കുഷിനഗര്‍: സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ ശല്യം ചെയ്ത കേസില്‍ പോലീസ് തിരയുകയായിരുന്ന രണ്ടുപേരെ വെടിവെച്ച് കീഴ്പ്പെടുത്തിയതായി ഉത്തര്‍പ്രദേശ് പോലീസ് അറിയിച്ചു. മൊറാവന്‍ ബര്‍ക്ക തൊല സ്വദേശികളായ അസ്ലം, സുല്‍ഫിക്കര്‍ എന്നിവരെയാണ് തിങ്കളാഴ്ച പുലര്‍ച്ചെയോടെ പോലീസ് പിടികൂടിയത്. 'ലവ് ജിഹാദ്' കേസ് എന്ന് പോലീസ് തന്നെ പറയുന്ന കേസില്‍ പ്രതികളായ ഇവരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 25,000 രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ഇവര്‍ സ്കൂളുകള്‍ക്ക് സമീപം പെണ്‍കുട്ടികളെ ശല്യം ചെയ്യുകയും 'ഹിന്ദുക്കളായി നടിച്ച് പെണ്‍കുട്ടികളെ വശീകരിക്കാന്‍ ശ്രമിക്കുകയും' ചെയ്തിരുന്നതായി പോലീസ് സൂപ്രണ്ട് സന്തോഷ് കുമാര്‍ മിശ്ര പറഞ്ഞു. രംകോല പോലീസ് സ്റ്റേഷന് പരിധിയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഇരുവര്‍ക്കും പോലീസിന്റെ വെടിയേറ്റ് പരിക്കേറ്റതെന്ന് എസ്പി മിശ്ര വ്യക്തമാക്കി.
ഇരുവര്‍ക്കുമെതിരെ ഭാരതീയ ന്യായ സംഹിത (BNS) വകുപ്പുകളായ 74 (സ്ത്രീത്വത്തെ അപമാനിക്കല്‍), 78 (പിന്തുടര്ന്ന് ശല്യം ചെയ്യല്‍), 296 (പൊതുസ്ഥലത്ത് അശ്ലീല പ്രവൃത്തികള്‍), 351 (3) (ഭീഷണിപ്പെടുത്തല്‍) എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട്.
'പ്രതികളെ കണ്ടെത്താനായി നാല് സംഘങ്ങളെ രൂപീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയിരുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ നാല് മണിയോടെ കുസൂമഹ പാലത്തിന് സമീപം വാഹന പരിശോധനക്കിടെ പ്രതികള്‍ പോലീസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പോലീസ് തിരികെ വെടിവെച്ചപ്പോള്‍ ഇരുവര്‍ക്കും പരിക്കേറ്റു.' എസ്പി മിശ്ര പറഞ്ഞു.
പ്രതികളുടെ പക്കല്‍നിന്ന് രണ്ട് നാടന്‍ തോക്കുകള്‍, വെടിയുണ്ടകള്‍, നമ്പര്‍ പ്ലേറ്റില്ലാത്ത ഒരു മോട്ടോര്‍ സൈക്കിള്‍, 1,100 രൂപ എന്നിവ കണ്ടെടുത്തതായും അദ്ദേഹം പറഞ്ഞു. പരിക്കേറ്റവരെ പോലീസ് കസ്റ്റഡിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Content Highlights: two suspects accused of harassing schoolgirls in kushinagar were shot and arrested by police up
Published: 01 Sept 2025, 02:45 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented