തലക്കെട്ടിലെ ഈചോദ്യം കലങ്കൂട്ട് മണ്ഡലത്തിലെ വോട്ടർമാരോട് ചോദിച്ചാൽ, അവർ പറയും കാര്യമുണ്ടെന്ന്. ഇന്ത്യയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒരേയൊരു വെങ്കലപ്രതിമയുള്ള സ്ഥലമാണിത്. സ്ഥാപിച്ചതാകട്ടെ ഇവിടത്തെ സ്ഥാനാർഥി മൈക്കിൾ വി. ലോബോയും. ആ പ്രതിമയിപ്പോൾ ഇവിടെ തിരഞ്ഞെടുപ്പിലെ ഒരു ചർച്ചാവിഷയമാണ്.

To advertise here,

പ്രമോദ് സാവന്ത് മന്ത്രിസഭയിയിൽ ലോബോ അംഗമായിരിക്കെ കഴിഞ്ഞ ഡിസംബറിലാണ് ഈ പ്രതിമ സ്ഥാപിച്ചത്. അന്നുമുതൽ പ്രതിഷേധമിരമ്പുന്നുണ്ട്. ഇന്ത്യൻ ഫുട്‌ബോൾ താരങ്ങളുടെ പ്രതിമ സ്ഥാപിക്കാതെ, അവരെ പ്രോത്സാഹിപ്പിക്കാതെ, പോർച്ചുഗീസുകാർ കോളനിയാക്കി ഭരിച്ച ഗോവയിൽ ആ നാട്ടുകാരനായ ഫുട്‌ബോൾ താരത്തിന്റെ പ്രതിമ സ്ഥാപിച്ചതിലാണ് പ്രതിഷേധം. എന്നാൽ, തന്റെ വ്യക്തിപ്രഭാവത്താൽ ആ പ്രതിഷേധങ്ങൾ ലോബോ ഊതിക്കെടുത്തുകയായിരുന്നു. ‘‘റൊണാൾഡോയുടെ ജീവിതം എല്ലാ അർഥത്തിലും പ്രചോദനം നൽകുന്നതാണ്. ഇവിടെയുള്ള യുവാക്കൾക്കും ആ ജീവിതം പ്രചോദനമാകട്ടെ എന്നുകരുതിയാണ് പ്രതിമ സ്ഥാപിച്ചത്’’ -മൈക്കിൾ ലോബോ ‘മാതൃഭൂമി’യോട് പറഞ്ഞു.

യുവാക്കളെ ഫുട്‌ബോളിലേക്ക് ആകർഷിക്കാനായി, ഈ ഏഴാംനമ്പറുകാരൻ ഫ്രീകിക്ക്‌ എടുക്കുന്ന പോസിലുള്ള ‘സ്റ്റാച്യു ഓഫ് ഇൻസ്പിരേഷൻ’ എന്ന പ്രതിമയ്ക്ക് 400 കിലോഗ്രാം ഭാരമാണുള്ളത്. പ്രതിമയ്ക്കൊപ്പമുള്ള ഫലകത്തിൽ ക്രിസ്റ്റ്യാനോയുടെ 1985 ഫെബ്രുവരി അഞ്ച് എന്ന ജനനത്തീയതിയും കുട്ടിക്കാലത്തെ ആരോഗ്യപ്രശ്നവും നേട്ടങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

ബി.ജെ.പി.യിൽനിന്ന് കൂറുമാറിയ ലോബോ കോൺഗ്രസിനായി ഇതേമണ്ഡലത്തിൽ സ്ഥാനാർഥിയായതോടെ ആ പഴയ പ്രതിഷേധം എതിർകക്ഷികൾ ഒന്നുകൂടി ആളിക്കത്തിക്കാനും തുടങ്ങിയിട്ടുണ്ട്.