
കട്ടപ്പനയിലെ അതിസാധാരണക്കാരനില്‍നിന്ന് 'സ്വാമി അമൃത ചൈതന്യ' എന്ന സ്വയംപ്രഖ്യാപിത ആള്‍ദൈവത്തിലേക്കുള്ള വളര്‍ച്ച. അതായിരുന്നു സന്തോഷ് മാധവന്റെ ജീവിതം. പക്ഷേ, 2008-ല്‍ ഒരു വഞ്ചനാക്കേസില്‍ പരാതി ഉയര്‍ന്നതോടെ 'സ്വാമി അമൃത ചൈതന്യ'യുടെ മുഖംമൂടി അഴിഞ്ഞുവീണു. ജ്യോതിഷവും പൂജയും മാത്രമല്ല, ആരെയും ഞെട്ടിക്കുന്ന പീഡനങ്ങളാണ് കടവന്ത്രയിലെ ഫ്‌ളാറ്റില്‍ നടന്നിരുന്നതെന്നും വെളിച്ചത്തായി. പ്രതിഷേധം വ്യാപിച്ചു. 'ശാന്തിതീരം' എന്ന പേരില്‍ നടത്തിയിരുന്ന ഗസ്റ്റ്ഹൗസും ആശ്രമവും യുവജനസംഘടനകള്‍ അടിച്ചുതകര്‍ത്തു. സന്തോഷ് മാധവന്‍ തുറുങ്കിലുമായി.
2008 പകുതിയോടെയാണ് കൊച്ചിയിലെ 'ശാന്തിതീരം' ആശ്രമത്തിന്റെ നടത്തിപ്പുകാരനും ജ്യോതിഷിയുമായിരുന്ന 'സ്വാമി അമൃതചൈതന്യ'യുടെ ലീലാവിലാസങ്ങള്‍ പുറംലോകമറിയുന്നത്. ദുബായില്‍നിന്ന് ഒരു വിദേശമലയാളിയുടെ പണം തട്ടിയെന്ന കേസായിരുന്നു ഇതിന്റെ അടിസ്ഥാനം. ഇതിനിടെ, ഇന്റര്‍പോള്‍ തിരയുന്ന കുറ്റവാളിയാണ് സന്തോഷ് മാധവനെന്നും അഭ്യൂഹങ്ങളുണ്ടായി. പരാതി ഉയര്‍ന്നതോടെ ഒളിവില്‍പോയ സന്തോഷ് മാധവനെ വൈപ്പിനില്‍നിന്നാണ് പോലീസ് സംഘം പിടികൂടിയത്. പിന്നാലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചതിനും ഇയാള്‍ക്കെതിരേ കേസെടുത്തു. പീഡനക്കേസില്‍ ചില പെണ്‍കുട്ടികള്‍ പിന്നീട് മൊഴി മാറ്റിയെങ്കിലും ഒരു പരാതിക്കാരി മാത്രം ഉറച്ചുനിന്നു. കോടതിക്ക് മുന്നില്‍ പെണ്‍കുട്ടി പ്രതിക്കെതിരേ മൊഴി നല്‍കി. സന്തോഷ് മാധവന് പീഡനക്കേസില്‍ 16 വര്‍ഷം തടവുശിക്ഷയും കിട്ടി.
ആര്‍ഭാടത്തിന്റെ പരകോടിയില്‍നിന്ന് അതിവേഗത്തിലായിരുന്നു സന്തോഷ് മാധവന്റെ വീഴ്ച. സിനിമാമേഖലയിലെ പ്രമുഖരുമായും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായും അടുത്തബന്ധം പുലര്‍ത്തിയിരുന്ന 'സ്വാമി' അകത്തായതോടെ പല കഥകളും പുറത്തുവന്നു. ബിനാമി ഇടപാടുകളടക്കം ചര്‍ച്ചയായി. സന്തോഷ് മാധവന്റെ ജയില്‍ജീവിതത്തെ സംബന്ധിച്ചും പലപ്പോഴും വിവാദങ്ങളുണ്ടായി. ഒടുവില്‍ വര്‍ഷങ്ങള്‍ നീണ്ട ജയില്‍വാസത്തിന് ശേഷം ആരുമായും വലിയ ബന്ധങ്ങളില്ലാതെ ഒതുങ്ങികഴിയുകയായിരുന്നു സന്തോഷ് മാധവന്‍. ഇതിനിടെയായിരുന്നു ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ മരണം.
കട്ടപ്പനയിലെ സന്തോഷ് 'സ്വാമി അമൃതചൈതന്യ'യായ കഥ
വള്ളക്കടവിലും കട്ടപ്പനയിലുമായിട്ടാണ് സന്തോഷിന്റെ സ്‌കൂള്‍ വിദ്യാഭ്യാസം. ഇതിനുശേഷം കുറച്ചുകാലം കട്ടപ്പനയിലെ കോളേജില്‍ പ്രീഡിഗ്രി പഠനത്തിന് പോയി. വീടിനടുത്ത് പെട്ടിക്കടയും നടത്തി. പിന്നീട് വീട് വിട്ട് ജ്യോതിഷപഠനത്തായി പോയി. എറണാകുളത്തും തൃശ്ശൂരിലുമായി ജ്യോതിഷപഠനം നടത്തിയെന്നായിരുന്നു ഇയാളുടെ അവകാശവാദം. എറണാകുളത്ത് ശാന്തിക്കാരനായും ജോലിചെയ്തു.

2002-ലായിരുന്നു സന്തോഷ് മാധവന്റെ ആദ്യവിവാഹം. വീടിനടുത്ത് തന്നെയുള്ള ഒരു പെണ്‍കുട്ടിയായിരുന്നു വധു. എന്നാല്‍, ഈ ബന്ധം ഏറെക്കാലം നീണ്ടുനിന്നില്ല. സന്തോഷിന്റെ പ്രകൃതം ശരിയല്ലാത്തതിനാലാണ് അന്ന് വിവാഹമോചനം നേടിയതെന്നായിരുന്നു പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറഞ്ഞിരുന്നത്.
ജ്യോതിഷം, സ്വാമി, ആശ്രമം
'സ്വാമി അമൃതചൈതന്യ' എന്ന ജ്യോതിഷിയായി സന്തോഷ് മാധവന്‍ പ്രശസ്തി നേടിയെടുത്തത് അതിവേഗത്തിലായിരുന്നു. 2004-ലെ സുനാമി ദുരന്തം മുന്‍കൂട്ടി പ്രവചിച്ചയാള്‍ എന്നുപറഞ്ഞായിരുന്നു സ്വാമിയുടെ മാര്‍ക്കറ്റിങ്. ഇതോടെ സിനിമാ താരങ്ങളും ഉന്നതരും സ്വാമിയുടെ അടുക്കലെത്തി. വിദേശയാത്രകള്‍ പതിവായി. പണം കുമിഞ്ഞുകൂടി. ഒപ്പം ആഡംബരവും.

2008-ലാണ് സന്തോഷ് മാധവനെതിരേ കേരള പോലീസിന് ഒരു പരാതി ലഭിക്കുന്നത്. ദുബായിലെ ഹോട്ടല്‍ ബിസിനസില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് തിരുവനന്തപുരം സ്വദേശിനിയായ സെറഫിന്‍ എഡ്വിനയില്‍നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു പരാതി. ഇതിനിടെ, ഇന്റര്‍പോള്‍ തിരയുന്ന കുറ്റവാളിയാണ് സന്തോഷ് മാധവനെന്നും അഭ്യൂഹങ്ങളുണ്ടായി. പിന്നീടങ്ങോട്ട് കേരളത്തിലെ 'ചൂടേറിയ ചര്‍ച്ച'യായി മാറുകയായിരുന്നു സന്തോഷ് മാധവന്‍. സ്വാമിയുടെ പൂജാരീതികളെ സംബന്ധിച്ചും ആഡംബരജീവിതത്തെക്കുറിച്ചും ഫ്‌ളാറ്റില്‍ നടന്നിരുന്ന അതിക്രമങ്ങളെ സംബന്ധിച്ചും ഓരോ ദിവസവും വിവരങ്ങള്‍ പുറത്തുവന്നു. ഇതോടെ സ്വാമി മുങ്ങുകയും ചെയ്തു. ഒടുവില്‍ ദിവസങ്ങള്‍ക്ക് ശേഷം വൈപ്പിനിലെ നായരമ്പലത്തുനിന്ന് കാര്‍ തടഞ്ഞാണ് സന്തോഷ് മാധവനെ പോലീസ് അറസ്റ്റ് ചെയ്തത്. വഞ്ചനാക്കേസിന് പുറമേ ഫ്‌ളാറ്റില്‍നിന്ന് കഞ്ചാവ് കണ്ടെടുത്ത കേസിലും പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും ഇയാള്‍ പ്രതിയായി.
കോടികളുടെ സ്വത്ത്, ലക്ഷങ്ങളുടെ ബാങ്ക് നിക്ഷേപം
അറസ്റ്റിലാകുന്ന സമയത്ത് 80 ലക്ഷം രൂപയായിരുന്നു സന്തോഷ് മാധവന്റെ ബാങ്ക് നിക്ഷേപം. കട്ടപ്പന ടൗണില്‍ മൂന്നുനില ലോഡ്ജ് ഉള്‍പ്പെടെ ഒട്ടേറെ സ്വത്തുക്കളും ഇയാള്‍ക്കുണ്ടായിരുന്നു. ബിനാമികളുടെ പേരിലും സന്തോഷ് മാധവന്‍ ഭൂമി വാങ്ങിക്കൂട്ടിയെന്നായിരുന്നു ആരോപണം. വൈക്കത്ത് ആറ് ഏക്കര്‍ പാടം, ചെറായി ബീച്ചിനടുത്ത് 13 സെന്റ് സ്ഥലം, എസ്.ആര്‍എം. റോഡിലെ ശാന്തിതീരം ആശ്രമം എന്നിങ്ങനെ നീണ്ടു സ്വത്തുവിവരങ്ങള്‍.
റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്ക് ഉള്‍പ്പെടെ പലതവണ വിദേശയാത്ര നടത്തിയിരുന്ന സന്തോഷ് മാധവന്‍ രണ്ടുതവണ പാസ്‌പോര്‍ട്ട് എടുത്തിരുന്നു. സന്തോഷ് മാധവന്‍ എന്ന പേരിലായിരുന്നു പാസ്‌പോര്‍ട്ട്. ദുബായില്‍നിന്ന് പണം കൈക്കലാക്കി നാട്ടിലെത്തിയ ശേഷം 'സ്വാമി അമൃതചൈനതന്യ' എന്ന പേരില്‍ പുതിയ പാസ്‌പോര്‍ട്ട് സ്വന്തമാക്കി. ആദ്യ പാസ്‌പോര്‍ട്ട് മടക്കി നല്‍കിയ ശേഷമായിരുന്നു പുതിയത് സ്വന്തമാക്കിയത്.
ആഡംബരം, ആര്‍ഭാടം
പതിവായി പത്തംഗ ഗുണ്ടാസംഘത്തിനൊപ്പമായിരുന്നു സന്തോഷ് മാധവന്റെ യാത്ര. അംഗരക്ഷകരെന്ന് വിളിപ്പേരുള്ള ഒരു പക്കാ ഗുണ്ടാസംഘമായിരുന്നു ഇയാളുടെ അകമ്പടി. കൊച്ചിയിലെ ശാന്തിതീരം ഗസ്റ്റ് ഹൗസിലാകട്ടെ പഞ്ചനക്ഷത്ര ഹോട്ടലുകളെ വെല്ലുന്ന സൗകര്യങ്ങളാണ് ഇയാള്‍ സജ്ജമാക്കിയിരുന്നത്. നാല് നിലകളിലായി 14 മുറികളുണ്ടായിരുന്നു ഇവിടെ. സ്വന്തം മുഖവും ഭാവങ്ങളും ചിത്രീകരിക്കപ്പെടാന്‍ ഏറെ ഇഷ്ടമായിരുന്ന സന്തോഷ് മാധവന്‍ സ്വന്തം ഫോട്ടോകളുടെ വന്‍ശേഖരവും സൂക്ഷിച്ചിരുന്നു.
സ്‌റ്റൈലനായി വസ്ത്രങ്ങള്‍ ധരിച്ച് സദാസമയവും ചിരിക്കുന്ന സന്തോഷ് മാധവന്റെ വിവിധ ചിത്രങ്ങളാണ് ഫ്‌ളാറ്റിലും ആശ്രമത്തിലും ഉണ്ടായിരുന്നത്. ഇതിനുപുറമേ ആരെയും ഞെട്ടിക്കുന്ന അശ്ലീലവീഡിയോ സി.ഡി.കളും ഫ്‌ളാറ്റില്‍നിന്ന് പോലീസ് കണ്ടെടുത്തിരുന്നു.

മൂന്നാംകിട അശ്ലീലപുസ്തകങ്ങള്‍ വരെ സന്തോഷിന്റെ താമസസ്ഥലത്തുനിന്ന് റെയ്ഡിനിടെ കണ്ടെടുത്തെന്നായിരുന്നു അന്നത്തെ റിപ്പോര്‍ട്ട്. മുറിയുടെ ഒരുഭാഗത്ത് ദൈവങ്ങളുടെ ചിത്രങ്ങളും പൂജാപുഷ്പങ്ങളുമാണെങ്കിലും മറുഭാഗത്ത് മദ്യവും ലഹരിയും ഒപ്പം അശ്ലീലപുസ്തകങ്ങളുമാണ് ഇയാള്‍ സൂക്ഷിച്ചിരുന്നത്. മുന്തിയ ഇനം മദ്യക്കുപ്പികളും നിരവധി അശ്ലീലവീഡിയോ സി.ഡികളും വീഡിയോ കാസറ്റുകളും കഞ്ചാവും ചന്ദനവും ഇയാളുടെ ഫ്‌ളാറ്റില്‍നിന്ന് പോലീസ് പിടിച്ചെടുത്തിരുന്നു. കടുവാത്തോല്‍ കണ്ടെടുത്തതിന് വനംവകുപ്പും പ്രതിക്കെതിരേ അന്ന് കേസെടുത്തിരുന്നു.
ഒരു പോലീസ് യൂണിഫോം സന്തോഷ് മാധവന്റെ ഫ്‌ളാറ്റില്‍നിന്ന് കണ്ടെടുത്തത് അക്കാലത്ത് ഏറെ വിവാദമായതായിരുന്നു. എന്നാല്‍, ഇത് അന്തരിച്ച ഒരു സി.ഐ.യുടേതാണെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പിന്നീട് സ്ഥിരീകരിച്ചു. സ്വാമിയുടെ കടുത്ത ആരാധകനായിരുന്ന സി.ഐ. ഫ്‌ളാറ്റിലെ പതിവുസന്ദര്‍ശകനായിരുന്നു. ഒരിക്കല്‍ ചെളി തെറിച്ചതിനാല്‍ സന്തോഷ് മാധവന്റെ ഫ്‌ളാറ്റില്‍ ഊരിവെച്ചതായിരുന്നു ഈ യൂണിഫോം. പിന്നീട് ഇത് എടുക്കാനും മറന്നു. ഈ യൂണിഫോമാണ് സന്തോഷ് മാധവന്‍ ഫ്‌ളാറ്റില്‍ കഴുകി സൂക്ഷിച്ചുവെച്ചതെന്നായിരുന്നു പോലീസിന്റെ വിശദീകരണം.
രണ്ടാം വിവാഹം, ലക്ഷങ്ങള്‍ കുടിശ്ശിക
ജ്യോതിഷിയായി പ്രശസ്തി നേടിയതിന് പിന്നാലെയായിരുന്നു സന്തോഷ് മാധവന്റെ രണ്ടാം വിവാഹം.2007 നവംബര്‍ 26-ന് പാലക്കാട്ട് നടന്ന വിവാഹചടങ്ങ് ആഡംബരത്തിന്റെ പര്യായമായി മാറി. ലക്ഷങ്ങള്‍ പൊടിപൊടിച്ച വിവാഹചടങ്ങില്‍ സിനിമാതാരങ്ങളും ഗായകരും അടക്കം പ്രമുഖര്‍ പങ്കെടുത്തു. കുതിരപ്പുറത്ത് വന്ന വരനും സിനിമാസെറ്റിനെ വെല്ലുന്ന മണ്ഡപവുമെല്ലാം അതിഥികളെ അമ്പരപ്പിച്ചു. എന്നാല്‍, വിവാഹചടങ്ങ് കഴിഞ്ഞതോടെ മണ്ഡപം ഒരുക്കിയവര്‍ മുതല്‍ ഓട്ടോക്കാര്‍ വരെ പണം കിട്ടിയില്ലെന്ന പരാതിയുമായി രംഗത്തെത്തി.
പ്രമുഖനായ ആര്‍ട്ട് ഡയറക്ടറാണ് കല്യാണവേദി ഒരുക്കിയിരുന്നത്. ഇദ്ദേഹത്തിന് മാത്രം ലക്ഷങ്ങള്‍ കുടിശ്ശികയുണ്ടായിരുന്നു. ഇത് ചോദിച്ചതിന്റെ സന്തോഷിന്റെ സംഘം തട്ടിക്കൊണ്ടുപോയി മര്‍ദിച്ചതായും പരാതിയുയര്‍ന്നു. ഒടുവില്‍ സന്തോഷ് മാധവന്റെ അടുത്തയാളായ ഒരു ഡിവൈ.എസ്.പി. ഇടപെട്ടാണ് കുടിശ്ശിക പരാതികളെല്ലാം പരിഹരിച്ചത്. സന്തോഷ് മാധവന്റെ രണ്ടാം വിവാഹത്തിന് പ്രധാനമായും മേല്‍നോട്ടം വഹിച്ചതും ഈ പോലീസ് ഉദ്യോഗസ്ഥനായിരുന്നു. സന്തോഷ് മാധവനെതിരേ പരാതി ഉയര്‍ന്നതിന് പിന്നാലെ ഈ ഡിവൈ.എസ്.പി.യും സസ്‌പെന്‍ഷനിലായി.
