മുംബൈ: 'മ്യൂൾ' ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ് നടത്തുന്ന അന്തർസംസ്ഥാന സംഘം മുംബൈ പോലീസിന്റെ വലയിലായി. 110-ഓളം ബാങ്ക് അക്കൗണ്ടുകളിലൂടെ 125 കോടിയോളം രൂപയുടെ ഇടപാടുകൾ ഇവർ നടത്തിയതായാണു വിവരം.

To advertise here,

ഡോംഗ്രി പോലീസിന്റെ സൈബർ വിഭാഗമാണ് സുപ്രധാന ഓപ്പറേഷൻ നടത്തിയത്. സംഭവത്തിൽ മധ്യപ്രദേശിൽ നിന്നുള്ള നിഖിൽ കമൽകുമാർ ജയ്സവാനി (26), രാഹുൽ ശ്യാംലാൽ പരസ്വാനി (32), ജയ് ബിഹാരി ലാൽ തിര്യാണി (26) എന്നിവരെ അറസ്റ്റ് ചെയ്തു. അഞ്ചു പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ വൈകാതെ തന്നെ പിടികൂടുമെന്നും പോലീസ് അറിയിച്ചു.

സാധാരണക്കാരായ ജനങ്ങളെ പ്രലോഭിപ്പിച്ചായിരുന്നു ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ തട്ടിപ്പിനായി ഉപയോഗിച്ചിരുന്നത്. അക്കൗണ്ടില്ലാത്തവരുടെ പേരിൽ പുതിയ ബാങ്ക് അക്കൗണ്ട് എടുത്തുനൽകിയും ഇവർ തട്ടിപ്പു നടത്തിയതായി പോലീസ് വ്യക്തമാക്കി. അക്കൗണ്ട് തുടങ്ങിയ ഉടൻ തന്നെ ഇവരിൽനിന്ന് പാസ്ബുക്കുകളും ഡെബിറ്റ് കാർഡുകളും ചെക്ക് ബുക്കുകളും സിം കാർഡുകളും കൈവശപ്പെടുത്തുന്നതായിരുന്നു രീതിയെന്ന് പോലീസ് പറയുന്നു. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം പെട്ടെന്നുതന്നെ മറ്റു അക്കൗണ്ടുകളിലേക്ക് മാറ്റുന്നതിനായാണ് ഇത്തരത്തിൽ ഇടനില അക്കൗണ്ടുകൾ ഉണ്ടാക്കുന്നത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുംബൈ പോലീസ് അന്വേഷണം ശക്തമാക്കിയത്. പോലീസ് നടത്തിയ തിരച്ചിലിൽ വൻതോതിലുള്ള സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തുകയും ഇതുമായി ബന്ധപ്പെട്ടാണ് മൂന്നുപേരെ അറസ്റ്റ് ചെയ്തതെന്നും എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നു. ഓൺലൈൻ ഗെയിമിങ്, ക്രിക്കറ്റ് വാതുവെപ്പ്, ഓൺലൈൻ ചൂതാട്ടം തുടങ്ങിയവയ്ക്കാണ് ഈ അക്കൗണ്ടുകൾ ഉപയോഗിച്ചിരുന്നതെന്ന് മുംബൈ പോലീസ് കണ്ടെത്തിയിട്ടുണ്ട്. പണം എങ്ങോട്ടൊക്കെയാണ് കൈമാറ്റം ചെയ്യപ്പെട്ടതെന്നും പിന്നിൽ പ്രവർത്തിച്ചവർ ആരൊക്കെയാണെന്നും പോലീസ് അന്വേഷിക്കുകയാണ്. ഇവരിൽ നിന്ന് 70 ഡെബിറ്റ് കാർഡുകളും 42 പാസ്ബുക്കുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

110 ബാങ്ക് അക്കൗണ്ടുകളിൽ 17 എണ്ണത്തിന് വിവിധ സംസ്ഥാനങ്ങളിലായി രജിസ്റ്റർ ചെയ്ത 38 സൈബർ കുറ്റകൃത്യ പരാതികളുമായി ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തി. കർണാടക, മഹാരാഷ്ട്ര, തെലങ്കാന, ഡൽഹി, മധ്യപ്രദേശ, ഉത്തർപ്രദേശ്, കേരളം, തമിഴ്നാട്, ഗുജറാത്ത്, ജമ്മു കശ്മീർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്ത പരാതികളാണ് ഈ 17 അക്കൗണ്ടുകൾക്കെതിരേ ഉയർന്നിട്ടുള്ളത്.

രാജ്യത്തുടനീളം ഇത്തരത്തിലുള്ള സൈബർ തട്ടിപ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, ബാങ്ക് അക്കൗണ്ടുകൾ മറ്റുള്ളവർക്ക് കൈമാറുന്നതിനെതിരെയും അപരിചിതമായ ഇടപാടുകൾ നടത്തുമ്പോൾ ശ്രദ്ധ പുലർത്തണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.