പൂന്തുറ:  യാത്രക്കാരിയെ  യുവാവ് ശല്യം ചെയ്തത് ചോദ്യം ചെയ്ത കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസിലെ കണ്ടക്ടറെ ഇടിവളയും മോതിരങ്ങള്‍ക്കൊണ്ടും മുഖത്തും തലയിലും ഇടിച്ചു പരിക്കേല്‍പ്പിച്ചു. സംഭവത്തെ തുടര്‍ന്ന്  യാത്രക്കാര്‍ പ്രതിയെ രക്ഷപ്പെടാന്‍ സമ്മതിക്കാതെ ബസിനുളളില്‍  തടഞ്ഞുവെച്ച് സ്റ്റേഷനിലെത്തിച്ചു.

To advertise here,

കൊല്ലം മൈനാഗപളളി ഇടവനശ്ശേരിയി മുരളി മന്ദിരത്തില്‍ എം. ശ്രീജിത്തിനാണ് പരിക്കേറ്റത്. ഇടിയേറ്റതിനെ തുടര്‍ന്ന് കണ്ടക്ടറുടെ മൂക്കിലെ എല്ലിനു പൊട്ടലേറ്റു. ചുണ്ടിലും ചെവിയിലും തലയിലും മുറിവേറ്റു.  ഇതേ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.

പൂന്തുറ ചേരിയാമുട്ടം സ്വദേശി ഷിജോ(23)യെ ആണ് പൂന്തുറ പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് 6.30- ഓടെ പൂന്തുറയിലാണ് സംഭവം. ബസില്‍ കയറി ടിക്കറ്റെടുത്തശേഷം ഷിജോ യാത്രക്കാരിയെ ശല്യം ചെയ്തതിനെ ചോദ്യം ചെയ്തതിനാണ് തന്നെ മര്‍ദിച്ചതെന്ന് കണ്ടക്ടര്‍ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

ബസിന്റെ യാത്രമുടങ്ങിയതുകാരണം 4000 രൂപയുടെ നഷ്ടമുണ്ടായെന്നും പരാതിയുണ്ട്.  അറസ്റ്റുചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.