രക്ഷകന്റെ വേഷം ചമഞ്ഞ് ചൂഷണം
നിര്‍ധന കുടുംബങ്ങളിലെ പെണ്‍കുട്ടികളെ രക്ഷകന്റെ വേഷം ചമഞ്ഞെത്തിയാണ് സന്തോഷ് മാധവന്‍ ചൂഷണം ചെയ്തിരുന്നത്. 15 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളായിരുന്നു ഇയാളുടെ ഇരകള്‍. 15-ഓളം പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്നായിരുന്നു അന്നത്തെ പോലീസ് കണ്ടെത്തല്‍. എന്നാല്‍ നാല് പെണ്‍കുട്ടികളാണ് ആദ്യം ഇയാള്‍ക്കെതിരേ മൊഴി നല്‍കിയത്. ഇതില്‍ മൂന്നുപേര്‍ പിന്നീട് കൂറുമാറി. ഒരു പെണ്‍കുട്ടി മാത്രമാണ് കോടതിയിലും മൊഴിയില്‍ ഉറച്ചുനിന്നത്.
പെണ്‍കുട്ടികളെ വലയിലാക്കാന്‍ സന്തോഷ് മാധവന് എല്ലാ സഹായവും ചെയ്തിരുന്നത് ഇയാളുടെ ഡ്രൈവറായിരുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ ആശ്വാസവാക്കുകളുമായി എത്തുന്ന സ്വാമി പിന്നീട് ഈ വീടുകളിലെ പെണ്‍കുട്ടികളെ വലവീശി പിടിക്കും. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള എല്ലാ ചെലവുകളും ശാന്തിതീരം വഹിക്കാമെന്നായിരുന്നു സ്വാമിയുടെ ആദ്യവാഗ്ദാനം. കുടുംബത്തിന് സാമ്പത്തിക സഹായവും നല്‍കും.
നിര്‍ധന കുടുംബങ്ങളിലെ പെണ്‍കുട്ടികളെ ശാന്തിതീരം ആശ്രമത്തിലേക്കാണ് സ്വാമി ആദ്യം കൊണ്ടുവന്നിരുന്നത്. പോണേക്കരയിലെ ഈ ആശ്രമത്തില്‍നിന്നാണ് പെണ്‍കുട്ടികളെ കടവന്ത്രയിലെ ഫ്‌ളാറ്റില്‍ എത്തിച്ചിരുന്നത്. ഇവിടെവെച്ച് സന്തോഷ് മാധവന്‍ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു മൊഴി. പരാതിക്കാരിയായ പെണ്‍കുട്ടിയെ മാത്രം 2006-ല്‍ എട്ടു തവണയാണ് ഇയാള്‍ പീഡനത്തിനിരയാക്കിയത്. പീഡനദൃശ്യങ്ങള്‍ ഇയാള്‍ ക്യാമറയിലും പകര്‍ത്തിയിരുന്നു. ഇത്തരം ദൃശ്യങ്ങളടങ്ങിയ നിരവധി സി.ഡി.കളും വീഡിയോ കാസറ്റുകളുമാണ് സന്തോഷ് മാധവന്റെ ഫ്‌ളാറ്റില്‍നിന്ന് പോലീസ് പിടിച്ചെടുത്തത്. ലൈംഗികപീഡനത്തിന് പുറമേ തന്നെ കാണാനെത്തുന്ന സ്ത്രീകളെ സന്തോഷ് മാധവന്‍ നഗ്നപൂജയ്ക്ക് വിധേയരാക്കിയിരുന്നതായും അന്ന് ആരോപണങ്ങളുണ്ടായിരുന്നു.
