കൊട്ടാരക്കര: ഓയൂര്‍ മരുതമണ്‍പള്ളി കാറ്റാടിയില്‍ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ക്രൈം ബ്രാഞ്ച് വ്യാഴാഴ്ച കുറ്റപത്രം സമര്‍പ്പിക്കും. പ്രതികള്‍ പിടിയിലായതിന്റെ 70-ാം ദിവസമാണ് അന്വേഷണോദ്യോഗസ്ഥനായ ഡിവൈ.എസ്.പി. എം.എം.ജോസ് കൊട്ടാരക്കര ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി രണ്ടില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്. കഴിഞ്ഞ നവംബര്‍ 27-ന് വൈകീട്ട് 4.20-നാണ് കാറിലെത്തിയ മൂന്നംഗസംഘം ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത്.

To advertise here,

സഹോദരനൊപ്പം ട്യൂഷന് പോകുകയായിരുന്ന കുട്ടിയെ റോഡില്‍ കാറില്‍ പിന്തുടര്‍ന്ന സംഘം കാറിനുള്ളിലേക്ക് വലിച്ചുകയറ്റുകയായിരുന്നു. സഹോദരന്‍ ജോനാഥന്‍ കഠിനമായി ചെറുത്തെങ്കിലും അവനെ പുറത്തേക്ക് തള്ളി പെണ്‍കുട്ടിയുമായി സംഘം കടന്നു. പോലീസും നാട്ടുകാരും നാടാകെ കുട്ടിക്കായി തിരയുമ്പോള്‍ രാത്രി ഏഴരയോടെ പത്തുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു ഫോണ്‍വിളിയെത്തി.

നാടകീയമായ മണിക്കൂറുകള്‍ക്കൊടുവില്‍ അടുത്തദിവസം ഉച്ചയോടെ കൊല്ലം ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഡിസംബര്‍ ഒന്നിന് തമിഴ്‌നാട്ടിലെ പുളിയറയില്‍നിന്നാണ് പ്രതികളായ ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിതാലയത്തില്‍ പദ്മകുമാര്‍, ഭാര്യ അനിത, മകള്‍ അനുപമ എന്നിവരെ പോലീസ് പിടികൂടിയത്. കടബാധ്യത തീര്‍ക്കാന്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്നാണ് കേസ്. കുറ്റപത്രത്തിന് ആയിരത്തോളം പേജുകളുണ്ടെന്നാണ് വിവരം. റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇവരുടെ റിമാന്‍ഡ് കാലാവധി 21 വരെ നീട്ടിയിട്ടുണ്ട്.