ഭോപ്പാൽ: നടിയും മോഡലുമായ ട്വിഷ ശർമയുടെ മരണത്തിൽ ഭർത്താവിനും മുൻ ജഡ്ജിയായ ഭർതൃമാതാവിനുമെതിരെ സി.ബി.ഐ. കുറ്റപത്രം സമർപ്പിച്ചു. ഗാർഹിക പീഡനം, മാനസിക പീഡനം, സ്ത്രീധന പീഡനം തുടങ്ങിയ കുറ്റങ്ങളാണ് മുൻ ജഡ്ജി ഗിരിബാല സിങ്, ട്വിഷയുടെ ഭർത്താവ് സമർഥ് സിങ് എന്നിവർക്കെതിരെ സി.ബി.ഐ. ചുമത്തിയിരിക്കുന്നത്. 636 പേജുള്ള കുറ്റപത്രമാണ് ഭോപ്പാലിലെ പ്രത്യേക കോടതിയിൽ സമർപ്പിച്ചത്.

To advertise here,

മേയ് 12-നാണ് ഭോപ്പാലിലെ കതാര ഹിൽസിലുള്ള ഭർതൃവീട്ടിൽ മുപ്പത്തിമൂന്നുകാരിയായ ട്വിഷയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ ഗർഭച്ഛിദ്രത്തിന് ശേഷം കടുത്ത മാനസികവിഷമത്തിലായിരുന്നുവെന്നും താൻ അവർക്ക് ഏഴുലക്ഷം രൂപ നൽകിയിരുന്നതായും ഭർത്താവ് സമർഥ് അന്വേഷണ വേളയിൽ പറഞ്ഞിരുന്നു. എന്നാൽ സി.ബി.ഐ. കുറ്റപത്രത്തിൽ സമർഥിനെതിരെയും മാതാവിനെതിരേയും ഗുരുതര കണ്ടെത്തലുകളാണുള്ളത്.

ഗർഭധാരണത്തെക്കുറിച്ച് ഭർതൃമാതാവ് നിരന്തരം ചോദ്യങ്ങൾ ചോദിച്ചതായി ട്വിഷ തങ്ങളോട് പറഞ്ഞിരുന്നെന്ന് മാതാപിതാക്കൾ മൊഴി നൽകിയിട്ടുണ്ട്. എപ്പോൾ ഗർഭം ധരിക്കുമെന്ന് ഗിരിബാല ചോദിച്ചെന്നും ഗർഭിണിയാകുമ്പോൾ അറിയിക്കാമെന്ന് ട്വിഷ മറുപടി നൽകിയതായും സി.ബി.ഐ. കുറ്റപത്രത്തിൽ പറയുന്നു. ഈ ചോദ്യങ്ങളിൽ ട്വിഷ അസ്വസ്ഥയായിരുന്നെന്നും ഭർത്താവിനോട് പരാതിപ്പെട്ടിരുന്നെന്നും കുറ്റപത്രത്തിലുണ്ട്.

മുൻകാല ബന്ധങ്ങളെച്ചൊല്ലി ഭർത്താവ് മാനസികമായി ഉപദ്രവിക്കാറുണ്ടെന്നും കഴിഞ്ഞകാല സംഭവങ്ങളുമായി ബന്ധപ്പെടുത്തി തന്നെ ഉപദ്രവിക്കാൻ ഗിരിബാല മകന് നിരന്തരം നിർദേശം നൽകിയിരുന്നതായും ട്വിഷ പറഞ്ഞതായി മാതാപിതാക്കൾ വ്യക്തമാക്കി. സമർഥ് മയക്കുമരുന്നിന് അടിമയാണെന്നും ഇതേത്തുടർന്ന് തന്റെ ജീവിതം തകരുന്ന അവസ്ഥയിലാണെന്നും ട്വിഷ വീട്ടുകാരെ അറിയിച്ചിരുന്നുവെന്നും സിബിഐ കുറ്റപത്രത്തിൽ പറയുന്നു.

അഭിനയമോഹവുമായാണ് ട്വിഷ മോഡലിങ് രംഗത്തെത്തുന്നത്. 2025-ലാണ് അഭിഭാഷകനായ സമർഥുമായി വിവാഹം നടന്നത്. മുൻ ജില്ലാ ജഡ്ജിയുടെ മകനായതിനാൽ ഉന്നത കുടുംബവുമായുള്ള ബന്ധം ട്വിഷയ്ക്ക് വലിയ പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞ് ഭോപ്പാലിലെ ഭർതൃവീട്ടിലെത്തിയതോടെ സ്ഥിതി മാറി. ഭർതൃവീട്ടിൽ അനുഭവിക്കുന്ന പ്രയാസങ്ങൾ ട്വിഷ മാതാപിതാക്കളെ അറിയിച്ചിരുന്നു. 'എന്റെ ജീവിതം നരകമായിരിക്കുന്നു അമ്മേ...' എന്ന് ട്വിഷ അയച്ച സന്ദേശവും സി.ബി.ഐ. കണ്ടെടുത്തു.

ട്വിഷയ്ക്ക് 20 ലക്ഷം രൂപയുടെ ഡീമാറ്റ് അക്കൗണ്ടുണ്ടായിരുന്നു. ഇതറിഞ്ഞ ഗിരിബാലയും സമർഥും അത് ജോയിന്റ് അക്കൗണ്ടിലേക്ക് മാറ്റാൻ നിർബന്ധിച്ചെങ്കിലും ട്വിഷ തയ്യാറായിരുന്നില്ല. സമർഥ് ജോലിക്കായി ബെംഗളൂരുവിലേക്ക് മാറാൻ ശ്രമിച്ചപ്പോൾ ഗിരിബാലയ്ക്കൊപ്പം താമസിക്കാൻ ട്വിഷ വിസമ്മതിച്ചു. ഭോപ്പാലിൽ നിൽക്കുന്നത് പീഡനം കൂട്ടുമെന്നുകരുതി സ്വന്തം ജോലി തുടരാൻ നോയിഡയിലേക്ക് പോകാൻ തീരുമാനിച്ചു. ഏപ്രിൽ 29-ന് ഗുരുഗ്രാമിൽവെച്ച് മുൻ തൊഴിലുടമയെ കണ്ട് ജോലിക്കാര്യം സംസാരിക്കുകയും ചെയ്തു.

മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ട്വിഷ ഗർഭച്ഛിദ്രം നടത്തിയതായും റിപ്പോർട്ടിലുണ്ട്. സമർഥിനൊപ്പം ബൻസാൽ ആശുപത്രിയിലെത്തിയാണ് വിവരങ്ങൾ ഡോക്ടർമാരോട് പറഞ്ഞത്. തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്യുകയും സമ്മതം വാങ്ങിയശേഷം ഗുളിക കഴിക്കുകയുമായിരുന്നു. 

മേയ് 7-ന് പുലർച്ചെ 3.01-നും 3.09-നും ഇടയിൽ ട്വിഷ അമ്മ രേഖാ റാണിയ്ക്ക് വാട്സാപ്പിൽ നിരന്തരം സന്ദേശങ്ങൾ അയച്ചിരുന്നു. ഭോപ്പാലിലെ വീട്ടിൽനിന്ന് കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇത്. 'അമ്മേ... നാളെ എന്നെ വന്ന് കൊണ്ടുപോകാമോ?, സമർഥിന് എന്നെ വേണ്ട... നാളെ രാവിലെ വിളിക്കൂ... എനിക്ക് എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല. ഒരു വർഷത്തോളമായി ഞാൻ സഹിക്കുന്നു... നാളെയോ മറ്റന്നാളോ ടിക്കറ്റ് കിട്ടുമോ എന്ന് നോക്കൂ... നേരിട്ടുള്ള ട്രെയിനുണ്ട്... ഒറ്റയ്ക്ക് വാ... നമുക്ക് ഒന്നിച്ച് പോകാം. ഇപ്പോൾ അച്ഛനെ കൊണ്ടു വരേണ്ട. മിണ്ടാതെ പോകാം....' എന്നിങ്ങനെയായിരുന്നു സന്ദേശങ്ങളെന്ന് കുറ്റപത്രത്തിൽ പറയുന്നു.