കുറുപ്പംപടി: വേങ്ങൂർ അരുവപ്പാറയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിനു പിന്നിൽ ഓൺലൈൻ വായ്പത്തട്ടിപ്പ് സംഘത്തിന്റെ ഭീഷണിയെന്ന് സൂചന. വിശദമായ അന്വേഷണത്തിനായി പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു. അരുവപ്പാറ കുര്യപ്പുറം വീട്ടിൽ ആരതി (31) യെയാണ് ചൊവ്വാഴ്ച വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

To advertise here,

യുവതി ഓൺലൈൻ ആപ്പുകൾ വഴി ചെറിയ വായ്പകൾ എടുത്ത് തിരിച്ചടച്ചു വന്നിരുന്നു. എന്നാൽ, വലിയ തുക വായ്പ എടുക്കുന്നതിനുള്ള പ്രോസസിങ് ചാർജ് അടയ്ക്കുന്നതിനായി മറ്റൊരു ആപ്പിൽനിന്ന് വായ്പയെടുത്തു. ഇത് സമയത്ത് തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ല. വലിയ തുകയുടെ വായ്പ ലഭിച്ചതുമില്ല. ഇതോടെ ലോൺ ആപ്പ് സംഘം ഭീഷണിപ്പെടുത്താൻ തുടങ്ങി. ഉത്തരേന്ത്യൻ സംഘമാണ് പിന്നിലെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

യുവതിയുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ ഫോണിലേക്ക്‌ അയച്ച് ഭീഷണിപ്പെടുത്തിയതായി പറയുന്നു. യുവതിയുടെ ഫോണിൽനിന്ന് ഭീഷണി സന്ദേശങ്ങളും യുവതിയുടെ മറുപടിയും മറ്റും പോലീസിന് ലഭിച്ചിട്ടുണ്ട്. ഫോൺ സന്ദേശങ്ങൾ വിശദമായി പരിശോധിക്കാനുള്ള ശ്രമത്തിലാണ് കുറുപ്പംപടി സി.ഐ. വി.എം. കഴ്‌സന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം. ആരതിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം സംസ്കരിച്ചു.