കോടതിയുടെ ശിക്ഷ
2009 മെയ് 20-നാണ് പീഡനക്കേസില്‍ സന്തോഷ് മാധവനെ കോടതി ശിക്ഷിച്ചത്. 16 വര്‍ഷം കഠിനതടവും 2.10 ലക്ഷം രൂപ പിഴയുമായിരുന്നു എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി പ്രതിക്ക് വിധിച്ച ശിക്ഷ. അന്ന് പ്രതിയെക്കുറിച്ച് കോടതി നടത്തിയ പരാമര്‍ശങ്ങളും ഏറെ ശ്രദ്ധനേടിയിരുന്നു.
പെണ്‍കുട്ടികളുടെ ദാരിദ്ര്യം ചൂഷണം ചെയ്തും അവരെ വഞ്ചിച്ചുമാണ് പ്രതി ബലാത്സംഗം നടത്തിയതെന്നും പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം. അടങ്ങാനാകാത്ത ലൈംഗികാസക്തിയുള്ള പ്രതി, മൃഗ്രീയമായാണ് പെണ്‍കുട്ടികളെ ഉപദ്രവിച്ചതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാല്‍, ശാന്തിതീരം എന്ന പേരില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് താന്‍ നടത്തിയതെന്നും നിരപരാധിയാണെന്നും സന്തോഷ് മാധവന്‍ കോടതിയില്‍ പറഞ്ഞു. പക്ഷേ, ശാന്തിതീരത്തിന്റെ മറവില്‍ നടന്നത് ഇത് തെളിയിക്കുന്നതല്ലെന്ന് കോടതി വ്യക്തമാക്കി. തന്റെ കാമദാഹം തീര്‍ക്കാനാണ് ആശ്രമത്തിലെ ചില പെണ്‍കുട്ടികളെ പ്രതി ഉപയോഗിച്ചതെന്നും കോടതി പറഞ്ഞിരുന്നു.

ശിക്ഷ പ്രഖ്യാപിച്ചിട്ടും പതിവുപോലെ പുഞ്ചിരിച്ചുകൊണ്ടാണ് സന്തോഷ് മാധവന്‍ അന്ന് കോടതിയില്‍നിന്ന് മടങ്ങിയത്. പിന്നീട്, സെന്‍ട്രല്‍ ജയിലില്‍ ദീര്‍ഘനാള്‍ ജയില്‍വാസം. ജയിലിലെ നെയ്ത്തുജോലിയായിരുന്നു സന്തോഷ് മാധവന് ആദ്യം ലഭിച്ചത്. ദിവസം 43 രൂപയായിരുന്ന കൂലി. പിന്നീട് ജയിലിലെ ഡോക്ടറുടെ സഹായിയായും ജോലിനോക്കി. ഇതിനിടെ, ജയിലില്‍ സന്തോഷ് പൂജ നടത്തുന്നതായും ഉദ്യോഗസ്ഥരടക്കം ഇയാള്‍ക്ക് വി.ഐ.പി. പരിഗണന നല്‍കുന്നതായും ആരോപണങ്ങളുണ്ടായി. സന്തോഷിന്റെ കമ്പനിക്ക് സര്‍ക്കാര്‍ മിച്ചഭൂമി അനുവദിച്ച് നല്‍കിയതും വിവാദത്തിനിടയാക്കി.
അറസ്റ്റിലായപ്പോഴും കേസില്‍ ശിക്ഷിക്കപ്പെട്ടപ്പോഴും താന്‍ നിരപരാധിയാണെന്നായിരുന്നു സന്തോഷിന്റെ വാദം. മാധ്യമങ്ങള്‍ തന്റെ രക്തത്തിനായി മുറവിളി കൂട്ടുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് തന്നെ വേട്ടയാടുന്നു. തനിക്കെതിരേ പരാതി നല്‍കിയ സ്ത്രീ ജ്യോതിഷസംബന്ധമായ ഉപദേശം തേടിയിരുന്നു. അല്ലാതെ അവരില്‍നിന്ന് പണം കൈപ്പറ്റിയിട്ടില്ലെന്നും വിവാദങ്ങളുടെ ആദ്യഘട്ടത്തില്‍ സന്തോഷ് പറഞ്ഞിരുന്നു. സിനിമാരംഗത്തുള്ള പലരും തന്നെ കാണാനെത്തിയിരുന്നെങ്കിലും ജ്യോതിഷസംബന്ധമായ ബന്ധം മാത്രമാണ് ഇവരുമായുള്ളതെന്നും ഇയാള്‍ പ്രതികരിച്ചിരുന്നു.
Content Highlights: who is santhosh madhavan santhosh madhavan life story
Published: 06 Mar 2024, 05:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented