കട്ടപ്പന: സന്തോഷ് മാധവന്റെ മരണവാര്‍ത്തയറിഞ്ഞ കട്ടപ്പന നഗരത്തിനും ഏറെ പറയാനുണ്ട്. കട്ടപ്പന ഗവ.കോളേജില്‍ പ്രീഡിഗ്രി പൂര്‍ത്തിയാക്കി. പഠനകാലത്തുതന്നെ കവിതയെഴുത്തും സാഹിത്യവും ഒക്കെ ശീലിച്ചിരുന്നു. പഠനത്തിനുശേഷം നഗരത്തിലെ ചെരുപ്പുകടയില്‍ സെയില്‍സ്മാനായിരുന്ന സന്തോഷ് മാധവന്‍ ഇടയ്ക്ക് നാടുവിട്ടുപോയി. സനിമാക്കഥകളെ വെല്ലുന്നരീതിയില്‍ വന്‍സാമ്പത്തിക സംവിധാനത്തിന്റെ പിന്‍ബലത്തിലാണ് പിന്നീട് തിരികെയെത്തുന്നത്.

To advertise here,

നഗരത്തില്‍ ബഹുനില വ്യാപാരസമുച്ചയം ഉള്‍പ്പെടെ വാങ്ങിക്കുകയും സിനിമാമേഖലയിലും രാഷ്ട്രീയപ്രവര്‍ത്തകരുമായും ബന്ധം സൂക്ഷിക്കുകയും ചെയ്തതോടെ നാട്ടുകാരും അതിശയത്തോടെയാണ് സന്തോഷ് മാധവനെ കണ്ടത്. ജ്യോതിഷവും താന്ത്രിക വിദ്യയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് സിനിമാതാരങ്ങള്‍ ഉള്‍പ്പെടെ തേടിയെത്തിയതോടെ സന്തോഷ് മാധവന്‍ നഗരത്തിലെ താരമായി മാറി. താന്‍ സ്വാമിയല്ലെന്നും ആത്മീയ ചൈതന്യമുള്ള വ്യക്തിയാണെന്നുമാണ് അന്ന് നാട്ടുകാരോട് സന്തോഷ് മാധവന്‍ പറഞ്ഞത്.

കട്ടപ്പന എസ്.ഐ.യെ വധിക്കാന്‍ തയ്യാറെടുപ്പ്

ആഡംബര കാറില്‍ നഗരത്തില്‍ കറങ്ങിയ സന്തോഷ് മാധവന്‍ അന്ന് കട്ടപ്പന എസ്.ഐ.യായിരുന്ന ബിജു കെ.സ്റ്റീഫന്‍ കൈ കാണിച്ചിട്ട് വാഹനം നിര്‍ത്തിയില്ല. കാറിനെ പിന്തുടര്‍ന്ന് എസ്.ഐ. ജീപ്പ് കുറുകെ നിര്‍ത്തി സന്തോഷ് മാധവനെ കസ്റ്റഡിയിലെടുത്തു. സന്ന്യാസിയായ തന്നെ എസ്.ഐ. കസ്റ്റഡിയിലെടുത്തു എന്നാരോപിച്ച് സന്തോഷ് മാധവന്‍ വിവാദമുണ്ടാക്കാന്‍ ശ്രമിച്ചു.

പിന്നീട് കാറില്‍നിന്ന് അശ്ലീല സി.ഡി. പോലീസ് കണ്ടെടുത്തതോടെ സന്തോഷ് മാധവന്‍ അടങ്ങി. സ്വാധീനം ഉപയോഗിച്ച് സ്റ്റേഷനില്‍നിന്ന് ഇറങ്ങിയ സന്തോഷ് മാധവന്‍ അടങ്ങിയിരുന്നില്ല. എസ്.ഐ. ബിജു കെ.സ്റ്റീഫനെ വധിയ്ക്കാന്‍ പദ്ധതിയിട്ടു. നഗരത്തിലെ പൊതുപ്രവര്‍ത്തകനും എസ്.ഐ.യും തമ്മിലുള്ള പ്രശ്നങ്ങള്‍ മനസ്സിലാക്കിയ സന്തോഷ് മാധവന്‍ പൊതു പ്രവര്‍ത്തകനേയും എസ്.ഐ.യെ വധിയ്ക്കാനുള്ള ശ്രമത്തില്‍ പങ്കാളിയാക്കാന്‍ ശ്രമിച്ചു. എന്നാല്‍ പൊതുപ്രവര്‍ത്തകന്‍ വഴങ്ങാതെ വന്നതും പോലീസ് രഹസ്യാന്വേഷണവിഭാഗം സംഭവം കണ്ടെത്തിയതും തിരിച്ചടിയായി. ഇതോടെ എസ്.ഐ.യെ വധിക്കാനുള്ള സന്തോഷ് മാധവന്റെ പദ്ധതിപാളി. ഇപ്പോള്‍ തൃശ്ശൂര്‍ അഡീഷണല്‍ എസ്.പി.യാണ് ബിജു കെ.സ്റ്റീഫന്‍.

നഗരത്തിലെ സാമ്രാജ്യങ്ങള്‍ തകര്‍ന്ന 2008

ഇന്റര്‍പോള്‍ തിരയുന്ന കുറ്റവാളികളുടെ കൂട്ടത്തില്‍പ്പെട്ടതോടെ സന്തോഷ് മാധവന്റെ കട്ടപ്പനയിലെ സ്ഥാപനങ്ങളും വീടും അന്ന് കട്ടപ്പന എസ്.ഐ.യായിരുന്ന വി.എസ്. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ റെയ്ഡ് ചെയ്തു. ഇയാളുടെ ഭൂമി ഇടപാടുകള്‍ ഉള്‍പ്പെടെ വ്യക്തമാക്കുന്ന ഒട്ടേറെ രേഖകള്‍ പിടിച്ചെടുത്തു.

കൊച്ചിയില്‍ അറസ്റ്റിലായെന്ന് അറിഞ്ഞപ്പോള്‍ ഇരുപതേക്കറിലെ വീട്ടിലേയ്ക്ക് കട്ടപ്പനയിലെ പ്രാദേശിക ചാനല്‍ പ്രവര്‍ത്തകരെ വീട്ടുകാര്‍ വിളിച്ചുവരുത്തിയിരുന്നു.

വീട്ടുകാരുടെ ഭാഗം വ്യക്തമാക്കുന്നതിനിടെ സന്തോഷ് മാധവനുമായി ബന്ധപ്പെട്ട ഏതാനും ആളുകളെത്തി ചാനല്‍ ക്യാമറാമാനെയും റിപ്പോര്‍ട്ടറെയും വീട്ടില്‍ പൂട്ടിയിടുകയും ചെയ്തിരുന്നു. കേസുമായി മുന്നോട്ടു പോകേണ്ടിവന്നതോടെ നഗരത്തിലെ കെട്ടിടങ്ങള്‍ ഉള്‍പ്പെടെ സന്തോഷ് മാധവന്‍ വിറ്റിരുന്നു.

തട്ടിപ്പിന്റെ 'ആത്മീയ' മുഖം

രാജേഷ് ജോർജ്

കൊച്ചി: തൂവെള്ള വേഷം. നീട്ടി വളര്‍ത്തിയ താടിയും മുടിയും. ആരേയും ആകര്‍ഷിക്കുന്ന വാക്കുകള്‍. അനുയായികളെ വരുതിയിലാക്കാന്‍ സന്തോഷ് മാധവന് ഇതുമതിയായിരുന്നു. 'ഞാന്‍ സ്വാമിയല്ല, മറിച്ച് ആത്മീയ ചൈതന്യമുള്ള വ്യക്തിയാണ്'. തട്ടിപ്പ് കേസുകളില്‍ പിടിവീഴും വരെ സന്തോഷ് മാധവന്‍ പറഞ്ഞിരുന്നത് ഇങ്ങനെയായിരുന്നു. നടീനടന്മാര്‍ ഉള്‍പ്പെടെയുള്ളവരുടെ നിരന്തര സന്ദര്‍ശനം കൂടിയായപ്പോള്‍ പ്രശസ്തി പെട്ടെന്നായി. സഞ്ചാരം ആഡംബര കാറുകളിലേക്ക് മാറി. സമ്പന്നതയില്‍നിന്ന് അപ്രതീക്ഷിതമായായിരുന്നു പതനം. ഒന്നിനു പിറകേ ഒന്നായി കേസുകള്‍ വന്നതോടെ സ്തുതിപാടകര്‍ കൈവിട്ടു. ഇന്റര്‍പോളിന്റെ വാണ്ടഡ് പട്ടികയിലും ഉള്‍പ്പെട്ടു. വിവിധ പേരുകളില്‍ മൂന്ന് പാസ്‌പോര്‍ട്ടും സ്വന്തമാക്കിയതായി തെളിഞ്ഞതോടെ കുരുക്ക് മുറുകി. സന്തോഷ് മാധവന്‍, അമൃത ചൈതന്യ എന്നിങ്ങനെ വ്യത്യസ്ത പേരുകളിലായിരുന്നു പാസ്‌പോര്‍ട്ടുകള്‍. ബിനാമി ഇടപാടുകളില്‍ വന്‍ തുക നിക്ഷേപിച്ചതായി പല കോണുകളില്‍നിന്നും ആക്ഷേപം ഉയര്‍ന്നു. ഇതൊന്നും പിന്നീട് കണ്ടെത്താനോ തെളിയിക്കാനോ കഴിഞ്ഞില്ല. പീഡനക്കേസില്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. സാമ്പത്തിക തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് കോടതിയില്‍ കുറ്റപത്രം നല്‍കിയിരുന്നു.

പുത്തന്‍വേലിക്കരയില്‍ തണ്ണീര്‍ത്തടമായ 95.44 ഏക്കറും കൊടുങ്ങല്ലൂര്‍ താലൂക്കില്‍ 32.41 ഏക്കര്‍ നിലവും സന്തോഷ് മാധവന്‍ കൈവശപ്പെടുത്താന്‍ ശ്രമിച്ചത് രാഷ്ട്രീയ കോലാഹലമുണ്ടാക്കി. ഭൂമിയിടപാടുകളില്‍ പോലീസുകാരും ക്വട്ടേഷന്‍, ഗുണ്ടാസംഘാംഗങ്ങളും സ്വാമിയുടെ ഇടനിലക്കാരായെന്ന ആരോപണങ്ങളും ഉയര്‍ന്നു. സന്തോഷ് മാധവനുമായി ബന്ധമുണ്ടെന്ന പേരില്‍ ഒരു ഡിവൈ.എസ്.പി. സസ്‌പെന്‍ഷനിലുമായി. സന്തോഷ് മാധവന്റെ കടവന്ത്രയിലെ ഫ്‌ലാറ്റില്‍ നടത്തിയ തിരച്ചിലില്‍ ഒരു സി.ഐ.യുടെ യൂണിഫോം കണ്ടെത്തിയതും വിവാദമായി.

ഏക്കര്‍ കണക്കിന് തണ്ണീര്‍ത്തടം കൈമാറ്റം ചെയ്യാനുള്ള നീക്കം രണ്ട് മന്ത്രിമാര്‍ക്കെതിരേയും ഉയര്‍ന്നു. സന്തോഷ് മാധവന്റെ ബിനാമി കമ്പനിയുടെ പേരില്‍ ഐ.ടി. ബിസിനസ് എന്ന പേരിലാണ് സ്ഥലം നികത്താന്‍ ശ്രമിച്ചത്. ഈ ഭൂമി ഇടപാടില്‍ യു.ഡി.എഫ്. സര്‍ക്കാരിലെ രണ്ട് മന്ത്രിമാര്‍ക്കെതിരേ കേസെടുക്കാമെന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവും വന്നിരുന്നു. ഇതിനിടെ ബലാത്സംഗ പരാതിയുമുണ്ടായി. പതിനഞ്ചുകാരിയായിരുന്നു പരാതിക്കാരി.