കൊൽക്കത്ത: സൗത്ത് കൊൽക്കത്ത ലോ കോളേജിൽ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ മുഖ്യപ്രതി മനോജിത് മിശ്ര വിദ്യാർഥികൾക്കിടയിൽ പേടിസ്വപ്‌നമായിരുന്നുവെന്ന് വെളിപ്പെടുത്തൽ. 'മാംഗോ മിശ്ര' എന്ന പേരിൽ അറിയപ്പെട്ട മനോജിത്തിന്റെ മുന്നിൽപ്പെടാതിരിക്കാൻ പെൺകുട്ടികൾ ക്ലാസുകൾ പോലും ഒഴിവാക്കിയിരുന്നു. പലരും പാതിവഴിയിൽ പഠനം നിർത്തുകയും ചെയ്തു.

To advertise here,

കോളേജിൽനിന്ന് പഠിച്ചിറങ്ങിയ ശേഷം കരാർ ജീവനക്കാരനായി തിരിച്ചെത്തിയ പൂർവ്വ വിദ്യാർത്ഥിയായ മനോജിത്തിനെ വിദ്യാർത്ഥികളെല്ലാം ഭയപ്പെട്ടിരുന്നു. 'കാമ്പസിൽ ഭീകരമായ ഒരന്തരീക്ഷം ഉണ്ടായിരുന്നു. അയാൾ പെൺകുട്ടികളുടെ ഫോട്ടോകൾ എടുക്കുകയും അവ മോർഫ് ചെയ്ത് വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. അയാൾ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു. ഭയം കാരണം വിദ്യാർത്ഥികൾ ക്ലാസുകളിൽ പോകാൻ പോലും ഭയന്നിരുന്നു.' കോളേജിലെ ഒരു വിദ്യാർഥിനി എൻഡിടിവിയോടു പറഞ്ഞു.

സഹപാഠിയായിരുന്ന ഒരു യുവതിയുമായി ദീർഘകാലമായി മനോജിത് പ്രണയത്തിലാണ്. യുവതിയുടെയും മനോജിത്തിന്റെയും കുടുംബാം​ഗങ്ങൾ അംഗീകരിച്ച ബന്ധമായിരുന്നു അത്. ഈസമയം തന്നെയാണ് ഇയാൾ മറ്റ് പെൺകുട്ടികളെ ശല്യപ്പെടുത്തിയിരുന്നത്. രാഷ്ട്രീയ ബന്ധങ്ങളുടെ പേരിൽ ഇയാൾക്കെതിരേ പരാതിപ്പെടാൻ ഭയമായിരുന്നു. 

2024 ഓഗസ്റ്റ് ഒൻപതിന് കൊൽക്കത്തയിലെ ആർ.ജി. കർ മെഡിക്കൽ കോളേജിൽ ക്രൂരപീഡനത്തിനിരയായി കൊലചെയ്യപ്പെട്ട ട്രെയ്‌നി ഡോക്ടർക്ക് നീതിലഭിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിൽ ഇയാളും പങ്കെടുത്തിരുന്നു. പ്രതി സഞ്ജയ് റോയിയെ തൂക്കി കൊല്ലണമെന്നാവശ്യപ്പെട്ട് മനോജിത് സമൂ​ഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

'കൊൽക്കത്തയിൽ ഉടനീളം അയാളെക്കുറിച്ച് ഒട്ടേറെ പരാതികളുണ്ടായിട്ടുണ്ട്. 2019-ൽ കോളേജിൽ വെച്ച് ഒരു സ്ത്രീയെ ലൈംഗികമായി ഉപദ്രവിക്കുകയും വസ്ത്രം കീറുകയും ചെയ്തു. 2024-ൽ ഒരു സുരക്ഷാ ജീവനക്കാരനെ മർദ്ദിക്കുകയും കോളേജ് സ്വത്തുക്കൾ നശിപ്പിക്കുകയും ചെയ്തു. ചില മോഷണക്കേസുകളിലും ഉൾപ്പെട്ടിരുന്നു. ഒട്ടേറെ എഫ്ഐആറുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്, പക്ഷെ, രാഷ്ട്രീയസ്വാധീനം കാരണം ആരും നടപടിയെടുത്തില്ല. ആരും അയാളെ തൊടാൻ ധൈര്യപ്പെട്ടില്ല.' വിദ്യാർഥികൾ പറഞ്ഞു.

'മനോജിത്ത് ഉപദ്രവിക്കാത്ത ഒരു പെൺകുട്ടിയും കോളേജിൽ ഉണ്ടെന്ന് കരുതുന്നില്ല. ധാരാളം പരാതികളുണ്ടായിരുന്നു. മാതാപിതാക്കൾ പോലും അയാളെ ഉപേക്ഷിച്ചതാണ്.' അവർ പറഞ്ഞു. മനോജിത്തിന്റെ പിതാവ് കാളിഘട്ട് ക്ഷേത്രത്തിലെ പൂജാരിയാണ്.

പാർട്ടിയിലെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന് മനോജിത് അവകാശപ്പെട്ടിരുന്നതായി വിദ്യാർത്ഥികൾ പറയുന്നു. അധ്യാപകരടക്കം കാമ്പസിലുള്ള എല്ലാവരും അയാളെ ഭയപ്പെട്ടിരുന്നു.  ജൂൺ 25-നാണ് കാമ്പസിനുള്ളിലെ ഗാർഡ് മുറിയിൽവെച്ച് മനോജിത്തും മറ്റു രണ്ടുപേരും ചേർന്ന് ഇരുപത്തിനാലുകാരിയായ പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്യുന്നത്. പിന്നാലെ ഇവർക്കു പുറമെ, കാമ്പസിലെ സുരക്ഷാഗാർഡും അറസ്റ്റിലായി.