കൊച്ചി: എം.ഡി.എം.എ., മെത്താംഫെറ്റമിൻ ഉൾപ്പെടെയുള്ള രാസലഹരി ഉപയോഗിച്ചവരെ പിടികൂടാനുള്ള ഉമിനീർ പരിശോധനാ കിറ്റ് വ്യാപകമാക്കാൻ പോലീസ്. പരീക്ഷണാടിസ്ഥാനത്തിൽ നേരത്തേ ആരംഭിച്ച 'സൊറ്റോക്‌സ' അനലൈസറുകൾ ഉപയോഗിച്ചുള്ള പരിശോധന വർധിപ്പിക്കും. എക്‌സൈസ് വകുപ്പ് നേരത്തേതന്നെ ഇത്തരം കിറ്റുകൾ ഉപയോഗിക്കുന്നുണ്ട്.

To advertise here,

ലഹരിക്കേസുകൾ കൂടുന്ന സാഹചര്യത്തിലാണ് പോലീസ് സേനയും അനലൈസറുകളുടെ ഉപയോഗം കൂട്ടുന്നത്. നിലവിൽ കുടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ പോലീസ് സേനകൾക്കാണ് ഇപ്പോൾ അനലൈസറുകൾ ഉള്ളത്. ലഹരിവിരുദ്ധ പ്രചാരണത്തിൽ പങ്കാളികളായ വിവിധ സംഘടനകളുടെ പങ്കാളിത്തത്തോടെ അനലൈസറുകൾ പോലീസിന് നൽകിയിട്ടുണ്ട്.

2,000 രൂപ വിലവരുന്ന ഒരു കിറ്റ് ഒരു തവണയേ ഉപയോഗിക്കാൻ കഴിയൂ. ചെലവേറിയ സംവിധാനമായതിനാൽ വിവിധ ഫണ്ടുകൾ സ്വരൂപിച്ച് കിറ്റുകളുടെ എണ്ണം കൂട്ടാനാണ് പോലീസിന്റെ ശ്രമം. മദ്യപിച്ച് വാഹനമോടിച്ചാൽ പിടികൂടാൻ ബ്രെത്തലൈസറുണ്ട്. എന്നാൽ ലഹരി ഉപയോഗിച്ചത് തിരിച്ചറിയാൻ പ്രയാസമാണ്. ലഹരി ഉപയോഗിച്ചവർ കടന്നുപോയാൽ പോലും പോലീസിന് കണ്ടെത്താൻ പരിമിതിയുണ്ടായിരുന്നു. സംശയമുള്ളവരെ വൈദ്യപരിശോധന നടത്തി ഫലത്തിനായി കാത്തിരിക്കണമായിരുന്നു. രക്തം, നഖം, മുടി തുടങ്ങിയവയുടെ സാംപിളുകൾ ശേഖരിച്ച് ലാബിൽ അയക്കണം. ഇതിനായി ഒട്ടേറെ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. മാത്രമല്ല, സംശയത്തിന്റെ പേരിൽ രക്തപരിശോധന നടത്താനും കഴിയില്ല. എന്നാൽ ഉമിനീർ പരിശോധനയ്ക്ക് ഇത്രയും നടപടിക്രമങ്ങളില്ല.

പുതിയ സംവിധാനത്തിൽ രണ്ടുമിനിറ്റുകൊണ്ട് ഫലമറിയാൻ കഴിയും. പോലീസിന്റെ വാഹനപരിശോധനയ്ക്കിടെ സംശയം തോന്നുന്നവരുടെ ഉമിനീർ സാംപിൾ ഉപയോഗിച്ച് നിമിഷങ്ങൾക്കുള്ളിൽ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താം.

കൊച്ചി സിറ്റിയിൽ മാത്രം 2,000 അനലൈസറുകൾ കൂടി വാങ്ങാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. പദ്ധതി വിജയിച്ചാൽ മറ്റ് പോലീസ് ജില്ലകളിലേക്കും വ്യാപിപ്പിക്കും. പോലീസ് നടത്തുന്ന ഡി-ഹണ്ട് ഓപ്പറേഷൻ തുടരുന്നുണ്ട്. ശരാശരി 1,100 മുതൽ 1,300 പേരെ സംസ്ഥാനവ്യാപകമായി ഓരോ ദിവസവും പരിശോധിക്കുന്നുണ്ട്. ഇതിലൂടെ ശരാശരി 50 കേസുകളെടുക്കുകയും 75-നും 90-നും ഇടയിൽ ആളുകളെ അറസ്റ്റ്‌ചെയ്യുന്നുമുണ്ട്. പോലീസിന്റെ മാത്രം പരിശോധനയുടെ കണക്കാണിത്. എക്‌സൈസും വൻതോതിൽ ലഹരി പിടികൂടുന്നുണ്ട്.