കേരളത്തിൽ തിരുവനന്തപുരം ഗവൺമെൻറ് മെഡിക്കൽ കോളേജ്, സ്വകാര്യ സ്വാശ്രയ കോളേജായ കോഴിക്കോട് മിംസ് കോളേജ് ഓഫ് അലൈഡ് ഹെൽത്ത് സയൻസസ് എന്നിവയിൽ നടത്തുന്ന മാസ്റ്റർ ഓഫ് സയൻസ് ഇൻ മെഡിക്കൽ ലബോറട്ടറി ടെക്നോളജി (എം.എസ്‌സി. എം.എൽ.ടി.) പ്രോഗ്രാമിലെ 2023-24 ലെ പ്രവേശനത്തിന്, മെഡിക്കൽ എജുക്കേഷൻ ഡയറക്ടറേറ്റ് അപേക്ഷ ക്ഷണിച്ചു. രണ്ടുവർഷമാണ് കോഴ്സ് ദൈർഘ്യം. മൈക്രോബയോളജി, ബയോകെമിസ്ട്രി, പാത്തോളജി എന്നീ സ്പെഷ്യലൈസേഷനുകളിലാണ് രണ്ടിടത്തും പ്രോഗ്രാം ഉള്ളത്.

To advertise here,

യോഗ്യത: കേരളത്തിലെ ഏതെങ്കിലും സർവകലാശാലയിൽ നിന്നോ കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് അംഗീകാരമുള്ള മറ്റേതെങ്കിലും സർവകലാശാലയിൽനിന്നോ ബി.എസ്‌സി. (എം.എൽ.ടി.) ബിരുദം, എല്ലാവർഷങ്ങളിലെയും പരീക്ഷകൾ പരിഗണിച്ച്, മൊത്തം 55 ശതമാനം മാർക്കോടെ നേടിയിരിക്കണം.

ഉയർന്ന പ്രായപരിധി 2024 ഫെബ്രുവരി 20-ന് 40 വയസ്സാണ്. സർവീസ് ക്വാട്ട അപേക്ഷകർക്ക് 49 വയസ്സും.

സർവീസ് ക്വാട്ടയിലേക്ക് ഉൾപ്പെടെയുള്ള പ്രവേശനം ഒ.എം.ആർ. അധിഷ്ഠിത പ്രവേശനപരീക്ഷ വഴിയാകും. മൂന്നുമണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയ്ക്ക്, ബയോകെമിസ്ട്രി (60 ചോദ്യങ്ങൾ), മൈക്രോബയോളജി (60), പാത്തോളജി (60), ഹെമറ്റോളജി ആൻഡ് ബ്ലഡ് ബാങ്കിങ് (20) എന്നിവയിൽനിന്നും ബി.എസ്‌സി. എം.എൽ.ടി. പരീക്ഷാനിലവാരമുള്ള ഒബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉണ്ടാകും. ശരിയുത്തരം മൂന്നുമാർക്ക്. ഉത്തരം തെറ്റിയാൽ ഒരുമാർക്ക് വീതം നഷ്ടപ്പെടും.

പരീക്ഷയിൽ യോഗ്യത നേടാൻ 40 ശതമാനം മാർക്ക് നേടണം (എസ്.ഇ.ബി.സി, പി.ഡി-35 ശതമാനം, പട്ടികവിഭാഗം-30 ശതമാനം). സർവീസ് വിഭാഗക്കാർക്കും 40 ശതമാനം മാർക്ക് വേണം. പരീക്ഷയുടെ തീയതി പിന്നീട് പ്രഖ്യാപിക്കും.

അപേക്ഷ lbscentre.in/mastscmedlt2023/ വഴി മാർച്ച് 15 വരെ നൽകാം. സർവീസ് അപേക്ഷകരുടെ അപേക്ഷ നൽകേണ്ടരീതി വിജ്ഞാപനം, പ്രോസ്പെക്ടസ് എന്നിവയിൽ നൽകിയിട്ടുണ്ട്. എൽ.ബി.എസ്. സെൻറർ ഫോർ സയൻസ് ആൻഡ് ടെക്നോളജി റാങ്ക് പട്ടിക തയ്യാറാക്കി കേന്ദ്രീകൃത അലോട്മെൻറ് വഴി സീറ്റ് അനുവദിക്കും.