
കൂത്താട്ടുകുളം: വനിതാ കൗൺസിലറായ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവമേല്പിച്ച കേസിലെ പ്രതികൾ കൺമുൻപിലുണ്ടായിട്ടും കണ്ട മട്ടുവയ്ക്കാതെ പോലീസ്. ചൊവ്വാഴ്ച സി.പി.എം. കൂത്താട്ടുകുളത്ത് നടത്തിയ പ്രതിഷേധ പരിപാടിയിലാണ് ഒന്നുമുതൽ അഞ്ചുവരെയുള്ള പ്രതികൾ പങ്കെടുത്തത്. ഒന്നാം പ്രതി ഏരിയാ സെക്രട്ടറി പി.ബി. രതീഷായിരുന്നു യോഗാധ്യക്ഷൻ.
മറ്റ് പ്രതികളായ നഗരസഭാ ചെയർപേഴ്സൺ വിജയ ശിവൻ, വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ്, ഇടതു കൗൺസിലർ സുമ വിശ്വംഭരൻ, ലോക്കൽ സെക്രട്ടറി ഫെബീഷ് ജോർജ് എന്നിവരും സമ്മേളനത്തിൽ ആദ്യവസാനം ഉണ്ടായിരുന്നു. സി.പി.എം. ജില്ലാ സെക്രട്ടറി സി.എൻ. മോഹനനാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. ഫെബീഷ് ജോർജ് സ്വാഗതവും സണ്ണി കുര്യാക്കോസ് നന്ദിയും പറഞ്ഞു. യോഗം അവസാനിക്കുംവരെ വൻ പോലീസ് സംഘം സമ്മേളനസ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.
പ്രതിപ്പട്ടികയിൽ ആറുമുതലുള്ള നാലുപേരെയാണ് നിലവിൽ പോലീസ് പിടികൂടിയിട്ടുള്ളത്. റിമാൻഡിലായ അരുൺ വി. മോഹൻ കിഴകൊമ്പ് ചെള്ളക്കപ്പടി നോർത്ത് ബ്രാഞ്ച് സെക്രട്ടറിയാണ്. ആലപുരം ടോണി ബേബി സി.ഐ.ടി.യു. തൊഴിലാളിയാണ്.
തൂക്കുപറമ്പിൽ റിൻസ് വർഗീസ്, വള്ളിയാങ്ക മലയിൽ സജിത് എന്നിവർ സി.പി.എം. പാർട്ടി പ്രവർത്തകർ മാത്രമാണ്. വനിതാ കൗൺസിലറെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച നഗരസഭാ ചെയർപേഴ്സന്റെ വാഹനവും പോലീസ് കണ്ടെത്തിയിട്ടില്ല.
മറ്റ് കേസുകളിലെ പ്രതികളെയും പിടികൂടണം
നഗരസഭാ ചെയർപേഴ്സൺ വിജയ ശിവൻ, കൗൺസിലർമാരായ സുമ വിശ്വംഭരൻ, അംബിക രാജേന്ദ്രൻ എന്നിവരെ ആക്രമിച്ച സംഭവത്തിലെ പ്രതികളെയും പോലീസ് പിടികൂടണമെന്ന് സി.പി.എം. ഏരിയാ സെക്രട്ടറി പി.ബി. രതീഷ് പറഞ്ഞു.
താൻ ഉൾപ്പെട്ടുവെന്ന് ആരോപിക്കുന്ന സംഭവവുമായി ബന്ധപ്പെട്ട് പോലീസ് നടപടികൾ സ്വീകരിക്കുന്നതിന് തടസ്സമില്ലെന്നും എന്നാൽ ഒരു കേസിൽ മാത്രം ഏകപക്ഷീയമായി നടപടി സ്വീകരിക്കരുതെന്നും ഏരിയാ സെക്രട്ടറി പറഞ്ഞു.
സി.പി.എം. പ്രവർത്തകർ റിമാൻഡിൽ
നഗരസഭയിലെ അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ട് വനിതാ കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവമേല്പിച്ചുവെന്ന കേസിൽ പിടിയിലായ നാല് സി.പി.എം. പ്രവർത്തകരെ കോടതി റിമാൻഡ് ചെയ്തു. കൂത്താട്ടുകുളം കിഴകൊമ്പ് ചെള്ളക്കപ്പടിയിൽ വെച്ച് കെട്ടിക്കൽ അരുൺ വി. മോഹൻ (41), ഇലഞ്ഞി ആലപുരം വെള്ളാനിൽ ടോണി ബേബി (34), കൂത്താട്ടുകുളം തൂക്കുപറമ്പിൽ റിൻസ് വർഗീസ് (42), കിഴകൊമ്പ് വള്ളിയാങ്കൽ മലയിൽ സജിത് (40) എന്നിവരെ തിങ്കളാഴ്ച വൈകീട്ടാണ് പോലീസ് പിടികൂടിയത്.
ശനിയാഴ്ച നഗരസഭാ ചെയർപേഴ്സൺ, വൈസ് ചെയർമാൻ എന്നിവർക്കെതിരേ യു.ഡി.എഫ്. നൽകിയ അവിശ്വാസപ്രമേയത്തിന്റെ ചർച്ചയിൽ പങ്കെടുക്കാനെത്തിയ കലാ രാജുവിനെ പ്രതികൾ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവമേല്പിച്ചു. കലയുടെ മക്കളുടെ പരാതിപ്രകാരമെടുത്ത കേസിൽ ഒന്നാം പ്രതി സി.പി.എം. ഏരിയാ സെക്രട്ടറി പി.ബി. രതീഷാണ്. ചെയർപേഴ്സൺ വിജയ ശിവൻ, വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ്, കൗൺസിലർ സുമ വിശ്വംഭരൻ, സി.പി.എം. ലോക്കൽ സെക്രട്ടറി ഫെബീഷ് ജോർജ് എന്നിവർ ഉൾപ്പെടെ 45 പേർ പ്രതികളാണ്.
പ്രധാന പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യാതെ ഒളിച്ചുകളിക്കുന്നതിൽ യു.ഡി.എഫ്. പ്രതിഷേധവുമായി രംഗത്തുണ്ട്. അനൂപ് ജേക്കബ് എം.എൽ.എ. ഇക്കാര്യങ്ങൾ നിയമസഭയിലും ഉന്നയിച്ചിരുന്നു. അവിശ്വാസപ്രമേയ സംഭവങ്ങളുമായി ബന്ധപ്പെട്ട് നാല് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
കേസുകളുടെ ഗൗരവം വിലയിരുത്തി അന്വേഷണവും തുടർ നടപടികളുമുണ്ടാകണമെന്നും പോലീസിന്റെ അന്വേഷണങ്ങളുമായി സഹകരിക്കുമെന്നും സി.പി.എം. ഏരിയാ സെക്രട്ടറി പി.ബി. രതീഷ് തിങ്കളാഴ്ച പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസുകളിലും നടപടികളുണ്ടാകണമെന്ന ആവശ്യവും ഏരിയാ സെക്രട്ടറി ഉന്നയിച്ചിരുന്നു. നഗരസഭാ ചെയർപേഴ്സൺ വിജയ ശിവനെ ദേഹോപദ്രവമേല്പിച്ചെന്ന കേസിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റജി ജോൺ ഉൾപ്പെടെയുള്ളവരുടെ പേരിൽ കേസെടുത്തിട്ടുണ്ട്.
രഹസ്യമൊഴി നൽകി
നഗരസഭാ അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളിൽ കൂത്താട്ടുകുളം നഗരസഭാ ചെയർപേഴ്സൺ വിജയ ശിവനും ഇടതുമുന്നണിയിലെ വനിതാ കൗൺസിലർമാരായ സുമ വിശ്വംഭരൻ, അംബിക രാജേന്ദ്രൻ എന്നിവരും കോലഞ്ചേരി മജിസ്ട്രേറ്റിനു മുന്നിൽ വകുപ്പ് 164 പ്രകാരം രഹസ്യമൊഴി നൽകി. അവിശ്വാസ നീക്കം പരാജയപ്പെട്ട ദേഷ്യത്തിൽ അനൂപ് ജേക്കബ് എം.എൽ.എ.യുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ കോൺഗ്രസ് നേതാക്കളും കൂത്താട്ടുകുളം നഗരസഭയിലെ യു.ഡി.എഫിന്റെ പുരുഷ കൗൺസിലർമാരുമാണ് അക്രമം നടത്തിയതെന്ന് ഇവർ പോലീസിൽ പരാതിപ്പെട്ടിരുന്നു. ഇടതുമുന്നണിയിലെ വനിതാ അംഗങ്ങളെ തിരഞ്ഞുപിടിച്ചാണ് യു.ഡി.എഫ്. നേതാക്കൾ അക്രമം നടത്തിയതെന്നും പരാതിയിലുണ്ട്.
Content Highlights: Police inaction despite accused`s presence at a protest meeting
Published: 22 Jan 2025, 08:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented