കോട്ടുവള്ളി (എറണാകുളം): സ്റ്റോപ്പിൽ ഇറക്കണമെന്നാവശ്യപ്പെട്ട യാത്രക്കാരനെ ബസ് കണ്ടക്ടർ ചവിട്ടി താഴെയിട്ടു. പരിക്കുപറ്റിയ വള്ളുവള്ളി കളത്തിപ്പറമ്പിൽ റോയ് (60) പറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. തിങ്കളാഴ്ച വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം.

To advertise here,

കലൂർ-പറവൂർ റൂട്ടിൽ സർവീസ് നടത്തുന്ന മിലൻ ബസിലെ കണ്ടക്ടറാണ് യാത്രക്കാരനെ മർദ്ദിച്ച് റോഡിലേക്ക് തള്ളിയിട്ടത്. റോയിയെ കൂടുതൽ മർദ്ദിക്കാനൊരുങ്ങിയ കണ്ടക്ടർ നാട്ടൂകാരെത്തിയതോടെ ബസ്സിൽ കയറി പോയി.

മഞ്ഞുമ്മൽ കവലയിൽനിന്നാണ് കൂലിപ്പണി കഴിഞ്ഞ് വള്ളുവള്ളി അത്താണിയിലുള്ള വീട്ടിലേക്ക് മടങ്ങാനായി ബസ്സിൽ കയറിയത്. ദേശീയപാതയിൽ വാഹനാപകടത്തെ തുടർന്ന് ഗതാഗത കുരുക്കായതിനാൽ സർവീസ് റോഡിലൂടെയാണ് ബസ് പോയത്. ആയതിനാൽ അത്താണി സ്റ്റോപ്പിൽ ഇറങ്ങാനായില്ല. തൊട്ടടുത്ത സ്റ്റോപ്പായ സ്കൂൾ പടിയിൽ ബസ് നിർത്തണമെന്നാവശ്യപ്പെട്ടതാണ് കണ്ടക്ടറെ പ്രകോപിപ്പിച്ചത്. അവിടെയും നിർത്താതെ അടുത്ത സ്റ്റോപ്പായ മില്ലുപടിയിൽ എത്തിയപ്പോൾ ഇറങ്ങാൻ മടിച്ച റോയിയെ കണ്ടക്ടർ ചവിട്ടി റോഡിലേക്ക് തളളിയിടുകയാണുണ്ടായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

റോയിയെ പിന്നെയും മർദ്ദിക്കാനൊരുങ്ങിയ കണ്ടക്ടർ നാട്ടുകാർ കൂടിയതോടെയാണ് പിന്തിരിഞ്ഞത്. ദേശീയപാതയിൽ വളളുവള്ളി അത്താണിയിൽ ഉണ്ടായ അപകടത്തിൽ രണ്ട് മണിക്കൂറിലേറെ നേരമാണ് ഗതാഗതം കുരുക്കിലായത്.