തിരുവനന്തപുരം: എല്ലാ വിഷയങ്ങള്‍ക്കുമുള്ള എ പ്ലസില്‍ ഇത്തവണയും ആധിപത്യം പെണ്‍കുട്ടികള്‍ക്ക്. ആണ്‍കുട്ടികളുടെ മൂന്നിരട്ടിയിലേറെ പെണ്‍കുട്ടികള്‍ എപ്ലസ് നേടി. 4315 ആണ്‍കുട്ടികള്‍ എ പ്ലസ് നേടിയപ്പോള്‍ പെണ്‍കുട്ടികളില്‍ 14,195 പേര്‍ നേട്ടം കരസ്ഥമാക്കി.

To advertise here,

സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് വിജയശതമാനത്തില്‍ കുറവ്

സര്‍ക്കാര്‍ സ്‌കൂളുകളുടെ വിജയശതമാനം കുറഞ്ഞു. 1,58,828 പേര്‍ പരീക്ഷയെഴുതിയതില്‍ 1,30,541 പേര്‍ വിജയിച്ചു (82.19 ശതമാനം). കഴിഞ്ഞവര്‍ഷം 83.04 ആയിരുന്നു.

എയ്ഡഡ് സ്‌കൂളുകളുടെ വിജയശതമാനം 86.36 ആയിരുന്നത് 88.01 ആയി. 1,92,377 പേര്‍ പരീക്ഷയെഴുതിയതില്‍ 1,69,316 പേര്‍ ജയിച്ചു. സ്പെഷ്യല്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ 217 പേരും ജയിച്ചു. ടെക്നിക്കല്‍ സ്‌കൂളില്‍ വിജയശതമാനം 87.94 ആണ്. കഴിഞ്ഞതവണ ഇത് 98.64 ആയിരുന്നു. അണ്‍-എയ്ഡഡ് സ്‌കൂളുകളില്‍നിന്ന് ഈ വര്‍ഷം 24,233 പേര്‍ പരീക്ഷയെഴുതി. 19,708 പേര്‍ ജയിച്ചു, വിജയശതമാനം- 81.33. കഴിഞ്ഞതവണത്തെ വിജയശതമാനം 77.34 ആയിരുന്നു. കലാമണ്ഡലത്തില്‍ പരീക്ഷയെഴുതിയ 80-ല്‍ 79 പേരും ജയിച്ചു.

മുന്നില്‍ സയന്‍സ്

സയന്‍സ് വിഭാഗത്തിലാണ് ഇത്തവണയും ഉയര്‍ന്ന വിജയശതമാനം- 88.62. ടെക്നിക്കല്‍ വിഭാഗമാണ് രണ്ടാംസ്ഥാനത്ത്. 87.94 ശതമാനം. കൊമേഴ്സാണ് മൂന്നാമത്. 84.52 ശതമാനം. ഹ്യൂമാനിറ്റീസില്‍ 77.76 ശതമാനം ജയിച്ചു. കഴിഞ്ഞവര്‍ഷത്തെ ഓരോ വിഭാഗത്തിന്റെയും വിജയശതമാനം: സയന്‍സ്- 86.04, കൊമേഴ്സ്- 84.65, ഹ്യൂമാനിറ്റീസ്- 79.82, ടെക്നിക്കല്‍- 69.72.

പ്ലസ് വണ്‍ അപേക്ഷ 24 മുതല്‍

 പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷ ഈ മാസം 24 മുതല്‍ നല്‍കാം. വിശദ വിവരങ്ങള്‍ ഉടന്‍ പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു.

പ്ലസ് വണ്ണിന് സീറ്റ് വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച് പെട്ടെന്ന് തീരുമാനമെടുക്കും. അനുകൂല സാഹചര്യമുണ്ടായാല്‍ സ്‌കൂളുകളില്‍ ഉടന്‍ ക്ലാസ് തുടങ്ങും. നിലവില്‍ പാഠ്യപദ്ധതി ചുരുക്കേണ്ട ആവശ്യമില്ലെന്നും ഇക്കാര്യത്തെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

Content Highlights: Girl Students got more A Plus grade in Plus Two Exams