കരുവാറ്റ: കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തിൽ പിടിയിലായ കൗമാരക്കാർ, പോലീസിനെ തെറ്റിദ്ധരിപ്പിക്കാനും ശിക്ഷയിൽനിന്ന് രക്ഷപ്പെടാനും മുൻകൂട്ടി കൃത്യമായ പദ്ധതി തയ്യാറാക്കിയിരുന്നതായി പോലീസ്. കൊലപാതകത്തിന് ശേഷം പിടിയിലായാൽ ചോദ്യം ചെയ്യലിൽ പോലീസിനോട് എന്ത് പറയണമെന്ന് പ്രതികൾ നാലുപേരും മുൻകൂട്ടി ആലോചിച്ച് ഉറപ്പിച്ചിരുന്നു. എന്നാൽ, പ്രതികളിൽനിന്ന് ലഭിച്ച മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളുടെ ഈ തുടർനീക്കങ്ങളെല്ലാം പൊളിച്ചത്.

To advertise here,

പെൺകുട്ടിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും അവൾക്ക് മരുന്ന് വാങ്ങിനൽകാനാണ് തങ്ങൾ ഹരിപ്പാട് എത്തിയതെന്നും പോലീസിനോട് പറയാനാണ് ഇവർ പരസ്പരം തീരുമാനിച്ചിരുന്നത്. തങ്ങൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ വലിയ രീതിയിലുള്ള ശിക്ഷകളൊന്നും ലഭിക്കില്ലെന്ന് പെൺകുട്ടി മറ്റ് മൂന്ന് സുഹൃത്തുക്കളെയും പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു.

എട്ടാം ക്ലാസുകാരിയാണ് കൊലപാതകത്തിന് പിന്നിലെന്ന് ഉറപ്പിച്ചിട്ടും കൗമാരക്കാർ പിടിയിലാകുന്നതുവരെ പോലീസ് കാത്തിരുന്നു. അതുവരെ പോലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ കുട്ടിയെ നിരീക്ഷിക്കുകയായിരുന്നു. പെൺകുട്ടിയോടു പലപ്രാവശ്യം വിവരം ചോദിച്ചെങ്കിലും കുറ്റകൃത്യത്തിലെ പങ്കാളിത്തം മനസ്സിലായെന്ന സന്ദേശം നൽകാതിരിക്കാനും പോലീസ് ശ്രദ്ധിച്ചു.

തിങ്കളാഴ്ച രാവിലെയാണ് കൊലപാതകം പുറത്തറിയുന്നത്. വീട്ടിലുണ്ടായിരുന്ന താൻ ശനിയാഴ്ച രാവിലെ പുറത്തുപോയെന്നും അടുത്തദിവസം രണ്ടുപ്രാവശ്യം തിരിച്ചെത്തി ശിവൻകുട്ടി ചെട്ടിയാരെ (67) അന്വേഷിച്ചെന്നുമാണ് പെൺകുട്ടി ആദ്യം മൊഴിനൽകിയത്. വീട്ടിൽനിന്നു പിണങ്ങിപ്പോയെന്നും കൂട്ടുകാരന്റെ വീട്ടിലായിരുന്നു താമസിച്ചതെന്നുകൂടി കുട്ടി പറഞ്ഞു.

ഇതിലുറച്ചുനിന്ന പെൺകുട്ടി പിന്നീട് വീട്ടുകാർക്കൊപ്പം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കാണു പോയത്. അവിടെ പ്രസവത്തിനു പ്രവേശിപ്പിച്ച ബന്ധുവിന് രാത്രിയിൽ കൂട്ടിരുന്നു. ഈ സമയം പോലീസ് ഉദ്യോഗസ്ഥ വാർഡിലുണ്ടായിരുന്നത് പെൺകുട്ടി അറിഞ്ഞിരുന്നു. പെൺകുട്ടിയുടെ ഫോൺ വിളികളിൽനിന്നും കൂട്ടുകാരികളിൽനിന്നും ലഭിച്ച വിവരങ്ങളിൽനിന്ന് കൊല്ലത്തെ കൂട്ടുകാരെപ്പറ്റി വിവരം കിട്ടിയിരുന്നു. പോലീസ് പരവൂരിലെത്തി അവരെ തിരിച്ചറിഞ്ഞു. കൊലപാതകത്തിനുശേഷം നാട്ടിലെത്തിയ ഇവർ സാധാരണപോലെ സുഹൃത്തുക്കളുടെ വീടുകളിൽ താമസിച്ചു.

കുറ്റാരോപിതരിൽ ഒന്നാമനായ പ്ലസ് ടു കാരനെയാണ് ആദ്യം ചോദ്യംചെയ്തത്. പെൺകുട്ടി കുറ്റസമ്മതം നടത്തിയെന്നു പറഞ്ഞാണ് പോലീസ് ഇയാളെ സമീപിച്ചത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വീട്ടുകാരുടെ സാന്നിധ്യത്തിൽ പിന്തുടർന്നു പിടിച്ചതോടെ എല്ലാം തുറന്നുപറഞ്ഞു. ഇതിനുശേഷമാണ് വണ്ടാനം മെഡിക്കൽ കോളേജിൽനിന്ന് പെൺകുട്ടിയെ മാറ്റിനിർത്തി പോലീസ് ഉദ്യോഗസ്ഥ വിശദമായി സംസാരിച്ചതും പങ്കാളിത്തം പെൺകുട്ടി ഏറ്റുപറഞ്ഞതും.

14 വയസ്സുകാരിയായ പെൺകുട്ടിയും 18 വയസ്സ് തികയാത്ത മൂന്ന് ആൺസുഹൃത്തുക്കളും ചേർന്നാണ് ഈ കൊലപാതകത്തിന് കൃത്യമായ ഗൂഢാലോചന നടത്തിയത്. കൃത്യം നടത്തുന്നതിനായി കൂട്ടാളികൾക്ക് പൂർണ്ണമായ ധൈര്യംനൽകിയത് ഈ പെൺകുട്ടിയാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. കൊല്ലപ്പെട്ട ആളിൽനിന്ന് സ്വർണം കൈക്കലാക്കുക എന്നതിനൊപ്പംതന്നെ ശിവൻകുട്ടിയോട് പെൺകുട്ടിക്കുള്ള ദേഷ്യവും കടുത്ത പകയുമാണ് കൊലപാതകത്തിന് പ്രധാന പ്രേരണയായതെന്നാണ് പോലീസിന്റെ നിഗമനം. ശിവൻകുട്ടി തന്നോട് മോശമായി പെരുമാറിയതായി പെൺകുട്ടി സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.

പെൺകുട്ടി വളർന്നുവന്ന മോശം ജീവിതസാഹചര്യമാണ് കൊലപാതകത്തിന് പ്രേരണയായതെന്നാണ് പോലീസ് വിലയിരുത്തുന്നത്. പെൺകുട്ടിയുടെ അച്ഛൻ അമ്മയെ ഉപേക്ഷിച്ചു പോയതിനാൽ മാതാപിതാക്കൾ പിരിഞ്ഞായിരുന്നു കഴിഞ്ഞിരുന്നത്. മുതിർന്നവരുമായി വഴക്കിട്ട് പെൺകുട്ടി മുൻപും വീടുവിട്ടിറങ്ങിപ്പോയിട്ടുണ്ട്. അന്ന് പോലീസ് പെൺകുട്ടിയെ കണ്ടെത്തുകയും പിന്നീട് കുറച്ചുകാലം ആലപ്പുഴയിലെ സർക്കാർ സംരക്ഷണ കേന്ദ്രത്തിൽ താമസിപ്പിക്കുകയും ചെയ്തിരുന്നു.