
മലപ്പുറം: ജില്ലാ സഹകരണബാങ്ക് എടക്കര ശാഖയിൽനിന്ന് ബിനാമി പേരുകളിൽ വൻതുക വായ്പയെടുത്ത് തിരിച്ചടയ്ക്കാത്ത സംഭവത്തിൽ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റും മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റുമായ ഇസ്‌മായിൽ മൂത്തേടത്തിനും ഭാര്യ, മകൻ എന്നിവർക്കും മറ്റു നാലുപേർക്കുമെതിരേ വിജിലൻസ് കേസെടുത്തു.
ഇസ്‌മായിലിനുപുറമെ ഭാര്യ റംലത്ത്, മകൻ ആസിഫ് അലി, ബാങ്ക് എടക്കര മുൻ ശാഖാ മാനേജർ തോമസുകുട്ടി, ഡെപ്യൂട്ടി ജനറൽ മാനേജർ മുസ്തഫ കമാൽ അഫ്‌സൽ, മുൻ ജനറൽ മനേജർ സി.എം. ഫിറോസ് ഖാൻ, കുഞ്ഞിമുഹമ്മദ് എന്നിവർക്കെതിരേയാണ് കേസ്.
ജില്ലാ സഹകരണബാങ്ക് ഡയറക്ടറും മുസ്‍ലിം ലീഗ് ജില്ലാസെക്രട്ടറിയുമായി പ്രവർത്തിച്ച കാലത്താണ് ഇസ്‌മായിൽ ഭാര്യയുടെയും മകന്റെയും ബിനാമി പേരുകളിൽ വായ്പയെടുത്തതെന്നാണ് ആരോപണം. 1.3 കോടിയുടെ മൂന്നു വായ്പകളാണെടുത്തത്. 2023 സെപ്റ്റംബർ 26 വരെ കുടിശ്ശികയുൾപ്പെടെ രണ്ടരക്കോടി രൂപയാണ് തിരിച്ചടയ്ക്കാനുള്ളത്. ഭൂമിയുടെ മൂല്യം തെറ്റായി കാണിച്ച് വേണ്ടത്ര ഈടില്ലാതെയാണ് വായ്പ എടുത്തതെന്നും ആരോപണമുണ്ട്. തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് തുക തിരിച്ചുപിടിക്കുന്നതിനായി ഭൂമിയുടെ ജപ്തിനടപടികൾ തുടങ്ങിയിരുന്നു. എന്നാൽ മതിപ്പുവില ഇല്ലാത്തതിനാൽ വായ്പത്തുകപോലും തിരിച്ചുപിടിക്കാൻ അധികൃതർക്കു കഴിഞ്ഞില്ല. ഭൂമിയുടെ ബാങ്കിലുള്ള രേഖകളും വായ്പാവിവരങ്ങളും വിജിലൻസ് ശേഖരിച്ചിരുന്നു. എന്നാൽ മിക്ക രേഖകളുടെയും പകർപ്പുമാത്രമാണ് ലഭിച്ചത്.
തുടർന്നാണ് വിജിലൻസ് കേസെടുത്തത്. ഇൻസ്‌പെക്ടർ പി. ജ്യോതീന്ദ്രകുമാറിനാണ് അന്വേഷണച്ചുമതല.
Content Highlights: Vigilance case against Muslim league leader on co-operative bank loan fraud
Published: 29 Aug 2024, 07:14 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented