കോഴഞ്ചേരി: സഹപാഠിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്ലസ്ടു വിദ്യാർഥികളുടെ പേരിൽ കേസെടുത്തു. കോഴഞ്ചേരിയിലെ ഹയർസെക്കൻഡറി സ്‌കൂളിൽ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. ഇത് സ്‌കൂൾ അധികൃതർ മറച്ചുവെച്ചെങ്കിലും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ആറന്മുള പോലീസും അന്വേഷണം ഊർജിതമാക്കി.

To advertise here,

തന്റെ സഹപാഠിയോട് സംസാരിച്ചന്ന ആരോപണത്തിൽ വിദ്യാർഥിയെ നാരങ്ങാനം സ്വദേശിയായ വിദ്യാർഥി മർദിച്ചെന്നാണ് ആറന്മുള പോലീസ് പറയുന്നത്. മർദനത്തിന് കൂട്ടുനിന്ന വിദ്യാർഥികളുടെ പേരിലും കേസുണ്ട്.

ക്വട്ടേഷൻ സംഘങ്ങളുടേതിനു സമാന നീക്കങ്ങളാണുണ്ടായത്. മുൻകൂട്ടി തീരുമാനിച്ചുള്ള അക്രമണമായിരുന്നെന്ന് വീഡിയോ ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണ്. ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്താൻ ചിലരെ ചുമതലപ്പെടുത്തിയിരുന്നു. വട്ടംകറക്കി ചവിട്ടി താഴെയിട്ടും കാലിൽ പിടിച്ച് നിരക്കിയുമായിരുന്നു മർദനത്തിന്റെ ഭൂരിഭാഗവും.

അക്രമത്തിന്റെ തുടക്കംമുതൽ പ്രത്യാക്രമണം ഉണ്ടായില്ല. ചുരുക്കത്തിൽ എതിരാളികളായ ഒരുകൂട്ടം വിദ്യാർഥികൾക്കിടയിൽ അകപ്പെടുകയായിരുന്നു പതിനാറുകാരൻ. ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട അധ്യാപകർ വിവരം മർദ്ദനമേറ്റ കുട്ടിയുടെ രക്ഷിതാക്കളെ അറിയിച്ചു. തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദനമുണ്ടായ പശ്ചാത്തലത്തിൽ അടുത്തദിവസം ചേരുന്ന സ്കൂൾ ബോർഡിൽ നടപടിയെ കുറിച്ച് തീരുമാനമുണ്ടാകുമെന്ന് പ്രിൻസിപ്പൽ പറഞ്ഞു.