ചോദ്യം:പ്ലസ്ടു കഴിഞ്ഞു. ബി.ആര്‍ക്. പ്രവേശനത്തിനുവേണ്ട വിദ്യാഭ്യാസ യോഗ്യതയില്‍ മാറ്റംവരുത്തിയതായി വായിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ കീം വഴി ബി.ആര്‍ക്കിന് അപേക്ഷിക്കാന്‍ വീണ്ടും അവസരമുണ്ടാകുമോ? -ഫാത്തിമ, കോട്ടയം
കേരളത്തില്‍ 2022-ലെ പ്രൊഫഷണല്‍ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചപ്പോള്‍ ബാച്ച്ലര്‍ ഓഫ് ആര്‍ക്കിടെക്ചര്‍ പ്രവേശനത്തിനുള്ള അക്കാദമിക് യോഗ്യത പ്രോസ്‌പെക്ടസിലും വിജ്ഞാപനത്തിലും നല്‍കിയിരുന്നു. അതുപ്രകാരം പ്ലസ്ടു യോഗ്യതയായുള്ള ബി.ആര്‍ക്. അപേക്ഷകര്‍ പ്ലസ് ടു/തത്തുല്യ കോഴ്സ് ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങള്‍ പഠിച്ച് ജയിക്കണമെന്നായിരുന്നു വ്യവസ്ഥ. അപേക്ഷ നല്‍കാന്‍ 2022 ഏപ്രില്‍ ആറുമുതല്‍ മേയ് 10 വരെ അവസരമുണ്ടായിരുന്നു.
കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ 2022-ലെ നാഷണല്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ ആര്‍ക്കിടെക്ചര്‍ (നാറ്റ) വിജ്ഞാപനത്തില്‍ 2022-'23ലെ ബി.ആര്‍ക്. പ്രവേശനത്തിന് പ്ലസ് ടു/തത്തുല്യ കോഴ്സ്, ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങള്‍ പഠിച്ച് മൂന്നിനുംകൂടി 50 ശതമാനം മാര്‍ക്കുവാങ്ങി, പ്ലസ്ടുവിന് മൊത്തം 50 ശതമാനം മാര്‍ക്കുവാങ്ങി ജയിച്ചിരിക്കണമെന്നായിരുന്നു വ്യവസ്ഥ.
ഈ യോഗ്യതാവ്യവസ്ഥ കേരളത്തിലെ ബി.ആര്‍ക്. പ്രവേശനത്തിനും ബാധകമാക്കി 2022 മേയ് 10-ലെ ഉത്തരവുപ്രകാരം കേരളത്തിലെ പ്രോസ്‌പെക്ടസ് ഭേദഗതിചെയ്ത് ഉത്തരവിറക്കിയിരുന്നു. ഇത് വരുന്നത്, കീം അപേക്ഷാസമര്‍പ്പണ സമയം പൂര്‍ത്തിയായ ദിവസം ആയിരുന്നതിനാലും പുതിയ യോഗ്യതാ മാനദണ്ഡപ്രകാരം നേരത്തേ അപേക്ഷ നല്‍കാമായിരുന്നു എന്നതിനാലും വീണ്ടും അപേക്ഷ സ്വീകരിക്കേണ്ട സാഹചര്യം അന്ന് ഉണ്ടായില്ല. ഇപ്പോള്‍ കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍, ബി.ആര്‍ക്. പ്രവേശനത്തിനുള്ള അക്കാദമിക് യോഗ്യതാവ്യവസ്ഥ ഭേദഗതിചെയ്തിരിക്കുകയാണ്.
ആദ്യം കേരള പ്രോസ്‌പെക്ടസില്‍ ഉണ്ടായിരുന്ന വ്യവസ്ഥ തന്നെയാണിത്. അതനുസരിച്ച് പ്ലസ് ടു/തത്തുല്യ കോഴ്സ്, ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങള്‍ പഠിച്ച് ജയിച്ചവര്‍ ബി.ആര്‍ക്. പ്രവേശനത്തിന് അര്‍ഹരാണ് (50 ശതമാനം എന്ന മാര്‍ക്ക് വ്യവസ്ഥ ഉപേക്ഷിച്ചു). കേരളത്തിന്റെ 2022 മേയ് 12-ലെ ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍, സ്വാഭാവികമായും കേരളത്തിലെ പ്രോസ്‌പെക്ടസില്‍ ഈ ഭേദഗതിവരുത്തി സര്‍ക്കാര്‍ ഉത്തരവ് ഇറക്കേണ്ടതുണ്ട്. അത് താമസിയാതെ വരുമെന്ന് പ്രതീക്ഷിക്കാം.
കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചറിന്റെ അക്കാദമിക് യോഗ്യത ഭേദഗതിചെയ്ത ഉത്തരവ് വന്നശേഷവും ബി.ആര്‍ക്. പ്രവേശനം തേടുന്നവര്‍ക്ക് കീമിലേക്ക് അപേക്ഷ നല്‍കാന്‍ പ്രവേശനപരീക്ഷാ കമ്മിഷണര്‍ അവസരം നല്‍കിയിരുന്നു. ജൂലായ് 22 മുതല്‍ ജൂലായ് 26 വരെ അതിന് അവസരമുണ്ടായിരുന്നു.
അതിനാല്‍ മാര്‍ക്ക് വ്യവസ്ഥയില്ലാതെതന്നെ ബി.ആര്‍ക്. പ്രവേശനത്തിന് അപേക്ഷിക്കാന്‍ രണ്ടു ചാന്‍സ് ഇതിനകം നല്‍കിക്കഴിഞ്ഞു. ബി. ആര്‍ക്. പ്രവേശന യോഗ്യത, കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ഭേദഗതിചെയ്തശേഷവും കീമില്‍ ബി. ആര്‍ക്. അപേക്ഷ നല്‍കാന്‍ അവസരം നല്‍കിയ സ്ഥിതിക്ക്, ബി.ആര്‍ക്. പ്രവേശനത്തിന് അപേക്ഷ നല്‍കാന്‍ ഒരിക്കല്‍കൂടി അവസരം നല്‍കുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. പ്രവേശനപരീക്ഷാ കമ്മിഷണറുടെ അറിയിപ്പുകള്‍ ശ്രദ്ധിക്കുക.
Content Highlights: can we apply through keam for b.arch under new scheme
Published: 01 Aug 2022, 08:55 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented