
കൊട്ടാരക്കര: ഓയൂര്‍ മരുതമണ്‍പള്ളി കാറ്റാടിയില്‍നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസില്‍ ക്രൈംബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. കൊട്ടാരക്കര ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (കോടതി രണ്ട്) എസ്.സൂരജ് മുമ്പാകെയാണ് വ്യാഴാഴ്ച ഡിവൈ.എസ്.പി. എം.എം.ജോസ് കുറ്റപത്രം സമര്‍പ്പിച്ചത്.
ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിതാരാജില്‍ പദ്മകുമാര്‍ (51) ഒന്നാം പ്രതിയും ഭാര്യ അനിത(39)യും മകള്‍ അനുപമ(21)യും രണ്ടും മൂന്നും പ്രതികളുമാണ്. കടബാധ്യത തീര്‍ക്കാന്‍വേണ്ടി മൂന്നുപേരും ചേര്‍ന്ന് ആസൂത്രണം ചെയ്തു നടപ്പാക്കിയ കുറ്റം എന്നാണ് ആരോപിച്ചിരിക്കുന്നത്. ജീവപര്യന്തംമുതല്‍ വധശിക്ഷവരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. മരണഭയം ഉളവാക്കി മോചനദ്രവ്യം തട്ടാന്‍ ശ്രമിച്ചെന്നതും മനഃപൂര്‍വമല്ലാത്ത നരഹത്യാശ്രമവും പ്രധാന കുറ്റങ്ങളാണ്. കുട്ടിയുടെയും സഹോദരന്റെയും മൊഴി, സി.സി.ടി.വി. ദൃശ്യങ്ങള്‍, ഫോണ്‍വിളിയുടെ ശബ്ദരേഖ, കൈയക്ഷര പരിശോധനാ ഫലം തുടങ്ങിയവയാണ് കേസിലെ പ്രധാന തെളിവുകള്‍.
ശബ്ദസാമ്പിള്‍ പരിശോധന ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകള്‍ പ്രതികളുടെ കുറ്റം തെളിയിക്കാന്‍ പര്യാപ്തമാണെന്ന് ഡിവൈ.എസ്.പി. എം.എം.ജോസ് പറഞ്ഞു. കൈയക്ഷര പരിശോധനാ ഫലം ലാബില്‍നിന്ന് നേരിട്ട് കോടതിയില്‍ സമര്‍പ്പിക്കും. ഏഴുപതുദിവസമായി റിമാന്‍ഡില്‍ കഴിയുന്ന പ്രതികള്‍ ഇതുവരെ ജാമ്യഹര്‍ജി നല്‍കിയിട്ടില്ല.
കഴിഞ്ഞ നവംബര്‍ 27-ന് വൈകീട്ടാണ് ട്യൂഷനു പോകുകയായിരുന്ന ആറുവയസ്സുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. സഹോദരനെ തട്ടിമാറ്റിയിട്ടാണ് കൊണ്ടുപോയത്. പത്തുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയും പോലീസും നാട്ടുകാരും വ്യാപക തിരച്ചില്‍ നടത്തുന്നതിനിടെ അടുത്തദിവസം കൊല്ലം ആശ്രാമത്ത് കുട്ടിയെ ഉപേക്ഷിക്കുകയുമായിരുന്നു. ഡിസംബര്‍ ഒന്നിന് തമിഴ്നാട്ടിലെ പുളിയറയില്‍നിന്നാണ് പ്രതികളെ പോലീസ് പിടികൂടിയത്.
കടബാധ്യത അഞ്ചുകോടി
പദ്മകുമാറിനും കുടുംബത്തിനും അഞ്ചുകോടിയോളം രൂപയുടെ കടമുണ്ടെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. വീട്, ഫാം എന്നിവ നിര്‍മിച്ചവകയിലാണ് കടമുണ്ടായത്. ബാങ്ക് വായ്പകള്‍, വ്യക്തികളില്‍നിന്നുള്ള വായ്പകള്‍ എന്നിവ കൂടാതെ ഓണ്‍ലൈന്‍ വായ്പകളും എടുത്തിരുന്നു. ഒരേപോലെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മൂന്നുപേരും ബുദ്ധിപരമായ നീക്കമെന്ന നിലയിലാണ് തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തത്. വിജയിച്ചാല്‍ മറ്റു ചില കുട്ടികളെയും തട്ടിക്കൊണ്ടുപോകാനായിരുന്നു നീക്കം. അനുപമയുടെ നോട്ട്ബുക്കില്‍നിന്നാണ് തെളിവുകള്‍ ലഭിച്ചത്.
കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവം
കൊട്ടാരക്കര: രണ്ടുദിവസം കേരളത്തെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ കേസ് മുമ്പുണ്ടായിട്ടില്ല. ആറുവയസ്സുകാരിയെ ഓയൂര്‍ കാറ്റാടിയില്‍നിന്ന് തട്ടിക്കൊണ്ടുപോയ നവംബര്‍ 27-ന് വൈകീട്ട് നാലുമുതല്‍ അടുത്തദിവസം ഉച്ചയ്ക്ക് ആശ്രാമം മൈതാനിയില്‍ ബഞ്ചിലിരിക്കുന്ന കുട്ടിയെ കണ്ടെത്തുംവരെ പ്രാര്‍ഥനകളോടെ കേരളമൊന്നാകെ കാത്തിരുന്നു. രാത്രിയില്‍ തിരച്ചിലിനു പോലീസിനൊപ്പം നാട്ടുകാരും കൂടി.
കാറ്റാടിമുതല്‍ ചാത്തന്നൂര്‍വരെയും കൊല്ലം പട്ടണത്തിലും കുട്ടിയുമായി കാറില്‍ കറങ്ങിയ സംഘത്തെ കണ്ടെത്താന്‍ കഴിയാത്തതിനു പോലീസ് കേട്ടപഴി ചെറുതായിരുന്നില്ല. കുട്ടിയെ നഷ്ടപ്പെട്ട ആശങ്കയില്‍ കഴിയുന്ന വീട്ടിലേക്ക് പത്തുലക്ഷം രൂപ ആവശ്യപ്പെട്ടുള്ള ഫോണ്‍വിളിയെത്തിയത് കേരളം തത്സമയം കണ്ടു. നാടകീയ നിമിഷങ്ങളാണ് തുടര്‍ന്നും ഉണ്ടായത്. തലങ്ങും വിലങ്ങും പോലീസ് വാഹനങ്ങള്‍ പായുമ്പോഴായിരുന്നു കൊല്ലത്ത് ആശ്രാമം മൈതാനിയില്‍ ഓട്ടോറിക്ഷയിലെത്തി കുട്ടിയെ ബഞ്ചിലിരുത്തി കുറ്റവാളികള്‍ നടന്നു മറഞ്ഞത്. കുട്ടിയെ കണ്ടെത്തിയെന്ന വാര്‍ത്തയെത്തിയതോടെയാണ് കേരളം ആശ്വാസംകൊണ്ടത്. ഫോണ്‍വിളിയിലൂടെ ശബ്ദം തിരിച്ചറിഞ്ഞും കുട്ടി നല്‍കിയ സൂചനകളിലൂടെ തയ്യാറാക്കിയ രേഖാചിത്രത്തിലൂടെയും പ്രതികളിലേക്കെത്തിയ പോലീസ് വേഗത്തില്‍ വലമുറുക്കി. അതുവരെ സംശയത്തിന്റെ നിഴലില്‍നിന്ന കുട്ടിയുടെ രക്ഷിതാക്കള്‍ക്കും ശ്വാസംകിട്ടി. തമിഴ്നാട്ടിലേക്കു കടന്ന പ്രതികളെ സിറ്റി സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്യുമ്പോഴാണ് അച്ഛനും അമ്മയും മകളുമടങ്ങിയ കുടുംബമാണ് കുറ്റവാളികളെന്നു തിരിച്ചറിഞ്ഞത്. പഴയകാല സിനിമാമാതൃകയില്‍ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി കിട്ടുന്ന പണംകൊണ്ട് കടം തീര്‍ക്കാമെന്ന വ്യാമോഹമാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്ന് കുറ്റപത്രം വെളിപ്പെടുത്തുന്നു.
Content Highlights: kollam child missing case charge sheet police crime beat
Published: 09 Feb 2024, 07:32 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented