വടക്കാഞ്ചേരി: ചെറുനാരങ്ങയിൽ നീരല്ലെന്നാരോപിച്ച് ഹോട്ടലിൽ അതിക്രമം. മിണാലൂരിലെ സെലക്ട് ദർബാർ ഹോട്ടലിൽ ഗുണ്ടാസംഘത്തിന്റെ ആക്രമണത്തിൽ ഹോട്ടലുടമയ്ക്കും സുഹൃത്തിനും പരിക്ക്.

To advertise here,

ഹോട്ടലിൽ ചൊവ്വാഴ്ച വൈകീട്ട് ഭക്ഷണം കഴിക്കാനെത്തിയ രണ്ടു യുവാക്കൾ ചില്ലിച്ചിക്കനോടൊപ്പം നൽകിയ ചെറുനാരങ്ങയിൽ നീരില്ലെന്നു പറഞ്ഞ് ജീവനക്കാരുമായി വഴക്കുണ്ടാക്കി പോയി. പിന്നീട് സംഘമായി കാറിലെത്തി ഉടമ കരുമത്ര സ്വദേശി സുഹൈബിനെ(40) ബാറ്റുകൊണ്ട് ആക്രമിച്ച് പല്ലുകൾ അടിച്ചുകൊഴിച്ചു. തടയാനെത്തിയ സുഹൃത്ത് കരുമത്ര സ്വദേശി റഷീദിനും(39) മർദനമേറ്റു.

ഇവരെ ആദ്യം വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലും തുടർന്ന്‌ തൃശ്ശൂരിലെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു. ഹോട്ടൽ ജീവനക്കാരിൽ ചിലർക്കും തല്ലാനെത്തിയ സംഘത്തിനു തിരിച്ചും മർദനമേറ്റു. കരിയന്നൂരിൽനിന്നുള്ളവരാണ് ആക്രമിക്കാനെത്തിയവരെന്നു സൂചന ലഭിച്ചിട്ടുണ്ട്. ഇവരെത്തിയ കാറിന്റെ ചിത്രം പോലീസിനു ഹോട്ടലുടമ കൈമാറിയിട്ടുണ്ട്. സി.സി ടി.വി.യിൽ ആക്രമണത്തിനെത്തിയവരുടെ ദൃശ്യങ്ങളുണ്ട്. വടക്കാഞ്ചേരി പോലീസ് അന്വേഷണമാരംഭിച്ചു.