ഇംഫാല്‍ : ഇടിക്കൂട്ടില്‍ പല തവണ വിജയത്തിന്റെ മധുരം നുണഞ്ഞിട്ടുണ്ട് മേരി കോം. പക്ഷെ ഇപ്പോള്‍ ഈ ലോകോത്തര ബോക്‌സിങ് താരം പ്രാര്‍ത്ഥിക്കുന്നത് സ്വന്തം ജയത്തിന് വേണ്ടിയല്ല, ഭര്‍ത്താവിന്റെ വിജയത്തിനായിട്ടാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് മേരിയുടെ ഭര്‍ത്താവ് ഒന്‍ഖൊലേര്‍ കരുങ്ങ്.

To advertise here,

കുന്നുകളുടെ ഭാഗമായ ചുരാചാന്ദ്പൂര്‍ ജില്ലയിലെ സായികോട്ട് മണ്ഡലത്തിലാണ് ഒന്‍ഖൊലേര്‍ കന്നി മത്സരത്തിനിറങ്ങുന്നത്. 'രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗമായി മത്സരിച്ചാല്‍ കൊള്ളാമെന്നുണ്ടായിരുന്നു. പക്ഷെ അവര്‍ താത്പര്യം കാട്ടിയില്ല. എന്നാല്‍ മത്സരിക്കണമെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടു. അതാണ് സ്വതന്ത്രനായി നില്‍ക്കാന്‍ കാരണം ' അദ്ദേഹം പറയുന്നു.

ഭര്‍ത്താവിന് വേണ്ടി പക്ഷെ മേരി പരസ്യ പ്രചാരണത്തിനിറങ്ങിയിട്ടില്ല. രാജ്യസഭാ എം.പിയായതിനാല്‍ അണിയറയില്‍ നിന്നുള്ള പിന്തുണ മാത്രമേ നല്‍കുന്നുള്ളു. എങ്കിലും മേരിക്ക് സ്വന്തം നാട്ടിലുള്ള പിന്തുണ തനിക്ക് ഗുണം ചെയ്യുമെന്നാണ് ഒന്‍ഖൊലേറിന്റെ പ്രതീക്ഷ.'മേരിയുടെ നാടാണെങ്കിലും വികസനത്തിന്റെ കാര്യത്തില്‍ ഞങ്ങള്‍ അവഗണിക്കപ്പെട്ടവരാണ്. വിജയിച്ചാല്‍ അക്കാര്യത്തില്‍ നൂറു ശതമാനം ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കും' അദ്ദേഹം പറഞ്ഞു. ടോര്‍ച്ചാണ് ചിഹ്നം.

പക്ഷെ വന്‍ തോക്കുകള്‍ ഏറ്റുമുട്ടുന്ന സായികോട്ടില്‍ ഒന്‍ഖൊലേര്‍ ജയിച്ചാല്‍ അത് അത്ഭുതമായിരിക്കും. മണിപ്പൂര്‍ പി.സി.സി. അദ്ധ്യക്ഷനായിരുന്ന ടി.എന്‍. ഹാവോക്കിപ്പ് ആണ് ഇവിടത്തെ സിറ്റിംഗ് എം.എല്‍.എ. കഴിഞ്ഞ തവണ 5001 വോട്ടിനാണ് ബി.ജെ.പിയിലെ പാവോലിയാന്‍ ഹാവോക്കിപ്പിനെ അദ്ദേഹം തോല്‍പ്പിച്ചത്. എന്‍.പി.പി, ജെ.ഡി.യു, എന്‍ സി പി തുടങ്ങിയ കക്ഷികളും മത്സര രംഗത്തുണ്ട്.