ഇംഫാല്‍: ഭരണത്തിലേക്ക് കയറാന്‍ സഹായിച്ച കോണികള്‍ തത്കാലം എടുത്തുമാറ്റിയിരിക്കുകയാണ് മണിപ്പുരിലെ ബി.ജെ.പി. രണ്ടാമൂഴത്തിന് അവര്‍ കോപ്പുകൂട്ടുന്നത് സര്‍ക്കാരിലെ സഖ്യകക്ഷികളുടെയൊന്നും പിന്തുണയില്ലാതെയാണ്. ഒറ്റയ്ക്കുതന്നെ വ്യക്തമായ ഭൂരിപക്ഷം നേടാനുള്ള പോരാട്ടത്തിന്റെ തിടുക്കവും വാശിയും സംസ്ഥാന കമ്മിറ്റി ഓഫീസിലെ നീക്കങ്ങളില്‍ വ്യക്തമാണ്.

To advertise here,

ഇംഫാല്‍ നഗരത്തിലെ കണ്ണായ സ്ഥലത്ത് രാജ്ഭവന് എതിരായാണ് ബി.ജെ.പി. സംസ്ഥാന ഓഫീസ്. വമ്പന്‍ മൂന്നുനിലക്കെട്ടിടം. വിശാലമായ പാര്‍ക്കിങ് സ്ഥലത്ത് എസ്. യുവികളുടെ മുരള്‍ച്ച. വാതില്‍ക്കല്‍ ഇരുപതോളം പോലീസുകാരുടെ ക്യാമ്പ്. പ്രവേശനകവാടത്തില്‍ മെറ്റല്‍ ഡിറ്റക്ടര്‍. പക്ഷേ, വരുന്നവരെ കര്‍ശനമായി പരിശോധിക്കുന്നതായി കണ്ടില്ല.

നാഗാലാന്‍ഡിന്റെയും മണിപ്പുരിന്റെയും ചുമതലയുള്ള സംഘടനാ സെക്രട്ടറി അഭയ് ഗിരിയുടെ മുറിയിലെത്തുമ്പോള്‍ അദ്ദേഹം നല്ല തിരക്കിലാണ്. ആര്‍.എസ്.എസില്‍നിന്ന് നേരിട്ടുവന്ന ഭാരവാഹിയായ ഗിരിക്ക് രാഷ്ട്രീയം ചര്‍ച്ചചെയ്യാന്‍ വലിയ താത്പര്യമില്ല. 'ഉപാധ്യക്ഷന്‍ ചിദാനന്ദ സിങ്ങിനെ കാണൂ. അദ്ദേഹം എല്ലാം പറയും.' തദ്ദേശീയര്‍ക്ക് പ്രാധാന്യം നല്‍കുക എന്ന ഉദ്ദേശ്യവും ഗിരിയുടെ വാക്കുകളില്‍ വായിക്കാം.

ചിദാനന്ദ സിങ് വിദ്യാര്‍ഥിരാഷ്ട്രീയത്തില്‍നിന്ന് വന്നയാളാണ്. ഓള്‍ മണിപ്പുര്‍ സ്റ്റുഡന്റ്സ് യൂണിയന്‍ എന്ന അരാഷ്ട്രീയ സമ്മര്‍ദസംഘടനയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു. ''ഇത്തവണ നാല്‍പ്പതിനുമുകളില്‍ എന്നതാണ് ലക്ഷ്യം. വ്യക്തമായ ഭൂരിപക്ഷംതന്നെ കിട്ടും.'' -ചിദാനന്ദ അവകാശപ്പെടുന്നു. കോണ്‍ഗ്രസില്‍നിന്ന് ദിവസങ്ങള്‍ക്കുമുമ്പ് വന്നവര്‍ക്കുവേണ്ടി പാര്‍ട്ടിയുടെ പഴയ നേതാക്കളെ തഴഞ്ഞതായി ആരോപണമുള്ളതിനെപ്പറ്റി ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെ: ''ജയസാധ്യത. അതൊന്നുമാത്രമാണ് ഞങ്ങള്‍ പരിഗണിച്ചത്. ഒരു വനിതാ അധ്യക്ഷസ്ഥാനത്തുള്ള മണിപ്പുരില്‍ ആകെ 60 സീറ്റില്‍ മൂന്നു സീറ്റുകള്‍ മാത്രമാണ് സ്ത്രീകള്‍ക്ക് നീക്കിവെച്ചിട്ടുള്ളത്. ശരിയാണ്. സ്ത്രീകള്‍ക്ക് സീറ്റ് കുറവാണ്. പക്ഷേ, ഞാന്‍ നേരത്തേ പറഞ്ഞല്ലോ, വിജയസാധ്യതയുടെ കാര്യം.'' -ചിദാനന്ദ ന്യായീകരിച്ചു.

അഥവാ ഒരു തൂക്കുനിയമസഭ വന്നാല്‍ സര്‍ക്കാരിലെ ഘടകകക്ഷികളായ എന്‍.പി.പി.യുടെയും എന്‍.പി.എഫിന്റെയും സഹായം വീണ്ടും തേടുമോ? ''ഫലം വന്ന ശേഷമുള്ള കാര്യങ്ങള്‍ ദേശീയനേതൃത്വംകൂടി ഇടപെട്ടാണ് തീരുമാനിക്കുക. അതിന്റെയൊന്നും ആവശ്യം വേണ്ടിവരില്ല. ഒറ്റയ്ക്കുതന്നെ സര്‍ക്കാരുണ്ടാക്കും.'' -ചിദാനന്ദ പറഞ്ഞുതുടങ്ങിയിടത്തുതന്നെ കൊണ്ടുനിര്‍ത്തുന്നു.