ചേലക്കര: ആഘോഷങ്ങൾക്ക് പൊലിമകൂട്ടാൻ അടിച്ചിറക്കുന്ന കളിനോട്ടുകൾ ആളെ പറ്റിക്കാൻ ഉപയോഗിക്കുന്നു. ലോട്ടറി വിൽപ്പനക്കാരും കലാകാരന്മാരുമാണ് പറ്റിക്കപ്പെട്ടവരിൽ ഏറെയും. ആഘോഷവേളയിൽ ആനയ്ക്ക് നെറ്റിപ്പട്ടത്തിൽ അണിയിക്കാനും ഘോഷയാത്രകൾക്കുമായാണ് ഇത്തരം നോട്ടുകൾ അച്ചടിക്കുന്നത്.

To advertise here,

വലുപ്പത്തിലും രൂപത്തിലും ഒരേപോലുള്ള നോട്ടുകൾ ഒറ്റ നോട്ടത്തിൽ തിരിച്ചറിയാനാകില്ല. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എന്നതിനു പകരം ചിൽഡ്രൻ ബാങ്ക് ഓഫ് ഇന്ത്യ എന്ന് എഴുതിയിരിക്കുന്നതാണ് പ്രത്യക്ഷത്തിലുള്ള വ്യത്യാസം. നോട്ട് കൈയിൽപ്പിടിച്ച് നോക്കിയാൽ വ്യത്യാസം മനസ്സിലാകുമെങ്കിലും കാഴ്ചപരിമിതരും വയോജനങ്ങളും പറ്റിക്കപ്പെടുകയാണ്.

പൂരപ്പറമ്പിൽനിന്നു കിട്ടിയത് നാലായിരം രൂപയുടെ കളിനോട്ട്

‘‘ഇത്തവണത്തെ സീസണിൽ വിവിധ സ്ഥലങ്ങളിൽനിന്നായി നാലായിരം രൂപയുടെ കളിനോട്ടാണ് കിട്ടിയത്. നൽകിയവരിൽ കമ്മിറ്റിക്കാരും ഉൾപ്പെടും’’-വേദനയോടെ കുറുംകുഴൽ കലാകാരൻ മണികണ്ഠൻ ചേലക്കര പറഞ്ഞു. 25 വർഷത്തോളമായി ചെണ്ടവാദ്യത്തിലെ കുറുംകുഴൽ കലാകാരനായിട്ട്. ആദ്യമായാണ് ഇത്തരം അനുഭവം. മേളപ്രമാണികർക്കുവരെ ഇത്തരം ദുരനുഭവങ്ങളുണ്ടായിട്ടുണ്ട്. നാണക്കേടു കാരണം പുറത്തുപറയാത്തതാണ്.

ഇത്തരം നോട്ടുകൾ നിർത്തലാക്കണം. വെങ്ങാനെല്ലൂർ ചങ്ങംചാർത്ത് വീട്ടിൽ മണികണ്ഠൻ ചേലക്കര പറഞ്ഞു.

കഷ്ടപ്പെടുന്നവരാണ്, പറ്റിക്കരുത്

‘‘നൂറുരൂപ നൽകി രണ്ട് ലോട്ടറിയുമെടുത്ത് ബാക്കി 20 രൂപയുമായി യുവാവ് മടങ്ങി. ലോട്ടറിവിൽപ്പന കഴിഞ്ഞ് ഏജൻസിക്ക് പണം നൽകി മടങ്ങാനിരിക്കെയാണ് നോട്ടിലെ കബളിപ്പിക്കൽ മനസ്സിലാകുന്നത്. കളിനോട്ടാണെന്നറിഞ്ഞതോടെ അന്നത്തെ കച്ചവടമാകെ നഷ്ടത്തിലായി’’-ലോട്ടറിവിൽപ്പനത്തൊഴിലാളിയായ എ.ടി. ഫ്രാൻസിസ് പറയുന്നു. 

‘‘മിക്ക ലോട്ടറി തൊഴിലാളികളും വ്യാപാരസ്ഥാപനങ്ങളും ഇത്തരത്തിൽ പറ്റിക്കപ്പെട്ടിട്ടുണ്ട്. പാവങ്ങളെ പറ്റിക്കരുത്, അപേക്ഷയാണ്’’- ഫ്രാൻസിസ് പറഞ്ഞു.