മട്ടാഞ്ചേരി: വെർച്വൽ അറസ്റ്റ് എന്ന് ഭയപ്പെടുത്തി മട്ടാഞ്ചേരി സ്വദേശിനിയിൽനിന്ന് 2.88 കോടി രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി പോലീസ് പിടിയിലായി. മഹാരാഷ്ട്ര സ്വദേശി സന്തോഷാണ് (50) പിടിയിലായത്. മഹാരാഷ്ട്രയിലെ ഗോൺഡ്യയിൽ നിന്ന് മട്ടാഞ്ചേരി എസ്ഐ ജിമ്മി ജോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

To advertise here,

മട്ടാഞ്ചേരി ആനവാതിൽ സ്വദേശിനിയായ വീട്ടമ്മക്കാണ് പണം നഷ്ടമായത്. മണി ലോണ്ടറിങ്, ക്രിപ്‌റ്റോ കറൻസി എന്നിവയുമായി ബന്ധപ്പെട്ട് വീട്ടമ്മയുടെ പേരിൽ മുംബൈ തിലക് നഗർ പോലീസ് സ്റ്റേഷനിൽ കേസുണ്ടെന്നും ഇതിൽ വെർച്വൽ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പുസംഘം വിളിച്ചത്.

കേസിൽ നിന്നും ഒഴിവാക്കി തരാമെന്ന് പറഞ്ഞ് പല തവണകളായി പ്രതികൾ വീട്ടമ്മയിൽനിന്ന് പണം തട്ടിയെടുക്കുകയായിരുന്നു. സംഭവത്തിൽ മഹാരാഷ്ട്ര നവി മുംബൈ സ്വദേശികളായ സാക്ഷി അഗർവാൾ, സന്തോഷ്, വിജയ ഖന്ന, സഞ്ജയ് ഖാൻ, ശിവ സുബ്രഹ്മണ്യം എന്നിവർക്കെതിരേ മട്ടാഞ്ചേരി പോലീസ് കേസെടുത്തിരുന്നു.

വീട്ടമ്മയുടെ വാട്സാപ്പ് നമ്പറിലേക്ക് കേസിലെ പ്രതിയായ സന്തോഷിന്റെ നമ്പറിൽ നിന്നും വീഡിയോ കോൾ ചെയ്താണ് തട്ടിപ്പ് നടത്തിയത്. വീഡിയോ കോളിൽ വ്യാജ കോടതിയും പോലീസ് സ്റ്റേഷനും സജ്ജീകരിച്ചിരുന്നു. ജഡ്ജിയുടേയും വക്കീലിന്റേയും വേഷമണിഞ്ഞാണ് തട്ടിപ്പുകാർ വീഡിയോയിലുണ്ടായിരുന്നത്.

ജൂലായ് 10 മുതൽ ഓഗസ്റ്റ് 11 വരെയുള്ള ദിവസങ്ങളിൽ വീട്ടമ്മയുടേയും ഭർത്താവിന്റേയും വിവിധ ബാങ്കുകളിലെ അക്കൗണ്ടുകളിൽ നിന്നാണ് പ്രതികൾ പണം തട്ടിയെടുത്തത്. സ്വർണം പണയപ്പെടുത്തി പണം കണ്ടെത്തിയെന്നും പറയുന്നു. അടുത്തുള്ള പോലീസ് സ്‌റ്റേഷനിൽ നിന്നും ക്ലിയറൻസ് സർട്ടിഫിക്കറ്റ് വാങ്ങി നൽകിയാൽ അടച്ച പണം തിരികെ നൽകാമെന്ന് തട്ടിപ്പുകാർ വീട്ടമ്മയെ അറിയിച്ചു. ഇതുപ്രകാരം മട്ടാഞ്ചേരി പോലീസ് സ്‌റ്റേഷനിലെത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ട കാര്യം വീട്ടമ്മ അറിയുന്നത്. കേസിൽ നാല് പേരെ കൂടി കണ്ടെത്താനുണ്ട്. ഇവർക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

പോലീസ് ഉദ്യോഗസ്ഥരായ വി.ഡി. സനീഷ്, സുബിത്ത്, ഫെബിൻ, മാത്യു, സുധീഷ് എന്നിവരും പ്രത്യേകാന്വേഷണ സംഘത്തിലുണ്ടായിരുന്നു.