ത്രിപുരയില്‍ ഇക്കുറിയും അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ല. 2019-ന്റെ ആവര്‍ത്തനം മാത്രം. മണ്ഡലത്തിലെ രണ്ട് ലോക്‌സഭാ സീറ്റുകളിലും ബി.ജെ.പി വിജയിച്ചുകയറി. അതും വമ്പിച്ച ഭൂരിപക്ഷത്തില്‍. ഒരിക്കല്‍ കൂടി ബി.ജെ.പി വിജയം ആവര്‍ത്തിച്ചതോടെ സംസ്ഥാനത്തെ ഇന്ത്യ മുന്നണിയും ദയനീയമായി പരാജയപ്പെട്ടു. സിപിഎമ്മിന്റെ സംസ്ഥാനത്തെ നിലനില്‍പ്പുതന്നെ ഭീഷണിയിലാണ്. ഒരു തിരിച്ചുവരവ് അടുത്തിടെയൊന്നും സാധ്യമല്ലെന്നതിന്റെ വ്യക്തമായ സൂചന കൂടിയാണ് ഈ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം. 

To advertise here,

ഇന്ത്യ മുന്നണിയുടെ ഭാഗമായി സിപിഎം സ്ഥാനാര്‍ഥി മത്സരിച്ച ത്രിപുര ഈസ്റ്റില്‍ വന്‍ തോല്‍വിയാണ് നേരിട്ടത്. 4,86819 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മണ്ഡലത്തില്‍ സിപിഎമ്മിന്റെ രാജേന്ദ്ര റിയാങ്ങ് തോറ്റത്. ബി.ജെ.പിയിലെ കൃതി സിങ് ദേബര്‍മ്മ ഉജ്ജ്വല വിജയത്തോടെ എംപിയായി തിരഞ്ഞെടുക്കപ്പെട്ടു. കൃതി 7,77447 വോട്ടുകളാണ് നേടിയത്. രാജേന്ദ്ര റിയാങ്ങാകട്ടെ 2,90628 വോട്ടുകളും. ത്രിപുര വെസ്റ്റില്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ആശിഷ് കുമാര്‍ സാഹയാണ് ഇന്ത്യ മുന്നണി സ്ഥാനാര്‍ഥി. മണ്ഡലം നിലനിര്‍ത്താന്‍ ബിപ്ലബ് കുമാര്‍ ദേബിനേയാണ് ബി.ജെ.പി കളത്തിലിറക്കിയത്. മണ്ഡലത്തില്‍ ഈസ്റ്റില്‍ നേരിട്ടതിനേക്കാള്‍ ദയനീയമായിരുന്നു ഇന്ത്യ മുന്നണിയുടെ പരാജയം. ആറ് ലക്ഷത്തിലധികം വോട്ടുകളുടെ കൂറ്റന്‍ ഭൂരിപക്ഷമാണ് ബി.ജെ.പി സ്ഥാനാര്‍ഥി സ്വന്തമാക്കിയത്. ബിപ്ലബ് കുമാര്‍ ദേബ് 8,68484 വോട്ടുകള്‍ നേടിയപ്പോള്‍ ആശിഷ് കുമാര്‍ സാഹയ്ക്കാകട്ടെ നേടാനായത് 2,65912 വോട്ടുകള്‍ മാത്രമാണ്. രണ്ട് മണ്ഡലങ്ങളും ബി.ജെ.പി സമഗ്രാധിപത്യത്തോടെ വിജയിച്ചത് സംസ്ഥാനത്ത് പാര്‍ട്ടി ആഴത്തില്‍ വേരുറപ്പിച്ചതിന്റെ ചിത്രം കൂടിയാണ് തുറന്നുകാട്ടുന്നത്. ഇന്ത്യ മുന്നണിക്ക് സംസ്ഥാനത്ത് വേണ്ടത്ര മുന്നേറ്റമുണ്ടാക്കാനുമായില്ല. 

ത്രിപുരയില്‍ രണ്ടരപതിറ്റാണ്ടോളം നീണ്ടുനിന്ന സിപിഎം ഭരണത്തിന് 2018-ലാണ് അവസാനമാകുന്നത്. 2018-ല്‍ ബിപ്ലബ് കുമാര്‍ ദേബിന്റെ നേതൃത്വത്തില്‍ ബി.ജെ.പി അധികാരം പിടിച്ചെടുത്തു. 2013-ല്‍ ഒറ്റ സീറ്റുപോലും നേടാത്ത ബി.ജെ.പി അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം അദ്ഭുത ജയം നേടിയപ്പോള്‍ രാഷ്ട്രീയമായി സിപിഎമ്മിന് കനത്ത തിരിച്ചടിയുമേറ്റു. അതിന്റെ പ്രതിഫലനം പിന്നീട് നടന്ന ലോക്‌സഭാതിരഞ്ഞെടുപ്പിലും കണ്ടു. സംസ്ഥാനത്തെ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളായ ത്രിപുര ഈസ്റ്റിലും ത്രിപുര വെസ്റ്റിലും സിപിഎമ്മിനെ പരാജയപ്പെടുത്തി ബി.ജെ.പി മുന്നേറി. 1996-മുതല്‍ 2014 വരെ സംസ്ഥാനത്തെ ഈ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളും സിപിഎമ്മിന്റെ കൈയ്യിലായിരുന്നു. രണ്ട് മണ്ഡലങ്ങളിലും വെറും തോല്‍വി മാത്രമായിരുന്നില്ല, മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. 

ത്രിപുര വെസ്റ്റ് മണ്ഡലത്തില്‍ 2002-ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ജയിച്ച സിപിഎമ്മിലെ ഖാഗന്‍ ദാസ് പിന്നീട് 2004,2009 വര്‍ഷങ്ങളിലും മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. 2014-ല്‍ ശങ്കര്‍ പ്രസാദ് ദത്തയാണ് സിപിഎമ്മിന് വേണ്ടി കളത്തിലിറങ്ങിയത്. 62%-ലധികം വോട്ടുകള്‍ നേടിയ അദ്ദേഹം അന്ന് അഞ്ച് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചുകയറിയത്. എന്നാല്‍ 2019-ലെത്തുമ്പോഴേക്കും ബി.ജെ.പി ചുവപ്പുകോട്ടകളിലെല്ലാം ആഴത്തില്‍ വേരാഴ്ത്തിക്കഴിഞ്ഞിരുന്നു. 2014-ല്‍ വന്‍ ഭൂരിപക്ഷം സ്വന്തമാക്കിയ ശങ്കര്‍ പ്രസാദ് ദത്ത തന്നെയാണ് സിപിഎമ്മിനായി മണ്ഡലം നിലനിര്‍ത്താനിറങ്ങിയത്. എന്നാല്‍ ഇന്ത്യയൊട്ടാകെ ബി.ജെ.പി തരംഗം ആഞ്ഞടിച്ച 2019-ല്‍ ത്രിപുരയിലെ ചുവപ്പുകോട്ടകളും തകര്‍ന്നു. ത്രിപുര വെസ്റ്റ് മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥി പ്രതിമ ഭൗമിക് മൂന്ന് ലക്ഷത്തില്‍പരം വോട്ടുകള്‍ക്ക് ജയിച്ച് എംപിയായി തിരഞ്ഞെടുക്കപ്പെട്ടു. 51.77% വോട്ടുകളാണ് പ്രതിമ നേടിയത്. രണ്ടാമതെത്തിയ കോണ്‍ഗ്രസിലെ സുബാല്‍ ഭൗമിക്കിന് 24.18% വോട്ടുകളാണ് നേടാനായത്. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സിപിഎം സ്ഥാനാര്‍ഥിയും സിറ്റിങ് എംപിയുമായ ശങ്കര്‍ പ്രസാദിന് 15.51% വോട്ടുകള്‍ മാത്രമേ നേടാനായുള്ളൂ. 

ത്രിപുര വെസ്റ്റ് മണ്ഡലത്തിന്റെ ആവര്‍ത്തനമെന്ന പോലെ സംസ്ഥാനത്തെ രണ്ടാമത്തെ മണ്ഡലമായ ത്രിപുര ഈസ്റ്റിലും സിപിഎമ്മിന് തിരിച്ചടിയേറ്റു. മണ്ഡലം കൈവിട്ട് മൂന്നാം സ്ഥാനത്തേക്കെത്തി. ബി.ജെ.പിയ്ക്കായി റിബാട്ടി ത്രിപുരയാണ് മണ്ഡലം പിടിക്കാനിറങ്ങിയത്. 46.12% വോട്ടുകള്‍ നേടിയ അവര്‍ എംപിയായി ജയിച്ചുകയറി. കോണ്‍ഗ്രസിലെ മഹാരാജ് ദേബ് ബര്‍മന്‍ രണ്ടാമതും സിപിഎമ്മിലെ ജിതേന്ദ്ര ചൗധരി മൂന്നാമതുമായി. ദേബ് ബര്‍മന്‍ 26%-ലധികം വോട്ടുകള്‍ നേടിയപ്പോള്‍ ജിതേന്ദ്ര ചൗധരി 19.22% വോട്ടുകളാണ് നേടിയത്. ചൗധരി 2014-ല്‍ 65%-ലധികം വോട്ടുകള്‍ നേടിയാണ് ത്രിപുര ഈസ്റ്റില്‍ നിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെടുന്നത്. അന്ന് നാലാമതായിരുന്ന ബി.ജെ.പിയാണ് അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം മണ്ഡലത്തില്‍ വിജയക്കൊടി പാറിച്ചത്. 

വികസനത്തിന്റെ രാഷ്ട്രീയമാണ് പ്രധാനമായും ബി.ജെ.പി ഉയര്‍ത്തിക്കാട്ടിയത്. ജനങ്ങളുടെ സാമ്പത്തികമായ പിന്നാക്കാവസ്ഥയും തൊഴിലില്ലായ്മയും പ്രചാരണ വിഷയങ്ങളാക്കി. ഓരോ പൊതുയോഗങ്ങളിലും ചലോ പാള്‍ട്ടായ് എന്ന മുദ്രാവാക്യം ബി.ജെ.പി നേതാക്കള്‍ ആവര്‍ത്തിച്ചു പറഞ്ഞു. അതായത് മാറി തുടങ്ങാം എന്ന്. ആ മാറ്റത്തിന്റെ സ്വരം ജനങ്ങള്‍ കേട്ടു. അതോടെ 98-മുതല്‍ ഭരണത്തിലിരുന്ന മണിക് സര്‍ക്കാരിനും പാര്‍ട്ടിക്കും അധികാരം നഷ്ടപ്പെട്ടു. ഐപിഎഫ്ടിയുമായി ചേര്‍ന്നാണ് ബി.ജെ.പി തിരഞ്ഞെടുപ്പിനെ നേരിട്ടത്. ആ സഖ്യത്തേയും അന്ന് സിപിഎം വിമര്‍ശിച്ചിരുന്നെങ്കിലും അത് ഫലിച്ചില്ല. ഐപിഎഫ്ടിയുമായി ചേര്‍ന്നതോടെ ഗോത്രമേഖലകളിലടക്കം സിപിഎമ്മിന് തിരിച്ചടിനല്‍കാനുമായി. സംസ്ഥാനത്തെ എല്ലാ മേഖലകളിലും ആധിപത്യം സ്ഥാപിച്ചാണ് ബി.ജെ.പി അധികാരസ്ഥാനത്തെത്തിയത്. 

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ അധികാരത്തില്‍ നിന്ന് തൂത്തെറിയാനായത് പാര്‍ട്ടിയുടെ ചരിത്രത്തിലെ തന്നെ സുപ്രധാന ഏടായാണ് ബി.ജെ.പി വിലയിരുത്തിയത്. അതിന്റെ തുടര്‍ച്ചയെന്നോണമാണ് പിന്നീട് വന്ന തിരഞ്ഞെടുപ്പുകളിലെല്ലാം ബി.ജെ.പി വന്‍ മുന്നേറ്റം കാഴ്ചവെച്ചത്. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2023-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ബി.ജെ.പി വിജയം ആവര്‍ത്തിച്ചു. സെക്യുലര്‍ ഡെമോക്രാറ്റിക് ഫോഴ്‌സിനേയും(എസ്.ഡി.എഫ്) തിപ്ര മോത്ത പാര്‍ട്ടിയേയുമാണ് എന്‍.ഡി.എ സഖ്യം പരാജയപ്പെടുത്തിയത്. ബി.ജെ.പി യും ഐപിഎഫ്ടിയും ചേര്‍ന്ന എന്‍.ഡി.എ മുന്നണി 33 സീറ്റുകളാണ് നേടിയത്. എസ്.ഡി.എഫ് മുന്നണി 14-സീറ്റുകളും തിപ്ര മോത്ത പാര്‍ട്ടി 13-സീറ്റുകളും നേടി. ആദ്യമായി തിരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങിയ തിപ്ര മോത്ത പാര്‍ട്ടി ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയുമായി.    

ബി.ജെ.പി 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും വിജയം ആവര്‍ത്തിച്ചതോടെ സിപിഎമ്മിന് തിരിച്ചുവരവിന്റെ പാത ദുര്‍ഘടമായി. ആ ഘട്ടത്തിലാണ് കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെടുന്നതിനെ സംബന്ധിച്ച് സിപിഎം ചര്‍ച്ചകള്‍ ആരംഭിക്കുന്നത്. പിന്നാലെ 2023- നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടങ്ങളിലേക്കും കടന്നു. ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് ചേര്‍ന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും അടിവരയിട്ടു. സിപിഎമ്മും കോണ്‍ഗ്രസും സിപിഐയും ആര്‍എസ്പിയുമടക്കം അഞ്ചോളം പാര്‍ട്ടികള്‍ ചേര്‍ന്ന് തിരഞ്ഞെടുപ്പില്‍ കളത്തിലിറങ്ങിയെങ്കിലും ബി.ജെ.പി യെ തോല്‍പ്പിക്കാനായില്ല. മണിക് സാഹ മുഖ്യമന്ത്രിയായി അധികാരമേറ്റു. പ്രതിപക്ഷത്തായിരുന്ന തിപ്ര മോത്ത ഒരു വര്‍ഷത്തിന് ശേഷം മണിക് സാഹയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിനൊപ്പം ചേരുകയും ചെയ്തു. 

2024-ല്‍ എന്‍.ഡി.എയും ഇന്ത്യ മുന്നണിയുമാണ് ത്രിപുരയില്‍ ഏറ്റുമുട്ടിയത്. ബി.ജെ.പിക്കെതിരേ ആരൊക്കെ നില്‍ക്കുന്നോ അവരെയൊക്കെ കൂട്ടുപിടിക്കുക എന്ന നിലയിലാണ് സംസ്ഥാനത്തെ സിപിഎം എത്തിച്ചേര്‍ന്നത്. അതിന്റെ തുടര്‍ച്ചയായിരുന്നു സഖ്യത്തിലേര്‍പ്പെട്ടുകൊണ്ടുള്ള തിരഞ്ഞെടുപ്പ് പോരാട്ടം. ആ നീക്കവും പാളിയതോടെ സിപിഎമ്മും കോണ്‍ഗ്രസും പ്രതിസന്ധിയിലായിരിക്കുകയാണ്. 

തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരേ മത്സരിക്കുകയും പിന്നീട് ഒരു വര്‍ഷത്തിനിപ്പുറം അതേ ബി.ജെ.പിക്കൊപ്പം സര്‍ക്കാരിന്റെ ഭാഗമാകുകയും ചെയ്ത പാര്‍ട്ടിയാണ് തിപ്ര മോത്ത. ആ നീക്കത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരില്‍ ചിലര്‍ക്ക് പ്രതിഷേധമുണ്ടായിരുന്നു. തിപ്ര മോത്തയുടെ പ്രവര്‍ത്തകര്‍ ബി.ജെ.പിയിലേക്ക് ചേര്‍ന്നതും സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇത് തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എക്ക് തിരിച്ചടിയുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് ഇന്ത്യ മുന്നണിയുണ്ടായിരുന്നത്. എന്നാല്‍ എല്ലാ കണക്കുക്കൂട്ടലുകളും പിഴയ്ക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലത്തില്‍ കണ്ടത്. ബി.ജെ.പി കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷം വര്‍ധിപ്പിക്കുകയും ചെയ്തു. ഇനിയൊരു തിരിച്ചുവരവ് എന്ന് സാധ്യമാകുമെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയകേന്ദ്രങ്ങള്‍.