കൊച്ചി: തൃക്കാക്കരയിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിന്റെ പേരില്‍ വ്യാജ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ രണ്ടുപേര്‍കൂടി പിടിയില്‍. എറണാകുളം ഗവ. മെഡിക്കല്‍ കോളേജ് ജീവനക്കാരന്‍ കളമശ്ശേരി എച്ച്.എം.ടി. കോളനിയിലെ അരിമ്പാറ കെ. ഷിബു (48), കണ്ണൂര്‍ കേളകം അടയ്ക്കാത്തോട് സ്വദേശി ഇരമ്പിപ്ലാക്കല്‍ അബ്ദുള്‍ റഹ്‌മാന്‍ (36) എന്നിവരെയാണ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്.

To advertise here,

മെഡിക്കല്‍ കോളേജില്‍ ശുചീകരണ വിഭാഗം ജീവനക്കാരനായ ഷിബു വീഡിയോ മറ്റു ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചതായി കണ്ടെത്തി. കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്ത് തൃക്കാക്കര പോലീസിന് കൈമാറിയ പ്രതിയെ ഇടക്കാല ജാമ്യത്തില്‍ വിട്ടയച്ചു. ഇയാളുടെ ഫോണുള്‍പ്പെടെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത താത്കാലിക ജീവനക്കാരനെ പിരിച്ചുവിട്ടതായി എറണാകുളം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചു. തൃക്കാക്കര പോലീസ് സ്റ്റേഷനില്‍ നിന്ന് അറിയിപ്പ് ലഭിച്ചതു പ്രകാരമാണ് നടപടിയെന്ന് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.

വ്യാജവീഡിയോ പ്രചരിപ്പിച്ച കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. പാലക്കാട് ആമയൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ടി.കെ. അബ്ദുള്‍ ഷുക്കൂര്‍, തേങ്കുറിശി കോണ്‍ഗ്രസ് മണ്ഡലം എക്സിക്യുട്ടീവ് കമ്മിറ്റി അംഗം അരിയക്കോട് നൊച്ചിപ്പാടം ശിവദാസന്‍ എന്നിവരെ മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. വീഡിയോ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്തയാളെ കണ്ടെത്താനുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. എം. സ്വരാജിന്റെ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.