കൊച്ചി: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായേക്കുമെന്ന ശക്തമായ സൂചന നല്‍കി കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം ആറ്റിങ്ങലില്‍ പ്രവര്‍ത്തിച്ചുവരികയാണെന്ന് സ്ഥാനാര്‍ഥിത്വത്തെ സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു. എന്നാല്‍, മത്സരിക്കുന്നത് എവിടെയാണെന്ന് പാര്‍ട്ടിയാണ് തീരുമാനിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി.

To advertise here,

മത്സരിക്കാന്‍ ആഗ്രഹമുണ്ടോയെന്ന ചോദ്യത്തിന് താന്‍ രാമകൃഷ്ണമിഷനിലെ സന്യാസി അല്ലല്ലോ എന്നായിരുന്നു മറുചോദ്യം. മണ്ഡലത്തില്‍ മുരളീധരന്‍ സ്ഥാനാര്‍ഥിയായേക്കുമെന്ന സൂചനകള്‍ നേരത്തെ പുറത്തുവന്നിരുന്നു. കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം അദ്ദേഹം കുറച്ചു നാളായി ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെത്തുന്ന അദ്ദേഹം മണ്ഡത്തിലെ വലുതും ചെറുതുമായ എല്ലാ പരിപാടികളിലും പങ്കെടുത്തുവരുന്നുണ്ട്.

അതേസമയം, ആറ്റിങ്ങളില്‍ സ്ഥാനാര്‍ഥിത്വം മുന്നില്‍ക്കണ്ട് വി. മുരളീധരന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ശോഭാ സുരേന്ദ്രന്‍ നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സ്ഥാനാര്‍ഥിയെ തിരഞ്ഞെടുപ്പെത്തുമ്പോള്‍ പാര്‍ട്ടി നിശ്ചയിക്കുമെന്നായിരുന്നു കഴിഞ്ഞ ജുലൈയില്‍ ശോഭാ സുരേന്ദ്രന്റെ പ്രതികരണം.

കോണ്‍ഗ്രസിന്റെ അടൂര്‍ പ്രകാശ് ആണ് നിലവില്‍ മണ്ഡലത്തെ ലോക്‌സഭയില്‍ പ്രതിനിധീകരിക്കുന്നത്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡോ. എ. സമ്പത്തില്‍നിന്ന് അടൂര്‍ പ്രകാശ് മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു. ശോഭാ സുരേന്ദ്രനായിരുന്നു കഴിഞ്ഞ തവണ ബിജെപി സ്ഥാനാര്‍ഥി. 38,000ത്തിലേറെ ഭൂരിപക്ഷത്തിനാണ് അടൂര്‍ പ്രകാശ് മണ്ഡലം പിടിച്ചത്. മൂന്നാമതുള്ള ശോഭാസുരേന്ദ്രന്‍ ഇവിടെ 2,48,000ത്തിലേറെ വോട്ടുകള്‍ ഇവിടെ നേടിയിരുന്നു. തൊട്ടുമുന്‍ വര്‍ഷം നാലുശതമാനത്തിനടുത്ത് ബിജെപിക്ക്‌ വോട്ടുവിഹിതം മാത്രമുണ്ടായിരുന്നിടത്ത് ശോഭാ സുരേന്ദ്രന്റെ സ്ഥാനാര്‍ഥിത്വത്തോടെ  14.43 ശതമാനമായി വര്‍ധിച്ചിരുന്നു.

നിലവില്‍ മഹാരാഷ്ട്രയില്‍നിന്നുള്ള രാജ്യസഭാ എം.പിയാണ് വി. മുരളീധരന്‍.