കൊല്ലം: മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ തിരുവോണദിവസം സ്‌കൂട്ടര്‍ യാത്രികയായ കുഞ്ഞുമോളെ (47 ) ഇടിച്ചിട്ടശേഷം കാര്‍കയറ്റി കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി മുഹമ്മദ് അജ്മലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. വ്യാഴാഴ്ച കേസ് പരിഗണിച്ച കൊല്ലം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ് ജി. ഗോപകുമാറാണ്  ജാമ്യാപേക്ഷ തള്ളി ഉത്തരവിട്ടത്. സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ അക്രമിക്കുമോയെന്ന ഭയത്താലാണ് കാര്‍ മുന്നോട്ടെടുത്തതെന്നും കുഞ്ഞുമോള്‍ വീലിന്റെ മുന്നിലായി വീണുകിടന്നിരുന്നത് അറിഞ്ഞിരുന്നില്ലെന്നും അജ്മലിന്റെ അഭിഭാഷകന്‍ വാദിച്ചു.

To advertise here,

മദ്യലഹരിയിലായിരുന്ന പ്രതി കാര്‍ നിര്‍ത്തി പ്രഥമശുശ്രൂഷ നല്‍കുകയോ ആശുപത്രിയില്‍ കൊണ്ടുപോകുകയോ ചെയ്യുന്നതിന് പകരം പിന്നിലേക്ക് വണ്ടി എടുത്തശേഷം കുഞ്ഞുമോളുടെ ദേഹത്തുകൂടി കയറ്റിയിറക്കി അതിവേഗം ഓടിച്ചുപോകുകയായിരുന്നെന്ന് ജാമ്യാപേക്ഷയെ എതിര്‍ത്ത പ്രോസിക്യൂട്ടര്‍ വാദിച്ചു. ഇടിയുടെ ആഘാതത്തില്‍ ബോണറ്റില്‍ വീണ ശേഷം കുഞ്ഞുമോള്‍ മുന്നില്‍ വീണുകിടന്നത്   അറിഞ്ഞിരുന്നില്ലെന്ന വാദം കോടതി തള്ളി. ഹീനമായ കുറ്റകൃത്യമാണെന്നും അന്വേഷണം തുടരുന്നതിനാല്‍ ജാമ്യം അനുവദിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ സിസിന്‍ ജി. മുണ്ടക്കലും അജ്മലിനുവേണ്ടി എസ്. മിഥുന്‍ ബോസും ഹാജരായി.