ആലപ്പുഴ : ആരിഫിന്റെ പ്രചാരണവാഹനത്തിനും സ്വകാര്യ വാഹനത്തിനും കട്ടച്ചുവപ്പാണ്. കാലം ചുവപ്പിച്ച വഴികളിലൂടെയായിരുന്നു ആലപ്പുഴയിലെ എൽ.ഡി.എഫ്. സ്ഥാനാർഥിയായ അദ്ദേഹത്തിന്റെ തിങ്കളാഴ്ചത്തെ പ്രചാരണം. നേരം വെളുത്ത് വെയിൽ ചൂടുപിടിക്കുന്നതിനു മുൻപുതന്നെ ആലപ്പുഴ തിരുവമ്പാടിയിലെ വീട്ടിൽനിന്നിറങ്ങി. അമ്പലപ്പുഴ കിഴക്ക് ശക്തീശ്വരിയിലാണ് തുടക്കം. അമ്പലപ്പുഴ മണ്ഡലത്തിലെ രണ്ടാംഘട്ട യാത്രയാണ്. ദിവസങ്ങളോളംനീണ്ട പ്രചാരണം എ.എം. ആരിഫിന്റെ ഊർജം ഒട്ടുംകുറച്ചിട്ടില്ല.

To advertise here,

പതിനൊന്നുമണിയാകുമ്പോൾത്തന്നെ വെയിൽ കത്തിക്കാളുന്നു. ഉച്ചയ്ക്ക് രണ്ടു മണിക്കൂറെങ്കിലും വിശ്രമിക്കുന്നുണ്ട്. രണ്ടരയ്ക്കെന്നു പറയുന്ന പരിപാടി മൂന്നുമണിയെങ്കിലുമാകാതെ തുടങ്ങില്ല. പക്ഷേ, ആരിഫ് ഇക്കാര്യത്തിലും വിട്ടുവീഴ്ചയ്ക്കില്ല. കൃത്യസമയത്താണ് തുടക്കം. വണ്ടാനത്തുനിന്നാണ് ഉച്ചതിരിഞ്ഞ്‌ തുടങ്ങിയത്. പ്രചാരണവാഹനത്തിന്റെ മുൻനിരയിൽ സ്ഥലം എം.എൽ.എ. എച്ച്. സലാമുണ്ട്. പോർത്തശ്ശേരിയിലെത്തുമ്പോൾ നാട്ടുകാരായ സ്ത്രീകളുൾപ്പെടെ ചെറുതല്ലാത്ത സംഘം. ചെറുവാചകങ്ങളിലാണു സ്ഥാനാർഥിയുടെ പ്രസംഗം. പാർലമെന്റിൽ 143 സംവാദങ്ങളിലൂടെയും 244 ചോദ്യങ്ങളിലൂടെയും കേരളത്തിനായി സംസാരിച്ചതാണ് ചൂണ്ടിക്കാട്ടുന്നത്. ‘കേരളത്തിനു കിട്ടാനുള്ള നികുതിവിഹിതം തരാതെ കേന്ദ്രസർക്കാർ ബുദ്ധിമുട്ടിച്ചപ്പോൾ പാർലമെന്റിൽ സംസാരിച്ചു. എന്നാൽ, ഒരു കോൺഗ്രസ് എം.പി. പോലും പിന്തുണച്ചില്ല. ആങ്ങള ചത്താലും വേണ്ടില്ല, നാത്തൂന്റെ കണ്ണീരു കണ്ടാൽ മതി എന്ന മട്ടിലായിരുന്നു അവർ. വിഹിതം കിട്ടാതെവന്നതാണ് ഇവിടെ പെൻഷൻ നൽകാൻ കാലതാമസമുണ്ടാക്കിയത്. പെൻഷൻ കിട്ടുന്നത് എൽ.ഡി.എഫുകാർക്കു മാത്രമല്ല എന്ന കാര്യംപോലും കോൺഗ്രസുകാർ ഓർത്തില്ല’-പ്രസംഗത്തിന്റെ ഊന്നൽ ഇങ്ങനെയാണ്.

എതിരാളികളെ പേരുപറയാതെയാണ് വിമർശിക്കുന്നത്. രാജ്യസഭയിൽ രണ്ടരവർഷം എം.പി. യായി ബാക്കിയുണ്ടായിട്ടും യു.ഡി.എഫ്. സ്ഥാനാർഥി ഇവിടെ മത്സരിക്കുന്നു. ജയിച്ചാൽ അദ്ദേഹത്തിന്റെ സീറ്റ് ബി.ജെ.പി.ക്കു പോകും. വർഗീയശക്തികൾക്കുള്ള വോട്ട് നാട്ടിലെ സമാധാനം തകർക്കും. ഡൽഹി കലാപത്തിൽ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾക്കിടയിലൂടെ നടന്നത് നടുക്കുന്ന ഓർമ്മയാണ്-ആരിഫ് രാഷ്ട്രീയത്തിലേക്കു കടന്നു.

സമ്മേളനം കഴിഞ്ഞപ്പോൾ മാലയിടാൻ വലിയ തിരക്ക്. ചിലർ രക്തഹാരമിട്ടപ്പോൾ മറ്റുചിലർ തോർത്താണ് അണിയിക്കുന്നത്. കുട്ടികൾ അച്ഛന്റെ തോളിലിരുന്നു മാലയിടുന്നു. പ്രചാരണ വാഹനത്തിന്റെ മുന്നിലും പിന്നിലുമായി ഇരുചക്രവാഹനങ്ങളിൽ പ്രവർത്തകരുടെ വൻസംഘമുണ്ട്. വീടുകളിൽനിന്ന് ആളുകൾ പുറത്തേക്കു തലനീട്ടി. ആരിഫ് നടത്തിയ വികസനപ്രവർത്തനങ്ങളുടെ പട്ടിക 24 പേജുള്ള പത്രികയായി അച്ചടിച്ചു വിതരണം ചെയ്തിട്ടുണ്ട്. ‘നിങ്ങളുടെ വോട്ടുമാത്രംപോരാ. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വോട്ടുകൂടി വാങ്ങി നൽകണ’മെന്നാണ് അഭ്യർഥന.

നോട്ട് ബുക്കിലെ പാഠം

: ദേശീയപാത പടിഞ്ഞാറേക്കു മറികടന്ന് യാത്ര ആദ്യപാഠത്തെത്തി. അവിടെ പ്രവർത്തകർ സന്തോഷത്തോടെ കൈമാറുന്നത് നോട്ട്ബുക്കുകളാണ്. പ്ലാസ്റ്റിക്ക് ഒഴിവാക്കിയുള്ള നല്ലപാഠം. ഇതു പിന്നീട് അർഹർക്കു കൈമാറുകയാണ്. സ്ഥാനാർഥിയോടൊപ്പംവന്ന വണ്ടികൾ കാരണം വീതിയില്ലാത്ത റോഡിൽ ബ്ലോക്കുണ്ടായി. പ്രസംഗത്തിനിടെ ആരിഫ് ഇടപെട്ടു. ‘സഖാക്കൾ ബ്ലോക്ക് മാറ്റിക്കൊടുക്കണം. ആളുകളുടെ യാത്രയ്ക്ക് തടസ്സമുണ്ടാക്കരുത്.’ പ്രവർത്തകർ രംഗത്തിറങ്ങി. നിമിഷങ്ങൾക്കുള്ളിൽ കുരുക്കഴിഞ്ഞു. തുടർന്ന് പുന്നപ്ര സമരഭൂമി മേഖലാ കമ്മിറ്റിയുടെ സ്വീകരണമാണ്. നാലുപുരയ്ക്കലിൽ.

കാത്തുനിന്ന് ജോൺ ബ്രിട്ടാസ്

: സ്വീകരണസ്ഥലത്തെത്തുമ്പോൾ കാത്തുനിൽക്കുന്നത് ജോൺ ബ്രിട്ടാസ് എം.പി. പരസ്പരം കെട്ടിപ്പിടിച്ച് ഇരുവരും കുശലം പറഞ്ഞു. കായംകുളത്ത് പരിപാടിക്കു പോകുമ്പോഴാണ് ബ്രിട്ടാസെത്തിയത്.

ചുവപ്പിന്റെ മണ്ണിൽ ആരിഫ് കൂടുതൽ ആവേശഭരിതനായി. തണൽമരങ്ങൾ നിറഞ്ഞ സ്വീകരണസ്ഥലത്ത് കാത്തിരുന്നത് നല്ല ജനക്കൂട്ടം. പോകുന്നതിനുമുമ്പ് ഒരാൾ ചുക്കുകാപ്പിയുമായി ഓടിയെത്തി. പിന്നാലെ ചക്കയടയും. രണ്ടും പെട്ടെന്നു കഴിച്ച് സ്ഥാനാർഥി യാത്രപറഞ്ഞു. അപ്പോഴേക്കും സൂര്യൻ ഒരു ചുവപ്പുഗോളമായി പടിഞ്ഞാറെ ചക്രവാളത്തിലെത്തിയിരുന്നു.