ബെംഗളൂരു: വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്യാനുള്ള ശ്രമത്തിനിടെ ബി.ജെ.പി. പ്രവര്‍ത്തകരെ പിന്തുടര്‍ന്ന് പിടികൂടി കളക്ടര്‍. കര്‍ണാടകത്തിലെ കലബുറഗി ജില്ലയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിളിച്ചറിയിച്ചതിനെത്തുടര്‍ന്ന് കലബുറഗി സൗത്ത് മണ്ഡലത്തിലെ സംഗമേഷ് കോളനിയില്‍ പരിശോധനയ്‌ക്കെത്തിയതായിരുന്നു ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ കളക്ടര്‍ യശ്വന്ത് ഗുരുകര്‍. കളക്ടറെ കണ്ടതോടെ പണം വിതരണം ചെയ്തിരുന്ന മൂന്നംഗസംഘം വാഹനത്തില്‍ക്കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍, ഇവരെ കാറില്‍ പിന്തുടര്‍ന്ന് തടഞ്ഞുനിര്‍ത്തി കളക്ടര്‍ പിടികൂടുകയായിരുന്നു.
ഇതിനിടെ പണമടങ്ങിയ ബാഗുമായി കാറിലുണ്ടായിരുന്ന ഒരാള്‍ ഓടിരക്ഷപ്പെട്ടു. മറ്റുരണ്ടുപേരെ കൈയോടെ പിടികൂടി. കാറില്‍നിന്ന് ബി.ജെ.പി. സ്ഥാനാര്‍ഥിയും സിറ്റിങ് എം.എല്‍.എ.യുമായ ദത്താത്രേയ പാട്ടീല്‍ രേവൂരിന്റെ ലഘുലേഖകളും പിടിച്ചെടുത്തിട്ടുണ്ട്.
തെരുവുവിളക്കുകള്‍ അണച്ചതിനുശേഷമായിരുന്നു കോളനിയില്‍ പണം വിതരണംചെയ്തത്. ഫോണില്‍ പരാതിലഭിച്ചതോടെ പോലീസുകാരെ അറിയിക്കാതെ കളക്ടര്‍ നേരിട്ട് സംഭവസ്ഥലത്തേക്ക് തിരിക്കുകയായിരുന്നു. പിടിയിലായവരെ പിന്നീട് പോലീസിന് കൈമാറി.
കാറില്‍നിന്ന് ബാഗുമായി ഓടിരക്ഷപ്പെട്ടത് ബി.ജെ.പി. സ്ഥാനാര്‍ഥിയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. പ്രദേശത്തുനിന്നുള്ള സി.സി.ടി.സി. ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.
Content Highlights: bjp workers attempted to distribute money to voters held in karnataka
Published: 10 May 2023, 08:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented