
തൃശ്ശൂർ: എം.എൽ.എ.യെ തിരഞ്ഞെടുക്കാൻ ചേലക്കരക്കാർ ഒന്നര വർഷത്തിനിടെ ഒരിക്കൽക്കൂടി പോളിങ് ബൂത്തിലെത്തുകയാണ്. സ്ഥാനാർഥിയുടെ കാര്യത്തിൽ ഏറക്കുറെ ഉറപ്പിക്കാവുന്നത് ഇടതുമുന്നണിയുടെ കാര്യത്തിലാണ്. അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ലെങ്കിൽ യു.ആർ. പ്രദീപ് തന്നെയാകും ഇടതുമുന്നണിക്കുവേണ്ടി പോർക്കളത്തിലിറങ്ങുക. പ്രദീപിൽനിന്ന് ചേലക്കര തിരികെപ്പിടിക്കാൻ മറ്റ് രണ്ടു മുന്നണികളിലും ആരാകും വരുകയെന്നതാണ് ആദ്യഘട്ടത്തിലെ ഊഹാപോഹങ്ങൾ.
2024-ലെ ഉപതിരഞ്ഞെടുപ്പുൾപ്പെടെ അടുത്തിടെ നടന്ന ഏഴ് തിരഞ്ഞെടുപ്പുകളിലും വിജയക്കൊടി പാറിച്ചതാണ് എൽ.ഡി.എഫിന്റെ ആത്മവിശ്വാസം. രണ്ടു തവണ മികച്ച ഭൂരിപക്ഷത്തിൽ ജയം നേടിയ പ്രദീപിനു തന്നെയാണ് ഇത്തവണയും അവസരമെന്നു തന്നെയാണ് സൂചന. മണ്ഡലത്തിലെ ജനകീയ പ്രതിനിധിയെന്നനിലയിൽ വിജയത്തിൽക്കുറഞ്ഞൊന്നും ഇടതുമുന്നണിക്ക് പ്രതീക്ഷിക്കാനില്ല. 2021-ൽ കെ. രാധാകൃഷ്ണൻ നേടിയ 39,400 വോട്ടിന്റെ ഭൂരിപക്ഷത്തിന് ഏറെ പിന്നിലാണെങ്കിലും 12,000-ത്തിലധികം വോട്ടിനാണ് പ്രദീപ് ഉപതിരഞ്ഞെടുപ്പ് വിജയിച്ചത്. പഞ്ചായത്തു തിരഞ്ഞെടുപ്പിൽ മുന്നണികൾ തമ്മിലുള്ള വ്യത്യാസം വീണ്ടും കുറഞ്ഞു.
യു.ഡി.എഫിന്റെ പ്രതീക്ഷകൾ കനംവെക്കുന്നത് പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ കണക്കുകളിൽനിന്നാണ്. 1965 മുതൽ 1991-വരെ രണ്ടുതവണ മാത്രമാണ് മണ്ഡലം കോൺഗ്രസിനെ കൈവിട്ടത്. കെ.കെ. ബാലകൃഷ്ണൻ (നാലുതവണ), ഡോ.എം.എ. കുട്ടപ്പൻ, എം.പി. താമി എന്നവരായിരുന്നു കോൺഗ്രസിന്റെ എം.എൽ.എ.മാർ. പി. കുഞ്ഞൻ, സി.കെ. ചക്രപാണി എന്നിവരാണ് സി.പി.എം. പ്രതിനിധികളായി ജയിച്ചത്. കെ. രാധാകൃഷ്ണൻ രംഗത്തുവന്നശേഷം മണ്ഡലം കോൺഗ്രസിനെ അടുപ്പിച്ചിട്ടില്ല.
മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ദാസന്റെ പേരാണ് യുഡിഎഫിൽ കേൾക്കുന്നത്. ഇദ്ദേഹം മണ്ഡലത്തിലെ പരിപാടികളിൽ സജീവമാണ്. 2011-ൽ രാധാകൃഷ്ണനോട് ഏറ്റുമുട്ടിയ കെ.ബി. ശശികുമാറിന്റെ പേരും പരിഗണനയിലാണ്. എന്നാൽ, പ്രാദേശികമായ ചില വികാരങ്ങളും പാർട്ടിയിൽ ഉയരുന്നുണ്ട്. ഇത് കാര്യമായി പരിഗണിച്ചാൽ ശിവൻ വീട്ടിക്കുന്നെന്ന യുവനേതാവാകും സ്ഥാനാർഥി.
ബി.ജെ.പി. നേതൃത്വത്തിലുള്ള എ.ഡി.എ.യുടെ പ്രതീക്ഷ മുഴുവൻ 2016-മുതൽ കുതിച്ചുചാടിയ വോട്ടുവിഹിതത്തിലാണ്.
2011-ൽ ബി.ജെ.പി.ക്ക് കിട്ടിയത് 7,056 വോട്ടാണ്. അടുത്ത തവണ 23,845 ആയി. 2021-ലും ഈ സംഖ്യക്ക് ചെറിയ മുന്നാക്കമുണ്ടാക്കാനായി. 2024-ലെ ഉപതിരഞ്ഞെടുപ്പിൽ വീണ്ടും ഒരു കുതിപ്പ്. തിരുവില്വാമലയിലെ പ്രാദേശിക നേതാവായ കെ. ബാലകൃഷ്ണനെ മുൻനിർത്തി 33,609 വോട്ടാണ് മുന്നണി നേടിയത്. ഇത്തവണയും ബാലകൃഷ്ണനെത്തന്നെ സ്ഥാനാർഥിയാക്കാനാണ് പ്രധാന ആലോചന. എന്നാൽ, പട്ടികജാതിമോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാടിന്റെ പേരും പരിഗണനയിലുണ്ട്. ഇദ്ദേഹം രണ്ടുതവണ ഇവിടെ മത്സരിച്ചിരുന്നതാണ്. തിരുവില്വാമല പഞ്ചായത്ത് ഭരണം ഇപ്പോൾ ബി.ജെ.പി.ക്കാണ്. മണ്ഡലത്തിലെ ഒൻപതു പഞ്ചായത്തുകളിൽ എൽ.ഡി.എഫിന് അഞ്ചും യു.ഡിഎഫിന് മൂന്നും എൻ.ഡി.എ.യ്ക്ക് ഒരെണ്ണവുമാണ് ഉള്ളത്.
ചേലക്കര
വർഷം, വിജയി, പാർട്ടി, ഭൂരിപക്ഷം എന്ന ക്രമത്തിൽ
2024( ഉപതിരഞ്ഞെടുപ്പ്)- യു.ആർ. പ്രദീപ്- സി.പി.എം.- 12,201
2021- കെ. രാധാകൃഷ്ണൻ- സി.പി.എം.- 39,400
2016- യു.ആർ. പ്രദീപ്- സി.പി.എം.- 10,200
2011- കെ. രാധാകൃഷ്ണൻ- സി.പി.എം.- 24,676
Content Highlights: chelakkara assembly seat expected candidates
Published: 10 Feb 2026, 10:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented