കുന്നംകുളം: അഞ്ഞൂര്‍ ഉള്ളിശ്ശേരി റോഡില്‍ വീടിനു സമീപത്തെ സെപ്റ്റിക് ടാങ്കില്‍നിന്ന് ലഭിച്ച മൃതദേഹം ആരുടേതെന്ന ദുരൂഹത നീങ്ങിയില്ല. ജൂലായില്‍ അഞ്ഞൂരില്‍നിന്ന് കാണാതായ ചേരിക്കല്ലില്‍ പ്രതീഷി(40)ന്റെ മൃതദേഹമാണെന്ന് പോലീസ് സംശയിക്കുന്നു. മൃതദേഹം പരിശോധിച്ച ബന്ധുക്കള്‍ തൃപ്തരല്ലാതായതോടെ സംശയംനീക്കാന്‍ ഡി.എന്‍.എ. പരിശോധന നടത്താനുള്ള തീരുമാനത്തിലാണ് പോലീസ്.

To advertise here,

അഞ്ഞൂര്‍ വീട്ടില്‍ ശിവരാമന്‍ താമസിച്ചിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ തിങ്കളാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയ മൃതദേഹം പ്രതീഷിന്റെ ഭാര്യയും സഹോദരിയുടെ ഭര്‍ത്താവുമാണ് തിരിച്ചറിയാനെത്തിയത്. പ്രതീഷ് ഇടതുചെവിയില്‍ അണിഞ്ഞിരുന്ന കടുക്കന്‍, വലതുചെവിയിലുണ്ടായിരുന്ന മുറിപ്പാട് എന്നിവ പോലീസ് ബന്ധുക്കളെ കാണിച്ചിരുന്നു. മൃതദേഹത്തിന്റെ മുഖം പൂര്‍ണമായും ജീര്‍ണിച്ചിരുന്നു. ഇതോടെ മരിച്ചത് പ്രതീഷ് തന്നെയാണെന്ന് ഉറപ്പാക്കാന്‍ ബന്ധുക്കള്‍ക്ക് കഴിഞ്ഞില്ലെന്ന് പോലീസ് പറഞ്ഞു. ശാസ്ത്രീയമായ സ്ഥിരീകരണത്തിന് മൃതദേഹത്തില്‍നിന്നുള്ള സാമ്പിളുകള്‍ ഡി.എന്‍.എ. പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങള്‍ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

ഭാരമേറിയ ആയുധം ഉപയോഗിച്ച് മുഖത്തേറ്റ അടിയാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. തലയോട്ടിയില്‍ പൊട്ടലുകളുണ്ട്. മൃതദേഹത്തിന് മൂന്നാഴ്ചയിലേറെ പഴക്കമുണ്ട്. സെപ്റ്റിക് ടാങ്കില്‍ മൃതദേഹത്തിനൊപ്പം കുമ്മായവും ഇട്ടിരുന്നു. ഇത് മൃതദേഹം വേഗത്തില്‍ അഴുകാന്‍ ഇടയാക്കിയെന്നാണ് നിഗമനം.

ശിവരാമന്‍ താമസിച്ചിരുന്ന വീട്ടില്‍ തേങ്ങ പൊളിക്കുന്നതിന് ഉപയോഗിക്കുന്ന കമ്പിപ്പാരയില്‍ രക്തക്കറ കണ്ടിരുന്നു. കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം സെപ്റ്റിക് ടാങ്കില്‍ ഉപേക്ഷിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും. ജൂലായ് 18-നാണ് പ്രതീഷ് വീട്ടില്‍നിന്ന് പോയതെന്നാണ് ഭാര്യ പോലീസില്‍ നല്‍കിയ പരാതിയിലുള്ളത്.

ഒറ്റയ്ക്ക് താമസിച്ചിരുന്ന ശിവരാമനെ ഓഗസ്റ്റ് 25-ന് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. എ.സി.പി. സി.ആര്‍. സന്തോഷ്, എസ്.എച്ച്.ഒ. യു.കെ. ഷാജഹാന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.