ഇംഫാല്‍: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന 60 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ തുടങ്ങിയ മണിപ്പൂര്‍ ബിജെപിയിലെ പ്രശ്‌നങ്ങള്‍ കൊഴിഞ്ഞുപോക്കില്‍ കലാശിച്ചിരുന്നു. സീറ്റ് കിട്ടാത്ത നിരവധി സിറ്റിങ് എംഎല്‍എമാരും നേതാക്കളും കൂട്ടത്തോടെ പാര്‍ട്ടി വിട്ടിരുന്നു. പാര്‍ട്ടി വിട്ട നേതാക്കള്‍ കോണ്‍ഗ്രസിലും മറ്റ് പാര്‍ട്ടികളിലും കൂടുമാറിയെത്തുന്നത് തുടരുകയാണ് സംസ്ഥാനത്ത്.

To advertise here,

സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് മൊയ്‌റാങ് മണ്ഡലത്തിലെ എംഎല്‍എ ശരത്ചന്ദ്ര സിങ് തന്റെ അനുയായികള്‍ക്കൊപ്പമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി നിങ്‌തോവാം ബീരേനും കോണ്‍ഗ്രസില്‍ ചേര്‍ന്നു. നിലവില്‍ 12 ബിജെപി നേതാക്കള്‍ തങ്ങള്‍ക്കൊപ്പം ചേരാന്‍ സന്നദ്ധത അറിയിച്ചതായി കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെടുന്നുണ്ട്.

സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനത്ത് അസംതൃപ്തരായ നേതാക്കളുടെ അനുയായികള്‍ തെരുവിലിറങ്ങിയിരുന്നു. മുഖ്യമന്ത്രി ബീരന്‍ സിങ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെ കോലം കത്തിച്ചും പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെ അക്രമം നടക്കുകയും ചെയ്തിരുന്നു ഞായറാഴ്ച മണിപ്പൂരില്‍. മറ്റ് പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്ന 16 നേതാക്കള്‍ക്ക് സീറ്റ് നല്‍കി.

എല്ലാക്കാലവും പാര്‍ട്ടിക്കൊപ്പം ഉറച്ച് നിന്ന നേതാക്കളെ തഴഞ്ഞതില്‍ വലിയ അമര്‍ഷമാണ് നേതൃത്വത്തിനെതിരെ ഉയരുന്നത്. 2017ന് ശേഷം കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന പത്ത് നേതാക്കളാണ് 60 അഗ സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ചത്. ബിജെപിയില്‍ നിന്ന് എത്തുന്ന അസംതൃപ്തരെ സ്വാഗതം ചെയ്യുന്നുവെന്നാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ  പ്രതികരണം. 40 മണ്ഡലങ്ങളിലേക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.

Content Highlights: bjp leaders and mlas who left party joins congress and other parties in manipur