ചെന്നൈ: ചതുപ്പിലൊളിച്ച കവർച്ചസംഘത്തെ നാട്ടുകാർ ഡ്രോൺ ക്യാമറയുടെ സഹായത്തോടെ പിന്തുടർന്ന് പിടികൂടി പോലീസിലേൽപ്പിച്ചു. തമിഴ്‌നാട്ടിൽ ചെങ്കൽപ്പെട്ട് ജില്ലയിലെ മധുരാന്തകത്താണ് സംഭവം.

To advertise here,

വേടവാക്കം സ്വദേശിയായ പാർഥസാരഥി വീടുപൂട്ടി ചെന്നൈയിലേക്കുപോയ സമയംനോക്കിയാണ് മൂന്നു യുവാക്കൾ കവർച്ച നടത്താനെത്തിയത്.

മകൻ സൂര്യ വീട്ടിലെത്തിയപ്പോൾ പൂട്ടുതകർത്ത് വാതിൽ തുറന്ന നിലയിലായിരുന്നു. കവർച്ചസംഘത്തിലെ രണ്ടുപേർ വീട്ടിനകത്തായിരുന്നു. ഒരാൾ പുറത്തും. സൂര്യയെ കണ്ടതോടെ പുറത്തുള്ള യുവാവ് ബൈക്കിൽ രക്ഷപ്പെട്ടു. മറ്റു രണ്ടുപേർ പിൻവശത്തുകൂടി ഓടി അടുത്തുള്ള ചതുപ്പിലിറങ്ങി ഒളിച്ചു.

നാട്ടുകാരെ വിളിച്ചുകൂട്ടി സൂര്യ തിരച്ചിൽ നടത്തിയെങ്കിലും വിശാലമായ ചതുപ്പിൽ എവിടെയാണ് കവർച്ച സംഘം ഒളിച്ചിരിക്കുന്നതെന്ന് മനസ്സിലായില്ല. തുടർന്നാണ് ക്യാമറ ഘടിപ്പിച്ച ഡ്രോൺ ഉപയോഗിച്ചത്.

ചതുപ്പിനു മുകളിലൂടെ ഡ്രോൺ പറത്തിയപ്പോൾ കവർച്ചക്കാരുടെ ഒളിയിടം കണ്ടുപിടിച്ചു. ഇതോടെ, നാട്ടുകാർ ചതുപ്പിലിറങ്ങി രണ്ടു യുവാക്കളെയും പിടികൂടി കൈകാര്യംചെയ്തശേഷം പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ചെന്നൈ സ്വദേശികളായ സഞ്ജയ് (22), ജോൺസൺ (20) എന്നിവരാണ് അറസ്റ്റിലായത്. ബൈക്കിൽ രക്ഷപ്പെട്ട മൂന്നാമനായി അന്വേഷണം നടക്കുകയാണ്.