ആലപ്പുഴ: റഷ്യയിൽ ഭീകരാക്രമണം നടത്തിയതിനെ കേരളത്തിലെ കോൺഗ്രസും സി.പി.എമ്മുകാരും അപലപിക്കാത്തതെന്തെന്നു പരിശോധിക്കണമെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. എൻ.ഡി.എ. ആലപ്പുഴ പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

To advertise here,

ഒരു പ്രത്യേക മതവിഭാഗത്തെ മുൻനിർത്തി വോട്ടുപിടിക്കാനാണവർ ശ്രമിക്കുന്നത്. നിരോധിത സംഘടനകളുടെ കളിപ്പാവകളാണവർ. മലരും കുന്തിരിക്കവും കരുതിക്കോ എന്നുപറഞ്ഞതിനെ അപലപിക്കാനവർക്കാകില്ലെന്നും അദ്ദേഹം പറഞ്ഞു.

മുസ്‌ലിം സമുദായത്തിലെ സ്ത്രീകളെ തോന്നിയപോലെ ഉപേക്ഷിക്കാതിരിക്കാൻ മുത്തലാഖ് കൊണ്ടുവന്നപ്പോൾ എതിർത്തയാളാണ് എ.എം. ആരിഫ്. മുസ്‌ലിം വനിതകൾക്കും സ്വത്തവകാശം ലഭിക്കുന്നതിനായി ഏക സിവിൽകോഡ് കൊണ്ടുവന്നപ്പോൾ അതിനെ എതിർത്തയാളാണ് കെ.സി. വേണുഗോപാൽ -സുരേന്ദ്രൻ കുറ്റപ്പെടുത്തി.

ആലപ്പുഴ നഗരചത്വരത്തിൽ നടന്ന പരിപാടിയിൽ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ, സംസ്ഥാന ജനറൽ സെക്രട്ടറി പന്തളം പ്രതാപൻ, ബി.ഡി.ജെ.എസ്. സംസ്ഥാന ജനറൽ സെക്രട്ടറി പി.എസ്. ജ്യോതിസ്, ജോർജ് കുര്യൻ, കെ. സോമൻ, വെള്ളിയാകുളം പരമേശ്വരൻ, എം.വി. ഗോപകുമാർ, വിമൽ രവീന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.

ബ്ലോക്ക് കോൺഗ്രസ് നേതാവ് ബിനു ജേക്കബ്, വ്യവസായി അജയ്ഘോഷ് ചാരങ്കാട്ട്, കാമരാജ് കോൺഗ്രസ് നേതാവ് കെ. പ്രഹ്ലാദൻ എന്നിവർ സുരേന്ദ്രനിൽനിന്ന് പാർട്ടിയംഗത്വം സ്വീകരിച്ചു.