ചെന്നൈ: മധുരയിലെ എൽഐസി ഓഫീസിൽ തീപിടിച്ച് സീനിയർ ജനറൽ മാനേജർ മരിച്ചതിനുപിന്നിൽ സഹപ്രവർത്തകന്റെ ആസൂത്രണമെന്ന് പോലീസ് കണ്ടെത്തി. സംഭവം നടന്ന് ഒരു മാസത്തിനുശേഷമാണ് ഇക്കാര്യംപോലീസ് വെളിപ്പെടുത്തിയത്. കഴിഞ്ഞ ഡിസംബർ 17-ന് രാത്രിയാണ് മധുര റെയിൽവേ സ്റ്റേഷനു സമീപത്തെ എൽഐസി കെട്ടിടത്തിന്റെ രണ്ടാം നിലയിൽ തീപ്പിടിത്തമുണ്ടായത്.

To advertise here,

അപകടത്തിൽ സീനിയർ ജനറൽ മാനേജർ കല്യാണി നമ്പി (56) മരിച്ചു. സഹപ്രവർത്തകനായ റാമിന് ഗുരുതരമായി പൊള്ളലേറ്റു. കല്യാണി നമ്പിയെ അവരുടെ കാബിനുള്ളിൽനിന്ന് റാം പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു എന്നും പോളിസി ഉടമകൾക്കുള്ള മരണാനന്തര നഷ്ടപരിഹാരം തീർപ്പാക്കുന്നതിനെച്ചൊല്ലി ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തി.

40-ലധികം ഫയലുകൾ റാം വളരെക്കാലമായി തീർപ്പാക്കാതെ ഇരിക്കുകയായിരുന്നു. ഇൻഷുറൻസ് ഏജന്റുമാരുടെ പരാതിയെത്തുടർന്ന് സമയബന്ധിതമായി എല്ലാ ഫയലുകളും തീർപ്പാക്കാൻ കല്യാണി റാമിനോട് നിർദേശിച്ചു. ഇതുകാരണം എല്ലാ ദിവസവും ഇയാൾക്ക് കൂടുതൽ മണിക്കൂർ ജോലി ചെയ്യേണ്ടിവന്നു. ഇതേത്തുടർന്ന് അയാൾ ക്ലെയിം ഫയലുകൾ നശിപ്പിക്കാൻ പദ്ധതിയിട്ടു.

ഡിസംബർ 17-ന് രാത്രി മറ്റ് ജീവനക്കാർ ഇല്ലാത്ത സമയത്ത് കല്യാണിയുടെ മുറിയിലെ ഫയലുകൾ റാം പെട്രോൾ ഒഴിച്ച് തീകൊളുത്തി. തുടർന്ന് ചേംബർ പൂട്ടി. അതിനുള്ളിൽ കുടുങ്ങിയ കല്യാണി പൊള്ളലേറ്റു മരിച്ചു. ഫയലുകളിൽ പെട്രോൾ ഒഴിച്ചപ്പോൾ അബദ്ധത്തിൽ റാമിന്റെ ദേഹത്തായതിനാൽ അയാൾക്കും പൊള്ളലേറ്റെന്ന് പോലീസ് പറയുന്നു.

സാധാരണ തീപ്പിടിത്തം എന്നായിരുന്നു പോലിസിന്റെ ആദ്യ നിഗമനം. എന്നാൽ, മുഖംമൂടി ധരിച്ച ഒരാൾ കല്യാണി നമ്പിയുടെ ആഭരണങ്ങൾ കവർന്നെടുത്ത് തീകൊളുത്തിയെന്ന് റാം കഥ കെട്ടിച്ചമച്ചതാണ് പോലീസിൽ സംശയം ജനിപ്പിച്ചത്. ഇതിനെത്തുടർന്നാണ് അന്വേഷണം റാമിലേക്കു കേന്ദ്രീകരിച്ചത്.

ഇയാൾക്കെതിരേ പോലീസ് ശാസ്ത്രീയ തെളിവുകളും ശേഖരിച്ചിട്ടുണ്ട്. പൊള്ളലേറ്റ് ഇപ്പോഴും സുഖം പ്രാപിച്ചിട്ടില്ലാത്ത റാമിനെ തിങ്കളാഴ്ച രാത്രി വീട്ടിൽ വെച്ച് അറസ്റ്റ് ചെയ്ത് ഗവ. രാജാജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.