‍.എ. കളത്തിലിറക്കിയാണ് എല്‍.ഡി.എഫ്. നീക്കം. അടൂര്‍ പ്രകാശ് തന്നെയാണ് ഇക്കുറിയും യു.ഡി.എഫ്. സ്ഥാനാര്‍ഥി. എന്‍.ഡി.എ. സ്ഥാനാര്‍ഥിയായി കേന്ദ്രമന്ത്രി വി. മുരളീധരന്‍ കൂടി എത്തുമ്പോള്‍ ആറ്റിങ്ങലിന്റെ അങ്കത്തട്ടില്‍ പോരാട്ടം കനക്കും. ദേശീയശ്രദ്ധ തന്നൊ ആകർഷിക്കും.

To advertise here,

ജില്ലയിലെ വര്‍ക്കല, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട തുടങ്ങിയ തീരദേശ, ഗ്രാമീണ നിയമസഭാ മണ്ഡലങ്ങള്‍ ചേരുന്ന ആറ്റിങ്ങല്‍ ലോക്​സഭാ മണ്ഡലത്തില്‍ എല്ലായിടത്തും ഇടത് എം.എല്‍.എമാരാണ് ഉള്ളത്. 

അടിയുറച്ച പാര്‍ട്ടി വോട്ടുകള്‍ വോട്ടുകളായി മാറിയാല്‍ ഇത്തവണ ആറ്റിങ്ങലിലെ മത്സരം പ്രവചനാതീതമാകും. 2019- ലെ സാഹചര്യമല്ല ഇന്നുള്ളത്. ദേശീയതലത്തിലെ മാറ്റങ്ങളും സംസ്ഥാന രാഷ്ട്രീയ പശ്ചത്തലങ്ങളും ഒക്കെ വോട്ടിന്റെ ഒഴുക്കിനെ സ്വാധീനിക്കും. ഈഴവ- മുസ്‌ലിം-ദളിത് വോട്ടുകള്‍ എങ്ങനെ വിഭജിക്കപ്പെടുമെന്ന കാര്യത്തില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും ആശങ്കയുണ്ട്. മാത്രമല്ല ഇതിനേക്കാള്‍ മുന്നണികള്‍ ഭയക്കുന്നത് അടിയൊഴുക്കുകളെയാണ്. രാഷ്ട്രീയക്കാറ്റിന്റെ ദിശ എങ്ങോട്ടാണെന്ന് തിരിച്ചറിയാന്‍ ഇനിയും മുന്നണികള്‍ക്ക് സാധിച്ചിട്ടില്ല. 

ഇടത് കോട്ടയുടെ ചരിത്രം

2008-ലെ മണ്ഡല പുനര്‍നിര്‍ണയത്തിനു ശേഷമാണ് ചിറയന്‍കീഴായിരുന്ന ലോക്‌സഭാ സീറ്റ് ആറ്റിങ്ങല്‍ മണ്ഡലമായി മാറുന്നത്. മണ്ഡല പുനര്‍നിര്‍ണയത്തിന് മുന്‍പും ശേഷവും ഇവിടെ കൂടുതല്‍ കാലവും വിജയിച്ചിട്ടുള്ളത് ഇടത് സ്ഥാനാര്‍ഥികളാണ്. 1957-ല്‍ തിരുവനന്തപുരം ജില്ലയിലെ എട്ട് നിയമസഭാ മണ്ഡലങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ചിറയിന്‍കീഴ് ലോക്​സഭാ മണ്ഡലം രൂപവത്കരിച്ചത്. 1957 മുതല്‍ 67 വരെയുളള മൂന്നു തിരഞ്ഞെടുപ്പുകളില്‍ വിജയിച്ചത് സി.പി.എമ്മാണ്. 1971 മുതല്‍ 89 വരെ യു.ഡി.എഫിനൊപ്പമായിരുന്നു ആറ്റിങ്ങല്‍. 1991 ല്‍ സുശീലാ ഗോപാലനിലൂടെയാണ് മണ്ഡലം സി.പി.എം. തിരിച്ചുപിടിച്ചത്. ശേഷമുളള തിരഞ്ഞെടുപ്പുകളില്‍ മണ്ഡലം  ഇടതിനൊപ്പമായിരുന്നു, 

മണ്ഡല പുനര്‍ നിര്‍ണയത്തിന് ശേഷമുള്ള രണ്ട് തിരഞ്ഞെടുപ്പുകളിലും ഇടത് സ്ഥാനാര്‍ഥിയായ എ. സമ്പത്താണ് ഇവിടെ വിജയിച്ചത്. 2019-ലാണ് ഇതിന് മാറ്റമുണ്ടാകുന്നതും അടൂര്‍ പ്രകാശിലൂടെ മണ്ഡലം യു.ഡി.എഫ്. പിടിച്ചെടുക്കുന്നതും. എന്നാല്‍ ഇത്തവണ യു.ഡി.എഫിനും എല്‍.ഡി.എഫിനും വെല്ലുവിളികള്‍ ഏറെയാണ്. മുമ്പുള്ളതിനേക്കാള്‍ ശക്തമായ ത്രികോണ മത്സരത്തിനുള്ള വേദിയായി മാറിയ മണ്ഡലമാണ് ആറ്റിങ്ങല്‍. വിജയിയേക്കാള്‍ ആര് മൂന്നാമതെത്തുമെന്ന കാര്യത്തില്‍ മാത്രമാണ് ഇനി സസ്പെന്‍സ് ഒളിച്ചിരിക്കുന്നത്.

അടിയൊഴുക്ക് എങ്ങോട്ട്?

ചിറയിന്‍കീഴ് ലോക്​സഭാ മണ്ഡലം 2008-ല്‍ ഇല്ലാതാവുകയും മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം അതിലെ മേഖലകള്‍ മാറിമറിഞ്ഞ് ആറ്റിങ്ങല്‍ മണ്ഡലമാവുകയും ചെയ്തു. 1991 മുതല്‍ 2004 വരെ തുടര്‍ച്ചയായി അഞ്ച് തിരഞ്ഞെടുപ്പുകളില്‍ ചിറയിന്‍കീഴ് മണ്ഡലം ഇടതിനൊപ്പം നിന്നു. അവസാനം 1998 മുതല്‍ 2004 വരെ വര്‍ക്കല രാധാകൃഷ്ണനാണ് മണ്ഡലത്തില്‍ എം.പിയായിരുന്നത്.  

മണ്ഡലം ആറ്റിങ്ങലായി പുനഃസംഘടിപ്പിച്ചപ്പോള്‍ പലരും കരുതിയത് അത് യു.ഡി.എഫിന് ഗുണം ചെയ്യുമെന്നാണ്. എന്നാല്‍ 2009-ലും 2014-ലും മണ്ഡലം ഇടതിനൊപ്പം ഉറച്ചുനിന്നു. മണ്ഡലത്തിലെ തന്നെ മുന്‍ എം.പിയായിരുന്ന എ. സമ്പത്തിനെ രണ്ടുതവണ ആറ്റിങ്ങലുകാര്‍ വിജയിപ്പിച്ചു വിട്ടു. എന്നാല്‍ 2019-ല്‍ കഥമാറി. അടൂര്‍ പ്രകാശ് എന്ന സ്ഥാനാര്‍ഥി വന്നതോടെ തിരഞ്ഞെടുപ്പിന്റെ ചിത്രം തന്നെ മാറുന്നത് കണ്ടു. 

അതിനൊപ്പം മണ്ഡലത്തില്‍ ശക്തമായ ത്രികോണ മത്സരവുമുണ്ടായി. ബി.ജെ.പി. സ്ഥാനാര്‍ഥിയായ ശോഭാ സുരേന്ദ്രന്‍ രണ്ടുലക്ഷത്തിലധികം വോട്ട് പിടിച്ച് എല്‍.ഡി.എഫ്., യു.ഡി.എഫ്. മുന്നണികളെ ഞെട്ടിച്ചു. മണ്ഡലത്തിന്റെ ചരിത്രത്തില്‍ത്തന്നെ ആദ്യമായിട്ടായിരുന്നു ബി.ജെ.പിയുടെ ഈ മുന്നേറ്റം. മാത്രമല്ല ഇടതുവിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചെങ്കിലും ബി.ജെ.പി. വിരുദ്ധ വോട്ടുകള്‍ കൃത്യമായി യു.ഡി.എഫിന് ലഭിച്ചതും അടൂര്‍ പ്രകാശിനെ തുണച്ചു. മാത്രമല്ല ആ സമയം രാഹുല്‍ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന പ്രതീതി കേരളത്തിലുണ്ടായിരുന്നു. ഇതിനൊപ്പം ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഇടത് സര്‍ക്കാരിനെതിരേ ഹിന്ദുവിഭാഗത്തിനിടയില്‍ വലിയ എതിര്‍പ്പും നിലനില്‍ക്കുന്ന സമയം. ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. 

ശബരിമല പ്രക്ഷോഭത്തില്‍ കളമിറങ്ങി കളിച്ച ബി.ജെ.പി. കൃത്യമായി വോട്ട് വര്‍ധിപ്പിച്ചു. ഇടത് വിരുദ്ധ വോട്ടിനൊപ്പം ബി.ജെ.പി. വിരുദ്ധ വോട്ടുകള്‍ ഇടതിലേക്ക് പോകാതെ കോണ്‍ഗ്രസിനൊപ്പം പോയതോടെ കാറ്റ് മാറിവീശി. എന്നാല്‍ അടിയൊഴുക്കുകളിലെ കളികള്‍ ഇത്തവണ ആരെ തുണയ്ക്കുമെന്ന് പറയാനാകില്ല. കാരണം 2019-ലെ സാഹചര്യമല്ല നിലനില്‍ക്കുന്നത് എന്നതുതന്നെ. എന്നാല്‍ മണ്ഡലത്തില്‍ വിജയ സാധ്യത ഉള്ളതായി മൂന്ന് മുന്നണികളും ഒരുപോലെ കണക്കുകൂട്ടുന്നു. അതുകൊണ്ടു തന്നെ മത്സരത്തില്‍ വിജയിക്കാന്‍ നന്നായി വിയര്‍പ്പൊഴുക്കേണ്ടിവരുമെന്ന് വ്യക്തം. 

ആറ്റിങ്ങല്‍ മണ്ഡലം മണ്ഡല പുനസംഘടനയെ തുടര്‍ന്ന് 2008-ലാണ് രൂപീകൃതമായത്. അതിന് മുമ്പ് ചിറയിന്‍കീഴ് മണ്ഡലത്തിന്റെ ഭാഗമായിരുന്നു ഇതിലെ മിക്ക പ്രദേശങ്ങളും. 

വര്‍ഷംസ്ഥാനാര്‍ഥിപാര്‍ട്ടിഭൂരിപക്ഷം
1952വി പരമേശ്വരന്‍ നായര്‍സ്വതന്ത്രന്‍16,904
1957 എം.കെ. കുമരന്‍സിപിഐ92,601
1962എം.കെ. കുമരന്‍സിപിഐ33,219
1967കെ. അനിരുദ്ധന്‍സിപിഎം29,343
1971വയലാര്‍ രവികോൺഗ്രസ്‌49,272
1977വയലാര്‍ രവികോൺഗ്രസ്‌60,925
1980എ എ റഹീംകോണ്‍ഗ്രസ് 6,063
1984തലേക്കുന്നില്‍ ബഷീര്‍കോണ്‍ഗ്രസ്31,465
1989തലേക്കുന്നില്‍ ബഷീര്‍കോണ്‍ഗ്രസ്5,130
1991സുശീല ഗോപാലന്‍സിപിഎം1,106
1996 എ സമ്പത്ത്സിപിഎം48,083
1998വര്‍ക്കല രാധാകൃഷ്ണന്‍സിപിഎം7,542
1999വര്‍ക്കല രാധാകൃഷ്ണന്‍സിപിഎം3,128
2004വര്‍ക്കല രാധാകൃഷ്ണന്‍സിപിഎം50,745
 ആറ്റിങ്ങല്‍ മണ്ഡലമായതിന് ശേഷം  
2009 എ സമ്പത്ത്സിപിഎം18,341
2014 എ സമ്പത്ത്സിപിഎം69,378
2019 അടൂര്‍ പ്രകാശ്കോണ്‍ഗ്രസ്38,247

വളര്‍ന്നു ഞെട്ടിച്ച് ബി.ജെ.പി.; ഇത്തവണ ആരുടെ വോട്ട് ചോരും?

മണ്ഡലത്തില്‍ ഇടത്- വലത് മുന്നണികളെ വെച്ചുനോക്കുമ്പോള്‍ മുന്‍പ് ബി.ജെ.പി. ഒരു ഭീഷണി പോലുമല്ലായിരുന്നു. കാരണം ബി.ജെ.പി. പിടിക്കുന്ന വോട്ടുകള്‍ പരമ്പരാഗതമായി കോണ്‍ഗ്രസിന്റെ വോട്ടുകളാണ് കുറച്ചുകൊണ്ടിരുന്നത്. അങ്ങനെതന്നെയാണ് യു.ഡി.എഫും കരുതിയിരുന്നത്. ഒരുതരത്തില്‍ അത് ശരിയെന്ന് പറയാം. മണ്ഡലത്തില്‍ ബി.ജെ.പി. ശക്തിപ്രകടിപ്പിച്ചത് ഇടതുപക്ഷത്തിനൊപ്പംനിന്നിരുന്ന പഞ്ചായത്ത് പ്രസിഡന്റിനെ സ്വന്തം പാളയത്തിലെത്തിച്ച് മത്സരിപ്പിച്ചാണ്. 10 വര്‍ഷത്തോളം ഇടതിനൊപ്പം നിന്ന എസ്. ഗിരിജാകുമാരിയെ 2014-ല്‍ മത്സരിപ്പിച്ചതോടെ ബി.ജെ.പിയുടെ വോട്ട് വിഹിതം കുത്തനെ കൂടി. 2009-ല്‍ 47,620 വോട്ടുണ്ടായിരുന്ന ബി.ജെ.പിക്ക് ഗിരിജാകുമാരിയിലൂടെ 90,52 വോട്ട് കിട്ടി. പക്ഷേ, ആ തിരഞ്ഞെടുപ്പിലും യു.ഡി.എഫിന് വോട്ട് നഷ്ടമാണ് ഉണ്ടാക്കിയത്. എ. സമ്പത്ത് വിജയിച്ചപ്പോള്‍ യു.ഡി.എഫിന് 5.23% വോട്ടാണ് നഷ്ടപ്പെട്ടത്. ബി.ജെ.പിക്ക് കൂടിയത് 3.95% വോട്ടും. 

placeholder
Sobha Surendran | Photo: Mathrubhumi
ശോഭാ സുരേന്ദ്രന്‍ | Photo: Mathrubhumi 

സത്യത്തില്‍ ഇടത് വോട്ടുകളില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ബി.ജെ.പിക്ക് സാധിച്ചില്ല. എന്നാല്‍ യു.ഡി.എഫ്. വോട്ടുകള്‍ കുറയാന്‍ അത് കാരണമാവുകയും ചെയ്തു. പക്ഷേ, മണ്ഡലത്തില്‍ ഇടതുപക്ഷവും യു.ഡി.എഫും തമ്മില്‍ അഞ്ച് ശതമാനത്തിന്റെ വോട്ടുവ്യത്യാസം മാത്രമാണ് ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ബി.ജെ.പി. സാന്നിധ്യം ഇടതിനെയാണ് തുണച്ചുകൊണ്ടിരുന്നത്. എന്നാല്‍ 2019-ലെ സാഹചര്യം എല്ലാ തിരഞ്ഞെടുപ്പുകളിലുംനിന്ന് വ്യത്യസ്തമായിരുന്നു. അവിടെ ശോഭാ സുരേന്ദ്രനെ കളത്തിലിറക്കിയ ബി.ജെ.പിയെ പോലും ഞെട്ടിച്ചാണ് അവര്‍ 14 ശതമാനത്തിലേറെ അധിക വോട്ടുനേടി 2,48,081 വോട്ടുമായി മൂന്നാം സ്ഥാനത്തെത്തിയത്. മുന്നണികള്‍ തമ്മിലുള്ള വോട്ടുകള്‍ നോക്കിയാല്‍ അടൂര്‍ പ്രകാശ് 38.34% വോട്ടുനേടി. രണ്ടാം സ്ഥാനത്തെത്തിയ സമ്പത്ത് 34.50%  വോട്ടും നേടി. ബി.ജെ.പിയാണ് മണ്ഡലത്തിന്റെ ചരിത്രത്തിലെ വലിയ മുന്നേറ്റം നടത്തിയത്. ആദ്യമായി ഇരട്ട അക്കത്തിലേക്ക് വോട്ട് ശതമാനം ഉയര്‍ത്തിയത്, 24.97%. മൂന്നു മുന്നണികളുടെയും വോട്ട് നോക്കിയില്‍ മൂന്നുപേര്‍ക്കും വിജയ സാധ്യത അവകാശപ്പെടാവുന്ന കണക്കാണ് 2019-ലേത്. പക്ഷേ, അന്നത്തേതിനേക്കാള്‍ വ്യത്യസ്തമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. 

സാമുദായിക സമവാക്യം

സാമുദായിക സംഘടനകള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള മണ്ഡലം കൂടിയാണിത്. പിന്നാക്ക വിഭാഗങ്ങള്‍ക്ക് ശക്തമായ പ്രാതിനിധ്യവുമുണ്ട്.  ഈഴവ-മുസ്‌ലിം-ദളിത് വിഭാഗങ്ങള്‍ തിരഞ്ഞെടുപ്പ് ഗതിയെ നിര്‍ണയിക്കാന്‍ തക്കവിധ സ്വാധീനമുള്ളവരാണെന്നതും ആറ്റിങ്ങലിലെ സ്ഥാനാര്‍ഥിയെ സംബന്ധിച്ച നിര്‍ണായകമായ കാരണങ്ങളാണ്. അത് കൊണ്ട് തന്നെ  ഈഴവ വിഭാഗത്തില്‍പ്പെടുന്നവരെയാണ് സാധാരണയായി മുന്നണികള്‍ സ്ഥാനാര്‍ഥികളായി പരിഗണിക്കുന്നതും. കാട്ടാക്കട, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, വര്‍ക്കല മണ്ഡലങ്ങളില്‍ സാമുദായിക സമവാക്യങ്ങള്‍ നിര്‍ണായകമാണ്. ഈഴവ സ്വാധീന മേഖലകള്‍ കൂടിയാണിത്. 

ഇത് മുന്നില്‍ കണ്ടാണ് 2019-ല്‍ ശോഭാ സുരേന്ദ്രനെ ബി.ജെ.പി. സ്ഥാനാര്‍ഥിയാക്കിയത്. അത് ഫലം ചെയ്യുകയും ചെയ്തു. എ. സമ്പത്ത്, അടൂര്‍ പ്രകാശ് എന്നിവരെല്ലാം ഇതേ സമുദായത്തില്‍നിന്നുള്ളവര്‍ കൂടിയാണ് എന്നതു നോക്കുമ്പോഴാണ് മണ്ഡലത്തിലെ വോട്ടുബാങ്കിന്റെ സ്വാധീനം എത്രത്തോളമെന്ന് അറിയാന്‍ സാധിക്കുക. മണ്ഡലത്തിലെ നാല് മണ്ഡലങ്ങളില്‍ ജയപരാജയങ്ങള്‍ സ്വാധീനിക്കാന്‍ കഴിയുന്ന വോട്ടുബാങ്കുള്ളപ്പോള്‍ മാറിചിന്തിക്കാന്‍ മുന്നണികളും തയ്യാറല്ല. ഇടതിനൊപ്പം മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ പിന്തുണയും നിര്‍ലോഭമായി കിട്ടാറുണ്ട്. യു.ഡി.എഫിന് ന്യൂനപക്ഷ പിന്തുണയും ധാരാളം ലഭിക്കുന്നു. 

പക്ഷേ, ഇത്തവണ ആര് വിജയിക്കുമെന്ന് പറയാനാകാത്ത സാഹചര്യമാണ് മണ്ഡലത്തിൽ. കഴിഞ്ഞ തവണ യു.ഡി.എഫ്. ജയിച്ച സാഹചര്യമല്ല കേരളത്തിലും ദേശീയ തലത്തിലുമുള്ളത്. കോണ്‍ഗ്രസ് ദുര്‍ബലമാണെന്ന ചിന്ത ജനങ്ങളില്‍ ഉണ്ടാവുകയാണെങ്കില്‍ യു.ഡി.എഫിന് കൂടുതല്‍ വിയര്‍ക്കേണ്ടി വരും. കഴിഞ്ഞ തവണത്തേതുപോലെ രാഹുല്‍ ഗാന്ധിയുടെ കേരളത്തിലെ സാന്നിധ്യം അങ്ങനെയെങ്കില്‍ ഗുണം ചെയ്യില്ല. അതേസമയം ബി.ജെ.പി. കേന്ദ്രത്തില്‍ വരുന്നതിനോട് എതിര്‍പ്പുള്ള വിഭാഗങ്ങള്‍ മണ്ഡലത്തില്‍ ധാരാളമാണ്. ആ വോട്ട് ആര്‍ക്ക് കിട്ടുന്നുവെന്നതാണ് നിര്‍ണായകം. അത് തങ്ങള്‍ക്ക് കിട്ടുമെന്ന് യു.ഡി.എഫും എല്‍.ഡി.എഫും ഒരുപോലെ കരുതുന്നു. അതിനുള്ള കളികളാണ് മുന്നണികള്‍ മാറിമാറി കളിക്കുന്നത്.

മറിച്ച് രാമക്ഷേത്ര നിര്‍മാണം ഉള്‍പ്പെടെയുള്ള കാര്‍ഡിറക്കി തന്നെയാണ് ബി.ജെ.പിയുടെ നിശബ്ദ പ്രചരണം. ദേശീയ തലത്തില്‍ രാമക്ഷേത്രത്തില്‍ പൂജിച്ച അക്ഷതം വിതരണം ചെയ്ത സമയത്ത് ആറ്റിങ്ങലില്‍ അതിനെ നന്നായി ഉപയോഗിക്കാന്‍ ബി.ജെ.പിക്ക് സാധിച്ചിട്ടുണ്ട്. ഭൂരിപക്ഷ വോട്ടുകളില്‍ അത് എത്രത്തോളം സ്വാധീനിച്ചുവെന്ന് തിരഞ്ഞെടുപ്പ് ഫലത്തില്‍ മാത്രമേ വിലയിരുത്താനാകു. പക്ഷേ, മണ്ഡലത്തില്‍ ബി.ജെ.പി. വോട്ട് വര്‍ധിച്ചത് സാമുദായിക ധ്രുവീകരണം വോട്ടിങ് പാറ്റേണില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ബി.ജെ.പിക്ക് കിട്ടാന്‍ സാധ്യത ഇല്ലാത്ത ആ വോട്ടുകള്‍ ആര് കൊണ്ടുപോകുമെന്നാണ് കണ്ടറിയേണ്ടത്.