കണ്ണൂര്‍: റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സ്പ്രസിന്റെ കോച്ചില്‍ തീയിട്ട കേസിലെ പ്രതി ബംഗാള്‍ സ്വദേശി പ്രസോന്‍ജിത്ത് സിദ്ഗറിനെ പോലീസ് അറസ്റ്റ് ചെയ്തത് സി.സി.ടി.വി. ദൃശ്യത്തിലൂടെ തിരിച്ചറിഞ്ഞ്.

To advertise here,

റെയില്‍വേ സ്റ്റേഷനോടുചേര്‍ന്നുള്ള ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ ഇന്ധനസംഭരണിയുടെ രാത്രികാവല്‍ക്കാരനാണ് ഇയാളെ തിരിച്ചറിഞ്ഞത്.

പുലര്‍ച്ചെ 1.10-ഓടെ ഷര്‍ട്ട് ധരിക്കാത്ത താടിയുള്ള ഒരാള്‍ മൂന്നാമത്തെ പ്ലാറ്റ്‌ഫോമിന് സമീപത്തുനിന്ന് എട്ടാമത്തെ ലൈനില്‍ നിര്‍ത്തിയിട്ട കോച്ചിന് സമീപത്തേക്ക് പോകുന്നത് കണ്ടതായിട്ടാണ് കാവല്‍ക്കാരന്‍ മൊഴി നല്‍കിയത്. ഇത് സാധൂകരിക്കുന്ന ദൃശ്യമാണ് ബി.പി.സി.എല്‍. കമ്പനിയുടെ സി.സി.ടി.വി.യില്‍നിന്ന് പോലീസിന് ലഭിച്ചത്.

കോച്ചില്‍നിന്ന് ലഭിച്ച വിരലടയാളം ഇയാളുടേതാണെന്ന് സ്ഥിരീകരിച്ചതോടെ അന്വേഷണം എളുപ്പമായി. പ്രതി പേരും വിലാസവും പലതവണ മാറ്റിപ്പറഞ്ഞത് പോലീസിന് ബുദ്ധിമുട്ടുണ്ടാക്കി.

കേരള പോലീസ് കൊല്‍ക്കത്തയില്‍

കൊല്‍ക്കത്ത പോലീസുമായി ബന്ധപ്പെട്ടാണ് കേരള പോലീസ് പ്രതിയുടെ വിവരങ്ങള്‍ സ്ഥിരീകരിച്ചത്.

ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ തേടി കണ്ണൂര്‍ സിറ്റി ഇന്‍സ്‌പെക്ടര്‍ ബിജു പ്രകാശിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കൊല്‍ക്കത്തയിലെത്തി. ഐ.ജി. നീരജ്കുമാര്‍ ഗുപ്ത തീവെപ്പുണ്ടായ കോച്ചും സ്ഥലവും പരിശോധിച്ചു.

വെള്ളിയാഴ്ച രാവിലെ കണ്ണൂരിലെത്തിയ ആര്‍.പി.എഫ്. ഡി.ഐ.ജി. സന്തോഷ് എന്‍.ചന്ദ്രനും കോച്ച് പരിശോധിച്ചു. സിറ്റി കമ്മിഷണര്‍ അജിത്കുമാര്‍, കണ്ണൂര്‍ ടൗണ്‍ എ.സി.പി. ടി.കെ.രത്‌നകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്.

റെയില്‍വേ സ്റ്റേഷനിലെ എട്ടാം ട്രാക്കില്‍ നിര്‍ത്തിയിട്ടിരുന്ന ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന് വ്യാഴാഴ്ച പുലര്‍ച്ചെ 1.20-നാണ് തീവെച്ചത്. എലത്തൂരിലെ തീവണ്ടി തീവെപ്പുകേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി ഈ സംഭവത്തെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.

ഇനിയറിയേണ്ടത് ചില ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍

കണ്ണൂര്‍: തീവണ്ടി തീവെപ്പില്‍ ഇനിയറിയാനുള്ളത് ചില ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍. കസ്റ്റഡിയിലുള്ള ബംഗാള്‍ സ്വദേശിയായ ഭിക്ഷാടകന്‍ പ്രസോന്‍ജിത്ത് സിദ്ഗറിലൂടെയാണ് തീവെപ്പ് നടത്തിയ ഘട്ടങ്ങള്‍ അറിയേണ്ടത്. ഇയാളാണ് കോച്ച് കത്തിച്ചതെന്ന് ഉത്തരമേഖല ഐ.ജി. നീരജ് കുമാര്‍ ഗുപ്ത വ്യക്തമാക്കിയിട്ടുണ്ട്. ഭിക്ഷാടനം തടഞ്ഞതിലുള്ള നിരാശയും മാനസിക സംഘര്‍ഷവുമാണ് തീവണ്ടിക്ക് തീയിടാനുള്ള പ്രകോപനമെന്നും പോലീസ് വ്യക്തമാക്കുന്നു. എന്നാല്‍ പോലീസ് ഇതുപറയുമ്പോള്‍ അത്ര ലളിതമല്ല കാര്യങ്ങള്‍.

എങ്ങനെയാണ് തീവണ്ടിക്കുള്ളില്‍ കടന്നതെന്നത് ഉത്തരം കിട്ടേണ്ട പ്രധാന ചോദ്യമാണ്. റെയില്‍വേ യാര്‍ഡിലെ എട്ടാംലൈനില്‍ വേണ്ടത്ര പ്രകാശമില്ലാത്തത് പ്രതിക്ക് സൗകര്യമായിട്ടുണ്ടാകാം. എന്നാല്‍ തീവണ്ടിയുടെ പിറകില്‍നിന്ന് മൂന്നാമത്തെ കോച്ചില്‍ കയറിയാണോ തീവച്ചത് എന്നത് തെളിയിക്കണം. വണ്ടിയുടെ ലോക്ക് ചെയ്യാത്ത വാതിലിലൂടെയാണ് കയറിയതെങ്കില്‍ റെയില്‍വേ സുരക്ഷയില്‍ വലിയ വീഴ്ചയുണ്ട്. കോച്ചിന്റെ ലോക്ക് പൊളിച്ചുകയറുകയെന്നത് പ്രയാസമാണ്.

കോച്ചിന്റെ പുറത്തെ ജനല്‍ഗ്ലാസ് പൊളിഞ്ഞിട്ടുണ്ട്. അതിലൂടെ ഉള്ളിലേക്ക് കയറാനാകില്ല. ഇത് എന്തിനാണ് ചെയ്തതെന്നതിന്റെ ഉത്തരവും കിട്ടേണ്ടതുണ്ട്. കോച്ചിനുള്ളിലെ ഒരു കണ്ണാടിയും പൊളിച്ചിട്ടുണ്ട്. ഇതിന്റെ പ്രേരണയും സ്ഥിരീകരിക്കാനുണ്ട്. ഉള്ളില്‍ കയറാതെ ഇത് പൊളിക്കാനാകില്ല.

സ്ഥിരമായി ബീഡി വലിക്കാറുള്ള ആളാണ് പ്രസോന്‍ജിത്ത് എന്ന് പോലീസ് പറയുന്നു. അയാളുടെ കൈയില്‍ തീപ്പെട്ടിയുണ്ടായിരുന്നുവെന്നും വിശദീകരിക്കുന്നു. എന്നാല്‍ പെട്രോളോ മറ്റു ഇന്ധനമോ ഇല്ലാതെ വളരെ വേഗം കോച്ചിന് തീപിടിപ്പിക്കാന്‍ ഒരു തീപ്പെട്ടി കൊണ്ടുമാത്രം സാധിക്കില്ല. ജനല്‍ഗ്ലാസ് പൊളിച്ചത് ഇന്ധനം ഒഴിക്കാനാണോ എന്ന് വ്യക്തമായിട്ടില്ല. സി.സി.ടി.വി. ദൃശ്യത്തില്‍ ഇയാളുടെ കൈയില്‍ കാനുമുണ്ടെന്ന സൂചനയുണ്ടായിരുന്നു. എന്നാല്‍ ഫൊറന്‍സിക് വിദഗ്ധരുടെ പരിശോധനയില്‍ ബോട്ടില്‍, കാന്‍ ഉള്‍പ്പെടെയുള്ളവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല.

പേരും വിലാസവും പലതവണ മാറ്റിപ്പറഞ്ഞ പ്രസോന്‍ജിത്ത് ഭിക്ഷാടകനാണോ എന്നതടക്കം പോലീസിന് സ്ഥിരീകരിക്കാനുണ്ട്.