പാലക്കാട്: ഏഴുവർഷം മുൻപാണ് അട്ടപ്പാടി ചിണ്ടക്കി ഊരിലെ ആദിവാസി യുവാവ് മധു (27) കള്ളനെന്ന് ആരോപിക്കപ്പെട്ട് മർദനമേറ്റ് മരിച്ചത്. കാലം മാറുമ്പോഴും മലയാളിയുടെ മനസ്സിലെ ക്രൂരതയ്ക്ക് ശമനമില്ലെന്ന് തെളിയിക്കുന്നതാണ് സമാനമായ സാഹചര്യത്തിൽ വാളയാറിൽ നടന്ന സംഭവം.

To advertise here,

2018 ഫെബ്രുവരി 22-നാണ് മധു മർദനമേറ്റ് മരിച്ചത്. മോഷണക്കുറ്റം ആരോപിച്ച് വൈകീട്ട് മൂന്നുമണിയോടെ മധുവിനെ പിടിച്ചുകൊണ്ടുവന്ന ഒരു സംഘം ക്രൂരമായി മർദിക്കുകയായിരുന്നു. തലയ്‌ക്കേറ്റ മർദനമായിരുന്നു മരണകാരണം. ഒരു വാരിയെല്ല് തകരുകയും ചെയ്തിരുന്നു. മധുവിനെ പിടികൂടിയവർ മർദിച്ച് അവശനാക്കിയശേഷം പോലീസിനെ അറിയിക്കുമ്പോഴേക്ക് മണിക്കൂറുകൾ കടന്നുപോയിരുന്നു. പോലീസെത്തി ജീപ്പിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മധു പലതവണ ഛർദിച്ചതായും പറഞ്ഞിരുന്നു. അന്ന് മധുവിനെ കെട്ടിയിട്ട് മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രാദേശിക ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചതാണ് പിന്നീട് അന്വേഷണത്തിൽ നിർണായകമായത്.

വാളയാറിലും സമാനമായ സംഭവങ്ങളാണുണ്ടായത്. മോഷണക്കുറ്റമാരോപിച്ച് പിടികൂടിയ പരിസരവാസികളിൽ നിന്നാണ് രാം നാരായണന് മർദനമേറ്റതെന്ന് പോലീസ് പറയുന്നു. സംഭവസ്ഥലത്ത് ചോരയൊലിപ്പിച്ച് കുഴഞ്ഞുവീണ ഇയാളെ, നാട്ടുകാരിൽനിന്ന് വിവരമറിഞ്ഞെത്തിയ പോലീസ് നാല് മണിക്കൂറിനുശേഷമാണ് സ്വകാര്യ ആംബുലൻസിൽ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. അത്രയും സമയം രാംനാരായൺ സംഭവസ്ഥലത്ത് അവശനിലയിൽ ചികിത്സ ലഭിക്കാതെ കിടന്നു. ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു.

മർദനമേറ്റ ഇയാൾ ശരീരംമുഴുവൻ രക്തമൊലിച്ച് സംഭവസ്ഥലത്ത് ഇരിക്കുന്ന ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവസ്ഥലത്ത് ചോരപ്പാടുകളും കണ്ടെത്തിയിട്ടുണ്ട്. നിന്റെ നാട് ഏതാണെന്ന് ചോദിക്കുന്നതിനിടെ ലുങ്കി ധരിച്ച ഒരാൾ ചെകിടത്തും തലയ്ക്ക് പിൻവശത്തും കൈകൊണ്ട് മർദിക്കുന്നതാണ് പ്രചരിച്ച വീഡിയോയിലുള്ളത്. മതിലിനോട് ചേർത്തിരുത്തിയാണ് മർദനം. ചോദ്യങ്ങൾക്ക് രാംനാരായണൻ മറുപടി പറയാൻ ശ്രമിക്കുന്നതും കാണാം. അവശനായ ഇയാൾ പാതയോരത്ത് കിടക്കുന്ന ചിത്രവും പ്രചരിച്ചിട്ടുണ്ട്.

വ്യാഴാഴ്ച രാവിലെ മോർച്ചറിയിൽ ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ പ്രാഥമിക പരിശോധന നടത്തിയ ഡോക്ടർ, രാംനാരായണന്റെ ശരീരമാസകലം പരിക്കുകളുണ്ടെന്ന് കണ്ടെത്തി. മൃതദേഹത്തിന്റെ ഇടുപ്പിനും കൈയ്ക്കും തലയിൽ ചെവിയോട് ചേർന്നും സാരമായ പരിക്കുണ്ട്. പുറംമുഴുവൻ വടികൊണ്ട് അടിച്ചതിന്റെ ചതവുകളും കണ്ടെത്തിയിട്ടുണ്ട്.

കഞ്ചിക്കോട് കിൻഫ്ര പാർക്കിൽ ഒരാഴ്ചമുമ്പാണ് രാംനാരായണൻ സുഹൃത്തിനൊപ്പം ജോലിക്കെത്തിയതെന്ന് സഹതൊഴിലാളികൾ പറയുന്നു. ബുധനാഴ്ച ഉച്ചതിരിഞ്ഞ് പുറത്തിറങ്ങിയപ്പോൾ വഴിതെറ്റിയാണ് മാതാളികാട് ഭാഗത്ത് എത്തിയതെന്നും സൂചനയുണ്ട്. താമസസ്ഥലം തിരിച്ചറിയാതെ കാറ്റാടി യന്ത്രത്തിന്റെ ദിശനോക്കി നടന്നപ്പോഴാണ് വഴിതെറ്റിയത്.

ഇയാളുടെ അടിവസ്ത്രത്തിന്റെ പോക്കറ്റിൽ നിന്ന് പോലീസിന് അഞ്ച് ഫോൺ നമ്പറുകൾ ലഭിച്ചു. ഇതിൽ ബന്ധപ്പെട്ടപ്പോഴാണ് ആളെ തിരിച്ചറിഞ്ഞത്.

ജോലിക്കായി ഇയാളെ ഛത്തീസ്ഗഢിൽ നിന്ന് കഞ്ചിക്കോട് എത്തിച്ചവരുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. രാംനാരായണന്റെ ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. വാളയാർ പോലീസ് ഇൻക്വസ്റ്റ് നടത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്തു.