
വിപ്ലവം വിതച്ച് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ കരുത്താർജിച്ച മണ്ണാണ് ആലപ്പുഴ. എന്നാൽ, പാർലമെന്റിലേയ്ക്കുള്ള വോട്ടിന്റെ കാര്യം എന്നും ഇടതുപക്ഷത്തെ മുറുകെപിടിച്ച പാരമ്പര്യം മണ്ഡലത്തിനില്ല. നിയമസഭയിലേക്ക് പലപ്പോഴും ഭൂരിപക്ഷം സീറ്റുകളിലും ഇടതുപക്ഷത്തിനൊപ്പം നിന്ന ആലപ്പുഴ, ഡൽഹിയിലേക്ക് ഇരുകക്ഷികളേയും മാറി മാറി അയച്ചതാണ് ചരിത്രം. 2019-ലെ പൊതുതിരഞ്ഞെടുപ്പിലും ജനവിധി വേറിട്ട് നിന്നു. യു.ഡി.എഫ് കൊടുങ്കാറ്റിൽ കേരളത്തിലെ 20-ൽ 19 സീറ്റും യു.ഡി.എഫ് പിടിച്ചടക്കിയപ്പോള്‍ ആലപ്പുഴ മാത്രം ഒരു തരി കനലായി വേറിട്ടുനിന്നു. എ.എം ആരിഫ് ഡല്‍ഹിക്ക് വണ്ടികയറി ലോക്സഭയിലെ ഒരേയൊരു സി.പി. എം എം.പിയായി. 2009 ലും 2014 -ലും കെ.സി വേണുഗോപാല്‍ ജയിച്ച സീറ്റ് അദ്ദേഹം മാറി ഷാനിമോള്‍ ഉസ്മാന്‍ എത്തിയപ്പോള്‍ യുഡിഎഫിനെ കൈവിടുകയായിരുന്നു. 2024-ലേക്ക് എത്തുമ്പോഴും അതുകൊണ്ട് തന്നെ തികച്ചും പ്രവചനാതീതമാണ് ആലപ്പുഴ.
കേവലം 10,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു എ.എം. ആരിഫ് കഴിഞ്ഞ തവണ ജയിച്ചുകയറിയത്. തങ്ങൾക്കൊപ്പം നിന്നിരുന്ന മണ്ഡലം എന്ത് വിലകൊടുത്തും തിരിച്ചുപിടിക്കാനൊരുങ്ങുയാണ് യു.ഡി.എഫ്. സംസ്ഥാനതലത്തിൽ വിവിധ വിഷയങ്ങളിലായി ഇടതുപക്ഷ സർക്കാർ പ്രതിക്കൂട്ടിലാണെന്നതിലാണ് അവരുടെ പ്രതീക്ഷ. എന്നാൽ, ആരിഫിലൂടെ തന്നെ മണ്ഡലത്തിൽ തുടർവിജയം സാധ്യമാകുമെന്ന കണക്കുകൂട്ടലിലാണ് ഇടതുപക്ഷം. കഴിഞ്ഞ കാലങ്ങളിലെ വോട്ടുവിഹിതത്തിലുണ്ടായ വളർച്ചയിൽ പ്രതീക്ഷയർപ്പിച്ച് ബി.ജെ.പിയുമുണ്ട് അരയും തലയും മുറുക്കി മത്സരത്തിന്.
ഇടതു മാറി, വലതു മാറി
ആലപ്പുഴ ജില്ലയിലെ ആറ് നിയമസഭാ മണ്ഡലങ്ങളും കൊല്ലത്തെ കരുനാഗപ്പള്ളിയും അടങ്ങുന്നതാണ് ആലപ്പുഴ ലോക്‌സഭാ മണ്ഡലം. ഇവയിൽ ഏഴ് മണ്ഡലങ്ങളിൽ അഞ്ചിടത്തേയും പ്രതിനിധീകരിക്കുന്നത് ഇടത് എം.എല്‍.എമാരാണ്. 2016-ലാകട്ടെ ഏഴിൽ ആറിടത്തും ഇടതുപക്ഷമായിരുന്നു. രമേശ് ചെന്നിത്തലയുടെ തട്ടകമായ ഹരിപ്പാട് മാറ്റിനിർത്തിയാൽ മറ്റ് ആറ് മണ്ഡലങ്ങളിൽ നിന്നും ഇടതുപക്ഷ സ്ഥാനാർഥികൾ അന്ന് വിജയിച്ചുകയറി. എന്നാൽ, നിയമസഭാ തിരഞ്ഞെടുപ്പിൽ നിലനിൽക്കുന്ന മേൽക്കൈ ഇടതുപക്ഷത്തിന് ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലുണ്ടാകുമെന്ന് ആരും കരുതുന്നില്ല.
മണ്ഡലത്തിലെ എം.എൽ.എമാർ
- അരൂർ- ദലീമ - സി.പി.എം
- ചേർത്തല- പി. പ്രസാദ് - സി.പി.ഐ
- ആലപ്പുഴ- പി.പി ചിത്തരഞ്ജൻ - സി.പി.എം
- അമ്പപ്പുഴ- എച്ച്. സലാം - സി.പി.എം
- ഹരിപ്പാട്- രമേശ് ചെന്നിത്തല - കോൺഗ്രസ്
- കായംകുളം- യു. പ്രതിഭ - സി.പി.എം
- കരുനാഗപ്പള്ളി- സി.ആർ. മഹേഷ് - കോൺഗ്രസ്
1952-ലേക്ക് അന്നത്തെ തിരുകൊച്ചിയുടെ ഭാഗമായിരുന്ന പഴയ ആലപ്പുഴയിൽ നിന്നും പി.ടി പുന്നൂസാണ് മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്‌സഭയിലെത്തുന്ന ആദ്യ പ്രതിനിധി. അന്ന് ഇടതു സ്വതന്ത്രനായ സ്വതന്ത്രനായി മത്സരിച്ച പുന്നൂസ് 76370 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു. പിന്നീട് 1957-ലെ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയായി പുനഃക്രമീകരിച്ച മണ്ഡലത്തിൽ നിന്നും സി.പി.ഐ പ്രതിനിധിയായി മത്സരിച്ച് പി.ടി പുന്നൂസ് മണ്ഡലം നിലനിർത്തി. 1962-ൽ സി.പി.ഐയുടെ പി.കെ വാസുദേവൻ നായരും 1967-ൽ സി.പി.എമ്മിന്റെ സുശീല ഗോപാലനും അമ്പലപ്പുഴയിൽ നിന്നും രാജ്യതലസ്ഥാനത്തെത്തി. 67-ൽ ഒപ്പം നിന്ന ജനങ്ങൾ പക്ഷേ 1971-ൽ സുശീല ഗോപാലനെ കൈവിട്ടു. 1967-ൽ ഇടതുപക്ഷത്തിന്റെ അവിഭക്ത ഘടകമായിരുന്നു ആർ.എസ്.പി സ്ഥാനാർഥി കെ. ബാലകൃഷ്ണൻ 25000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മണ്ഡലത്തിൽ നിന്നും വിജയിച്ചുകയറി.
1977-ലെ പുനർനിർണയത്തോടെയാണ് മണ്ഡലം ഇന്ന് കാണുന്ന ആലപ്പുഴയാകുന്നത്. ഇതോടെ മണ്ഡലത്തിന്റെ ചിത്രമാകെ മാറി. അന്നോളം ഇടതിനൊപ്പം നിന്ന മണ്ഡലം അക്കൊല്ലം വലത്തോട്ട് ചാഞ്ഞു. 63998 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വി.എം സുധീരൻ മണ്ഡലം പിടിച്ചെടുത്തു. ഈ വിജയത്തിനുശേഷം വ്യക്തമായൊരു മേൽക്കൈ ആലപ്പുഴ ഒരു മുന്നണിക്കും നൽകിയിട്ടില്ല. മണ്ഡലത്തിലെ ജനങ്ങൾ ലോക്സഭയിലേക്കായി വ്യത്യസ്ത കക്ഷികളെ പരീക്ഷിച്ചു.
1977-ൽ സുധീരൻ സ്വന്തമാക്കിയ മണ്ഡലം 1980-ൽ സുശീല ഗോപാലനിലൂടെ ഇടതുപക്ഷം തിരിച്ചുപിടിച്ചു. അന്നോളം ആലപ്പുഴ കണ്ടതിൽ വച്ച് ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയായിരുന്നു സുശീല ഗോപാലന്റെ വിജയം. എന്നാൽ, തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ ജനങ്ങൾ വക്കം പുരുഷോത്തമനിലൂടെ കോൺഗ്രസിന്റെ കൈ പിടിച്ചു. 1989-ലും വക്കം തന്റെ വിജയം ആവർത്തിച്ചു. 1991-ൽ സി.പി.എമ്മിന്റെ ടി.ജെ ആഞ്ചലോസിനെ തിരഞ്ഞെടുത്ത ആലപ്പുഴയിലെ ജനങ്ങൾ 1996-ൽ വീണ്ടും സുധീരനൊപ്പം നിന്നും. 96-ലെ വിജയം 1998-ലും 1999-ലും സുധീരൻ ആവർത്തിച്ചു. വിജയം ആവർത്തിക്കുന്നതിനോടൊപ്പം തന്റെ ഭൂരിപക്ഷവും സുധീരൻ ഉയർത്തി.
അത്രനാൾ മണ്ഡലത്തെ പ്രതിനിധീകരിച്ചെങ്കിലും 2004-ലെ തിരഞ്ഞെടുപ്പിൽ സുധീരന് കാലിടറി. അന്നോളം ആലപ്പുഴ കണ്ട ഏറ്റവും വലിയ അട്ടിമറിക്കായിരുന്ന 2004-ൽ മണ്ഡലം സാക്ഷിയായത്. ലത്തീൻ സഭയുടെ പ്രതിനിധിയെന്ന വിശേഷണവുമായി വന്ന സി.പി.എമ്മിന്റെ ഡോ. കെ.എസ് മനോജ് സുധീരനിൽ നിന്നും 1022 വോട്ടുകളുടെ നിസ്സാര ഭൂരിപക്ഷത്തിന് മണ്ഡലം റാഞ്ചി. അപരന്മാര്‍ക്ക് തിരഞ്ഞെടുപ്പിലെ പ്രസക്തി നിര്‍ണയിച്ച തിരഞ്ഞെടുപ്പ് കൂടിയായിരുന്നു അത്. കൈപ്പത്തിയുമായി സാമ്യം തോന്നിക്കുന്ന ഷട്ടിൽ കോക്ക് ചിഹ്നത്തിൽ മത്സരിച്ച വി.എസ് സുധീരന്റെ ബാലറ്റിൽ വീണ 8,282 വോട്ടുകൾ വി.എം സുധീരന്റെ പരാജയം ഉറപ്പുവരുത്തി. തന്റെ പേരും ചിഹ്നവും വി.എം സുധീരന്റെ തോൽവി ഉറപ്പുവരുത്തിയെന്നാണ് ഇതേക്കുറിച്ച് പിന്നീട് അപരസ്ഥാനാർഥിയായി മത്സരിച്ച സുധീരൻ പറഞ്ഞത്. കോൺഗ്രസിനുള്ളിൽ തന്നെ സുധീരനെതിരെ ചില പടയൊരുക്കങ്ങളുണ്ടായിരുന്നതായും ഇദ്ദേഹം പിന്നീട് പല അഭിമുഖങ്ങളിലും വ്യക്തമാക്കി.
എന്നാൽ, 2004-ലെ അപരഭാഗ്യം 2009-ൽ കെ.സി മനോജിന് 2009-ലുണ്ടായിരുന്നില്ല. അന്ന് ആലപ്പുഴ എം.എൽ.എ ആയിരിക്കെയാണ് കെ.സി വേണുഗോപാൽ ലോക്‌സഭയിലേക്ക് ജനവിധി തേടുന്നത്. 57,656 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ കെ.സി മണ്ഡലം തിരിച്ചുപിടിച്ചു. 2014-ലും ജനങ്ങൾ കെ.സി വേണുഗോപാലിന് തന്നെ അവസരം നൽകിയെങ്കിലും ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ ഗണ്യമായ കുറവുണ്ടായി. അവസാനം, 2019-ലെ തിരഞ്ഞെടുപ്പിൽ കേരളം മുഴുവൻ കോൺഗ്രസിനൊപ്പം നിന്നപ്പോൾ, ശബരിമല മുതൽ അക്രമ രാഷട്രീയം വരെ ചർച്ചയായ സാഹചര്യത്തിലും ആലപ്പുഴ വോട്ടർമാർ ഇടതിനൊപ്പം നിന്നും. ഷാനിമോൾ ഉസ്മാനെതിരേ 10,474 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ആരിഫ് പാർലമെന്റിലെത്തി.
ആലപ്പുഴ മണ്ഡലത്തിൻറെ ചരിത്രം
| വർഷം | വിജയി | പാർട്ടി | ഭൂരിപക്ഷം |
| 1952 | പി.ടി.പുന്നൂസ് | സ്വത. | 76370 |
| 1957 | പി.ടി.പുന്നൂസ് | സി.പി.ഐ | 30208 |
| 1962 | പി.കെ.വാസുദേൻ നായർ | സി.പി.ഐ | 11222 |
| 1967 | സുശീല ഗോപാലൻ | സി.പി.എം | 50278 |
| 1971 | കെ.ബാലകൃഷ്ണൻ | ആർ.എസ്.പി | 25935 |
| 1977 | വി.എം.സുധീരൻ | കോൺ | 63998 |
| 1980 | സുശീല ഗോപാലൻ | സി.പി.എം | 114779 |
| 1984 | വക്കം പുരുഷോത്തമൻ | കോൺ | 37769 |
| 1989 | വക്കം പുരുഷോത്തമൻ | കോൺ | 25093 |
| 1991 | ടി.ജെ. ആഞ്ജലോസ് | സി.പി.എം | 14048 |
| 1996 | വി. എം.സുധീരൻ | കോൺ | 25943 |
| 1998 | വി.എം.സുധീരൻ | കോൺ | 40662 |
| 1999 | വി.എം.സുധീരൻ | കോൺ | 35100 |
| 2004 | ഡോ.കെ.എസ്. മനോജ് | സി.പി.എം | 1022 |
| 2009 | കെ.സി.വേണുഗോപാൽ | കോൺ. | 57656 |
| 2014 | കെ.സി.വേണുഗോപാൽ | കോൺ. | 19450 |
| 2019 | എ.എം. ആരിഫ് | സി.പി.എം | 10474 |
2019-ലെ അങ്കം
2009-ലേയും 2014-ലേയും വിജയത്തിന്റെ ആത്മവിശ്വാസത്തിലായിരുന്നു കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ, എന്ത് വിലകൊടുത്തും മണ്ഡലം തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലായിരുന്നു എൽ.ഡി.എഫ്. കന്നിക്കാരുടെ അങ്കമായിരുന്നു 2019-ൽ ആലപ്പുഴയിൽ. നിയമസഭയില്‍ ആരൂരിന്റെ ജനപ്രതിനിധിയായിരിക്കെയാണ് ആരിഫ് ലോക്‌സഭയിലേക്ക് കഴിഞ്ഞ തവണ അങ്കത്തിനിറങ്ങിയത്. അവസാന നിമിഷത്തെ ടേണിങ് പോയിന്റിലൂടെയാണ് ഷാനിമോൾ ഉസ്മാൻ ആലപ്പുഴയിൽ യു.ഡി.എഫ് സ്ഥാനാർഥിയായെത്തുന്നത്. ആലപ്പുഴ നിലനിർത്താൻ കെ.സി എത്തുമെന്ന അഭ്യൂഹങ്ങൾക്കിടയാണ് വയനാട്ടിലേക്ക് രാഹുലിന്റെ വരവും അതോടെ ഷാനിമോൾ ഉസ്മാനെ പാർട്ടി ആലപ്പുഴയിലേക്കെത്തിക്കുന്നത്. അതേസമയം, താമരചിഹ്നത്തിൽ മത്സരിക്കുന്ന ഒരു സ്ഥാനാർഥിയെ ലഭിച്ചതിന്റെ സന്തോഷത്തിലായിരുന്നു പ്രദേശത്തെ ബി.ജെ.പി പ്രവർത്തകർ. കെ.എസ് രാധാകൃഷ്ണൻ കൂടെ രംഗത്തെത്തിയതോടെയാണ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകുന്നത്.
2006 മുതൽ അരൂരിനെ പ്രതിനിധീകരിച്ച് നിയമസഭയിലേക്കെത്തിയ ആരിഫ് ജനങ്ങളെ സംബന്ധിച്ചിടത്തോളം സുപരിചിതനായിരുന്നു. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച വന്‍ ഭൂരിപക്ഷത്തിന്റെ ആനുകൂല്യത്തിലും ഇടതുപക്ഷം അന്ന് പ്രതീക്ഷയർപ്പിച്ചിരുന്നു. ഈഴവ വോട്ടുകൾക്ക് കൃത്യമായ സ്വാധീനമുള്ള മണ്ഡലത്തിൽ വെള്ളാപ്പള്ളി നടേശന്റെ പരസ്യ പ്രസ്താവനകളുടെ പിൻബലവും ആരിഫിനുണ്ടായിരുന്നു.

സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിലും സ്ഥാനാർഥിയായിരുന്നെങ്കിലും ആലപ്പുഴയുടെ കാര്യത്തിൽ അനിശ്ചിതത്വം നിലനിന്നിരുന്നത് മണ്ഡലത്തിലെ യു.ഡി.എഫ് ക്യാമ്പുകളെ ആശങ്കയിലാഴ്ചത്തിയിരുന്നു. കെ.സി വരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പാര്‍ട്ടിയില്‍ സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറിയായതിനാല്‍ അവസാന നിമിഷമാണ് മത്സരരംഗത്ത് നിന്ന് മാറിയത്. പിന്നീടാണ്, ആലപ്പുഴ സ്വദേശിയായ ഷാനിമോൾ ഉസ്മാനെ കോൺഗ്രസ് കളത്തിലിറക്കുന്നത്. ആലപ്പുഴയുടെ നഗരസഭാ ചെയർപേഴ്‌സും ജില്ലാ പഞ്ചായത്തംഗവുമായിരുന്ന ഷാനിമോൾ മണ്ഡലത്തിൽ സുപരിചിതയയായിരുന്നു. മഹിളാ കോൺഗ്രസിന്റെ നേതാവ് കൂടെയായിരുന്ന ഷാനിമോളിലൂടെ വനിതാ വോട്ടുകൾ ബാലറ്റിലെത്തിക്കാമെന്ന് വിശ്വാസവും കോൺഗ്രസിനുണ്ടായിരുന്നു.
ബി.ജെ.പിയെ സംബന്ധിച്ച് അവരുടെ വോട്ടുകൾ ഉയർത്തുകയെന്നതിനപ്പുറത്തേക്ക് വലിയ പ്രതീക്ഷയില്ലാത്ത മണ്ഡലമായിരുന്നു ആലപ്പുഴ. അന്നോളം പാർട്ടിക്ക് വേണ്ടി മത്സരിച്ചിരുന്ന സ്വതന്ത്രർക്ക് പകരം പാർട്ടി ചിഹ്നത്തിൽ ഒരു സ്ഥാനാർഥിയെത്തുന്നുവെന്നതിലായിരുന്നു ബി.ജെ.പി പ്രവർത്തകരുടെ ആവേശം. ശബരിമലയും എൻ.എസ്.എസ് നിലപാടും മണ്ഡലത്തിൽ ഏറെ നിർണായകമായെന്ന് വേണം കരുതാൻ. 2014-ൽ ബി.ജെ.പിയോടൊപ്പമുണ്ടായിരുന്ന വെള്ളാപ്പള്ളി 2019-ൽ കൃത്യമായ നിലപാട് പറയാൻ തയ്യാറായിരുന്നില്ല. തുഷാർ സ്ഥാനാർഥിയായെത്തുമെന്ന അഭ്യൂഹങ്ങളൊക്കെ നിലനിന്നിരുന്നെങ്കിലും പക്ഷേ നറുക്ക് വീണത് കെ.എസ് രാധാകൃഷ്ണനായിരുന്നു
കേരളത്തെ അമ്പരിപ്പിക്കുന്നതായിരുന്നു ആലപ്പുഴയിൽ തിരഞ്ഞെടുപ്പ് ഫലം. ആദ്യ മണിക്കൂറുകളിലെ ഷാനിമോൾ ഉസ്മാനുണ്ടായിരുന്ന മേൽക്കൈയിൽ നിന്നും പതുക്കെ പതുക്കെ ആരിഫ് മണ്ഡലം പിടിച്ചെടുത്തു. സംസ്ഥാനത്തെ മറ്റെല്ലാ മണ്ഡലങ്ങളിലും യു.ഡി.എഫ് സ്ഥാനാർഥികൾ തങ്ങളുടെ ഭൂരിപക്ഷം ക്രമേണ ഉയർത്തിയപ്പോൾ ആലപ്പുഴ എൽ.ഡി.എഫിന് വഴിയൊരുക്കി. സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷവുമായാണ് ആരിഫാണ് അന്ന് ഡൽഹിയിലേക്ക് പുറപ്പെട്ടത്. വോട്ടുകൾ എണ്ണി പൂർത്തിയാക്കിയപ്പോൾ 4,45,970 വോട്ടുകളാണ് ആരിഫ് നേടിയത്. ഷാനിമോൾ ഉസ്മാനാകട്ടെ 4,35,496 വോട്ടും. മൂന്നാമതതെത്തിയ രാധാകൃഷ്ണനാകട്ടെ 1,87,729 വോട്ടുകളും നേടി.

കെ.സി ഇറങ്ങുമോ ആരിഫിനെ പൂട്ടാൻ
കേരളത്തിലെ ഇരുപത് സീറ്റുകളിൽ 19 എണ്ണങ്ങളിലും സിറ്റിങ് എം.പിമാരുള്ള പാർട്ടിയാണ് കോൺഗ്രസ്. അവരെ സംബന്ധിച്ച് ഇനി കണ്ടെത്തേണ്ടത് ആലപ്പുഴയിലേക്ക് ഒരു സ്ഥാനാർഥിയെയാണ്. അത് വെറുമൊരു സ്ഥാനാർഥിയാവരുതെന്ന നിർബന്ധമുണ്ട് യു.ഡി.എഫ് ക്യാമ്പുകൾക്ക്. സമീപ മണ്ഡലങ്ങളിൽ നിന്നെല്ലാം ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് സ്ഥാനാർഥികൾ ജയിച്ചുകയറിയപ്പോൾ അവർക്ക് കാലിടയറിയ മണ്ഡലമായിരുന്നു ആലപ്പുഴ. ഒരു പരിധി വരെ അപ്രതീക്ഷിതവുമായിരുന്നു പാർട്ടിയെ സംബന്ധിച്ചിടത്തോളം ആ തോൽവി. ഇന്ന്, കോൺഗ്രസിനാവശ്യം മണ്ഡലം ഇടതുപക്ഷത്ത് നിന്നും തിരിച്ചുപിടിക്കാനാകുംവിധം ശക്തനായൊരു സ്ഥാനാർഥിയെയാണ്.
എൽ.ഡി.എഫ് പട്ടികയിൽ ആലപ്പുഴയിൽ നിന്നും ആരിഫ് തന്നെയെന്ന് അവർ വ്യക്തമാക്കിക്കഴിഞ്ഞു. ഇനി പുറത്തുവരാനുള്ളത് യു.ഡി.എഫിന്റെ പട്ടികയാണ്. 2009-ലും 2014-ലും മണ്ഡലത്തിൽ നിന്നും വിജയിച്ചുകയറിയ കെ.സി വേണുഗോപാൽ മടങ്ങിവരണമെന്ന ആവശ്യം ഇതിനോടകം പലകോണുകളിൽ നിന്നും ഉയർന്നിട്ടുണ്ട്. പാർട്ടി ആവശ്യപ്പെട്ടാൽ ആലപ്പുഴയിലേക്കെത്തുമെന്ന് കെ.സിയും ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ, 2019-ൽ പാർട്ടിയിലെ ഭാരിച്ച ഉത്തരവാദിത്വമുണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു വേണുഗോപാൽ മത്സരത്തിൽ നിന്നും പിന്മാറിയത്. അഞ്ച് വർഷത്തിനിപ്പുറം അന്നുള്ളതിലും പതിനമടങ്ങ് ഉത്തരവാദിത്വങ്ങൾ പാർട്ടിയിൽ അദ്ദേഹത്തിനുണ്ട്. രാജസ്ഥാനിൽ നിന്നുള്ള കോൺഗ്രസിന്റെ രാജ്യസഭാ അംഗം കൂടിയാണ് നിലവിൽ വേണുഗോപാൽ. ഇന്നത്തെ സാഹചര്യത്തിൽ അദ്ദേഹം ഇത്തരമൊരു സ്ഥാനം നഷ്ടപ്പെടുത്തി ആലപ്പുഴയിലേക്കെത്തുമോ എന്നതും കണ്ടറിയണം. അതേസമയം, കെ.സി വേണുഗോപാലെത്തിയാലും പുഷ്പം പോലെ ജയിച്ചുകയറാമെന്ന ആത്മവിശ്വാസത്തിലാണ് ആരിഫ്. താൻ 2019-ൽ അങ്കത്തിനൊരുങ്ങിയത് വേണുഗോപാലായിട്ടായിരുന്നെന്നും മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ ആരിഫ് പറയുന്നുണ്ട്.
കെ.സി വേണുഗോപാൽ എത്തിയില്ലെങ്കിൽ മറ്റാരെന്ന ചോദ്യം നീളുന്നത് യുവനേതാവ് രാഹുൽ മാങ്കൂട്ടത്തിലിലേക്കാണ്. പഴയ ചാനൽമുഖം മാത്രമല്ല ഇന്നത്തെ രാഹുൽ. യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷൻ കൂടിയാണ് അദ്ദേഹം. സോഷ്യൽ മീഡിയ കാലഘട്ടത്തിലെ രാഷ്ട്രീയത്തിൽ യുവതീയുവാക്കൾക്കും പ്രിയങ്കരനാണ് ഈ പത്തനംതിട്ടക്കാരൻ. സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട അറസ്റ്റും സംഭവവികാസങ്ങളും ചില്ലറ മൈലേജൊന്നുമല്ല നേതാവെന്ന നിലയിൽ രാഹുലിന് നേടിക്കൊടുത്തത്. കെ.സി ഇല്ലാത്ത പക്ഷം കെ.സുധാകരന്‍ കണ്ണൂരില്‍ മത്സരിക്കുകയും രാഹുല്‍ വയനാട് തുടരുകയും ചെയ്താല്‍ മുസ്ലിം സമുദായത്തില്‍ നിന്നൊരാളാകാനാണ് സാധ്യത. മറിച്ച് വയനാട് രാഹുല്‍ മത്സരിച്ചില്ലെങ്കില്‍ അവിടെ ഒരു മുസ്ലിം സ്ഥാനാര്‍ഥിയും ആലപ്പുഴയില്‍ രാഹുല്‍ മാങ്കൂട്ടത്തിലോ അനില്‍ ബോസോ മത്സരിച്ചേക്കാം

ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം എ ക്ലാസ് മണ്ഡലമല്ല ആലപ്പുഴ. എന്നാൽ, കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകൾ പരിശോധിക്കുമ്പോൾ നിർണായകമായ വോട്ടുവിഹിതത്തിന്റെ കാര്യത്തിൽ ഒരു കുതിച്ചുച്ചാട്ടം തന്നെ നടത്തിയിട്ടുണ്ട് പാർട്ടി. 2014-ൽ 19,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കെ.സി വേണുഗോപാൽ ജയിക്കുന്നത്. ആരിഫിന്റെ ഭൂരിപക്ഷമാകട്ടെ 10,000-വും. ഇത്രമേൽ കടുത്ത മത്സരങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന ഒരു മണ്ഡലത്തെ സംബന്ധിച്ച് അവരുടെ വിജയപരാജയങ്ങൾ നിർണയിക്കുന്നതിൽ മൂന്നാമതൊരു ശക്തിക്ക് സാധ്യമാകും. ഇത്തരമൊരു സാഹചര്യത്തിലാണ് നാം മണ്ഡലത്തിലെ ബി.ജെ.പിയുടെ കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ പ്രകടനം പരിശോധിക്കേണ്ടത്.
2009-ൽ കേവലം 20,000 വോട്ടുകൾ പോലും അവകാശപ്പെടാനില്ലാത്ത പാർട്ടി വർഷങ്ങൾക്കിപ്പുറം 2019-ൽ നേടിയത് 1,87,000-ത്തിലധികം വോട്ടുകളായിരുന്നു. 2014-ൽ ബി.ജെ.പി ബാലറ്റിൽ വീണതാകട്ടെ 40,000 വോട്ടുകളും. അന്നോളം സ്വന്തം ചിഹ്നത്തിൽ മത്സരിക്കാൻ ബി.ജെ.പിക്ക് ആലപ്പുഴയിൽ സ്ഥാനാർഥികളില്ലായിരുന്നു. ആദ്യമായി താമര ചിഹ്നത്തിലൊരു സ്ഥാനാർഥിയെത്തിയതോടെ വോട്ടുകളിലുണ്ടായത് വന്‍ വളർച്ചയായിരുന്നു. ശബരിമല എന്ന സുവർണാവസരവും ഒരുപക്ഷേ ബി.ജെ.പി ബാലറ്റിലേക്ക് വോട്ടുകളെത്തിച്ചിട്ടുണ്ടാകാം. അതേസമയം, 2019-ലെ ഫലത്തിൽ നിന്നും തങ്ങളുടെ വോട്ടുവിഹിതം മെച്ചപ്പെടുത്തണമെങ്കിൽ അത്രമേൽ സ്വീകാര്യനായൊരു സ്ഥാനാർഥി ബി.ജെ.പിക്ക് ഇന്ന് ആവശ്യമാണ്.
ജാതി സമവാക്യവും വികസനവും
13 ലക്ഷത്തിനുമേൽ വോട്ടർമാരുള്ള മണ്ഡലമാണ് ആലപ്പുഴ. ഏഴുപത് ശതമാനത്തിലധികം ഹിന്ദു വോട്ടുകളും പതിനഞ്ച് ശതമാനത്തിനടുത്ത് തുല്യ അനുപാതത്തിൽ മുസ്ലിം, ക്രിസ്ത്യൻ വോട്ടുകളും മണ്ഡലത്തത്തിലുണ്ട്. ഇവരിൽ തന്നെ എസ്.എൻ.ഡി.പി ലാറ്റിൻ വോട്ടുകൾ നിർണായകമാണ്. നായർ, ധീവര വോട്ടുബാങ്കും ജയപരാജയങ്ങള്‍ നിര്‍ണയിക്കാന്‍ പോന്നതാണ്. 2019-ലെ തിരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളിയുടെ പരസ്യപ്രസ്താവനകൾ കോൺഗ്രസിനേൽപ്പിച്ച ആഘാതം ചില്ലറയല്ല. ആരിഫ് തോറ്റാൽ താൻ മൊട്ടയടിക്കുമെന്ന് വെള്ളാപ്പള്ളി തുറന്നടിച്ചു. പിന്നാലെ, വെള്ളാപ്പള്ളിയുടെ സർട്ടിഫിക്കറ്റ് വേണ്ടെന്ന് എം.ലിജു തിരിച്ചടിച്ചെങ്കിലും തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ഇതേ ലിജുവിന് തന്നെ വിഷയത്തിൽ കെ.പി.സി.സിക്ക് റിപ്പോർട്ട് നൽകുമെന്ന് അറിയിച്ചു.
ശബരിമലയും സാമ്പത്തിക സംവരണവും ആലപ്പുഴ ബൈപ്പാസും 2019-ൽ മണ്ഡലത്തിൽ ചർച്ചയായിരുന്നു. 2019-ൽ ശബരിമല ഉയർത്തിക്കാട്ടിയത് ബി.ജെ.പിയായിരുന്നെങ്കിലും വോട്ടുകൾ ഒഴുകിയത് യു.ഡി.എഫിലേക്കായിരുന്നു. രണ്ട് പ്രാവശ്യം പയറ്റി പരാജയപ്പെട്ട ഇതേ വിശ്വാസപ്രശ്നം ഇനി ബി.ജെ.പി ഉന്നയിക്കുമെന്ന് തോന്നുന്നില്ല. രാഹുൽ കേരളത്തിലെത്തിയതിന്റെ ആവേശവും അന്ന് വോട്ടർമാർക്കുണ്ടായിരുന്നു. എന്നാൽ, രണ്ടാമതും രാഹുൽ വയനാട്ടിലെത്തുമെങ്കിൽ കഴിഞ്ഞ തവണത്തെ ഓളമുണ്ടാകണമെന്നില്ല. മറ്റ് വിഷയങ്ങളൊന്നുമില്ല എന്നിരിക്കെ, മണ്ഡലത്തിലെ വികസനവും മുന്നണികളുടെ പ്രവർത്തനങ്ങളും തന്നെയായിരിക്കും 2024-ൽ വോട്ടുകൾ ഉറപ്പാക്കുന്നത്.
ഫലം പുറത്ത് വന്ന വൈകീട്ട് മൂന്ന് കക്ഷികളുടേയും കൊടികൾ ആവേശത്തോടെ ഉയർന്ന് അപൂർവം ചില മണ്ഡലങ്ങളിലൊന്നാണ് ആലപ്പുഴ.ദേശീയ തലത്തിൽ ബി.ജെ.പിയുടെ മുന്നേറ്റത്തിലെ ആവേശത്തിൽ ബി.ജെ.പി പ്രവർത്തകരും, കേരളത്തിലെ ഉജ്ജ്വല പ്രകടനത്തിൽ കോൺഗ്രസുകാരും മണ്ഡലത്തിലെ വിജയത്തിൽ എൽ.ഡി.എഫ് പ്രവർത്തകരും ആഘോഷിച്ചു. അവസാനം ബാക്കിയായത് കനൽതരി മാത്രമെന്ന പരിഹാസം ആരിഫിനും ഇടതുപക്ഷത്തിനുമെതിരേ അക്കാലങ്ങളിൽ സാമൂഹ്യമാധ്യമങ്ങളിൽ നിറഞ്ഞു. എന്നാൽ, അന്നത്തെ വെറുമൊരു കനൽതരി മാത്രമല്ല ഇന്ന ആരിഫ്. കളംനിറഞ്ഞ സ്ഥാനാർഥിയാണ് അദ്ദേഹം. എം.എൽ.എയെന്ന നിലയിലും എം.പിയെന്ന നിലയിലും ആലപ്പുഴയിലെ തന്റെ പ്രവർത്തനങ്ങളോരോന്നും അദ്ദേഹം എണ്ണിപ്പറയുമെന്നത് തീർച്ചയാണ്. അതേസമയം, മറുഭാഗത്ത് കൈവിട്ട പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. ആരിഫിന് പൂട്ടിടാൻ യു.ഡി.എഫ് ആരെയിറക്കുമെന്നതാണ് ഇന്ന് മണ്ഡലത്തിലെ ജനങ്ങൾ ഉറ്റുനോക്കുന്നത്.
Content Highlights: Lok Sabha Election 2024, Alappuzha Constituency
Published: 28 Feb 2024, 03:00 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented