കൊച്ചി: ചെറുപ്രായത്തില്‍ത്തന്നെ പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ചയക്കുന്ന ആചാരപരമായ രീതി തുടരുന്നതിനാല്‍ ആദിവാസിവിഭാഗത്തില്‍പ്പെട്ട യുവാക്കള്‍ പോക്‌സോ കേസുകളില്‍ കുരുങ്ങുന്നു. 2012-ല്‍ പോക്‌സോ നിയമം നിലവില്‍ വന്നശേഷം കഴിഞ്ഞവര്‍ഷം ജൂലായ് വരെയുള്ള കണക്കനുസരിച്ച് 422 ആദിവാസിയുവാക്കളുടെ പേരിലാണ് സംസ്ഥാനത്ത് പോക്‌സോ കേസ് ചാര്‍ജ് ചെയ്തത്. വയനാട് ജില്ലയില്‍മാത്രം 202 ആദിവാസിയുവാക്കളുടെ പേരില്‍ പോക്‌സോ കേസ് എടുത്തിട്ടുണ്ട്.

To advertise here,

18 വയസ്സിനുമുമ്പേ വിവാഹം എന്നത് ആദിവാസികള്‍ക്കിടയില്‍ ഇപ്പോഴും തുടരുന്ന പരമ്പരാഗത ആചാരമാണ്. പരിഷ്‌കൃതസമൂഹത്തിന് അന്യമായ ഈ രീതിയാണ് ആദിവാസിയുവാക്കളെ ജയിലിലാക്കുന്നത്. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ 2012-ലാണ് പോക്‌സോ നിയമം നിലവില്‍ വരുന്നത്. ചരിത്രപരമായ നിയമനിര്‍മാണമായിരുന്നു അത്.

18 വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികള്‍ ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയാല്‍ വിവരം ആശുപത്രി അധികൃതര്‍ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ അറിയിക്കണം എന്ന് പോക്‌സോ നിയമം വ്യവസ്ഥ ചെയ്യുന്നു. ഇത്തരമൊരു റിപ്പോര്‍ട്ട് കിട്ടിയാല്‍ ഗര്‍ഭത്തിന് ഉത്തരവാദിയായ ആളുടെ പേരില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യണം. പോക്‌സോ നിയമത്തിലെ വകുപ്പ് മൂന്ന് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഈ വകുപ്പ് പ്രകാരമുള്ള കുറ്റം തെളിഞ്ഞാല്‍ കുറഞ്ഞത് 10 വര്‍ഷം തടവാണ് ശിക്ഷ ലഭിക്കുക. ജീവപര്യന്തം തടവിന് ശിക്ഷിക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. പോക്‌സോ നിയമത്തെക്കുറിച്ച് ആദിവാസികള്‍ക്ക് അറിവില്ലാത്തതാണ് പ്രശ്‌നം. നിയമത്തെക്കുറിച്ച് ബോധവത്കരിക്കാനുളള ശ്രമം നടക്കുമ്പോഴും ആചാരങ്ങളില്‍നിന്ന് മാറാന്‍ ആദിവാസികള്‍ മടിക്കുന്നത് വലിയ വെല്ലുവിളിയായി മാറുന്നുണ്ട്.

ബോധവത്കരണമാണ് പരിഹാരം

ശരിയായ ലക്ഷ്യത്തോടെയുള്ള നിയമമാണിത്. ആദിവാസികള്‍ക്കിടയില്‍ നടത്തുന്ന ബോധവത്കരണത്തിലൂടെ ഈ പ്രതിസന്ധിയെ മറികടക്കാനാകും എന്നാണ് പ്രതീക്ഷ

കെ.ടി. നിസാര്‍ അഹമ്മദ്

മെമ്പര്‍ സെക്രട്ടറി, ജില്ലാ ജഡ്ജി കേരള ലീഗല്‍ സര്‍വീസ് അതോറിറ്റി