പാലക്കാട്: നെന്മാറ പോത്തുണ്ടി സജിത വധക്കേസില്‍ പ്രതി പോത്തുണ്ടി തിരുത്തമ്പാടം ബോയന്‍സ് നഗറിലെ ചെന്താമരയ്ക്ക് (53) ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച കോടതി നടത്തിയത് സുപ്രധാന നിരീക്ഷണങ്ങള്‍. സജിത വധക്കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസല്ലെന്ന് വ്യക്തമാക്കിയാണ് ചെന്താമരയെ ഇരട്ട ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചത്. ശിക്ഷ വിധിക്കുന്നതിന് മുമ്പായി ജാമ്യത്തിലിറങ്ങിയശേഷം പ്രതി നടത്തിയ ഇരട്ടക്കൊലപാതകത്തെക്കുറിച്ചും കോടതി പരാമര്‍ശിച്ചു.
ചെന്താമരയുടെ മാനസികനില ഭദ്രമല്ലെന്ന വാദമാണ് പ്രതിഭാഗം ഏറ്റവും കൂടുതല്‍ ഉയര്‍ത്തിയത്. ഇത് കോടതി പൂര്‍ണമായും തള്ളിക്കളഞ്ഞു. ഇയാളുടെ മാനസികനിലയില്‍ യാതൊരു പ്രശനവുമില്ലെന്നും കോടതി നിരീക്ഷിച്ചു. ചെന്താമരയുടെ മാനസികനില ഭദ്രമാണെന്നു പറഞ്ഞ കോടതി ഇയാള്‍ സ്ഥിരം കുറ്റവാസനയുള്ള ആളാണെന്നും കൊല നടത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്നും വ്യക്തമാക്കി.
പ്രതി കുറ്റം ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. അതിനാല്‍ പരോള്‍ നല്‍കുകയാണെങ്കില്‍ സാക്ഷികള്‍ക്കും ഇരകള്‍ക്കും പൂര്‍ണ സുരക്ഷ ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശിച്ചു. ഇയാളുടെ സ്വഭാവം മാറുമെന്നോ നല്ലവനാകുമെന്നോ പ്രതീക്ഷയില്ലെന്നും സജിതയുടെ മക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വ്യക്തമാക്കി. പ്രതി മാനസാന്തരപ്പെടുമെന്ന് പ്രതീക്ഷയില്ലെന്നും കോടതി വിധി ന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
2019 ഓഗസ്റ്റ് 31-ന് നടത്തിയ ആദ്യ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് ശിക്ഷ. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ചെന്താമര കഴിഞ്ഞ ജനുവരി 27-ന് സജിതയുടെ ഭര്‍ത്താവ് സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരെയും വെട്ടിക്കൊലപ്പെടുത്തിയിരുന്നു.
അയല്‍വാസിയായിരുന്ന നെന്മാറ പോത്തുണ്ടി തിരുത്തമ്പാടം ബോയന്‍സ് നഗറിലെ സജിതയെ (35) ചെന്താമര വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍സ് കേസ്. ഭാര്യയും മകളും പിണങ്ങിപ്പോയതിനു പിന്നില്‍ സജിതയ്ക്കും പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. വീടിന്റെ പിറകുവശത്തുള്ള വാതിലിലൂടെ അകത്തുകയറിയാണ് സജിതയെ വെട്ടിയത്. മരണം ഉറപ്പാക്കിയ ശേഷം വീട്ടില്‍തിരിച്ചുവന്ന് വെട്ടാനുപയോഗിച്ച കത്തി അലമാരയ്ക്കടിയില്‍ ഒളിപ്പിക്കുകയും രക്തക്കറ പുരണ്ട ഷര്‍ട്ട് കത്തിച്ചുകളയുകയും ചെയ്തു. തുടര്‍ന്ന് പോത്തുണ്ടി വനമേഖലയില്‍ ഒളിച്ചുകഴിയുകയായിരുന്ന ചെന്താമരയെ രണ്ടുദിവസത്തെ തിരിച്ചിലിനൊടുവിലാണ് പിടികൂടിയത്.
Content Highlights: Kerala court sentences habitual offender Chenthemara to double life imprisonment for a meticulously planned murder, rejecting mental instability claims. Suspect`s risk of re-offending noted.
Published: 18 Oct 2025, 12:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented